ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’– ദിനപത്രത്തിനെതിരെയും കേസിലെ ഹര്‍ജിക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.
ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതായും ഇത്തരം രേഖകള്‍ കോടതി പരിഗണിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. പുതിയ രേഖകളൊന്നും കോടതി പരിഗണിക്കില്ലെന്നും നേരത്തെ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ മാത്രമേ കോടതി കേള്‍ക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. രാജ്യത്തിന് യുദ്ധ വിമാനങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
രണ്ടു മാധ്യമങ്ങള്‍ക്കും ഒരു അഭിഭാഷകനും എതിരെ ക്രിമിനല്‍ നടപടി എടുക്കുമെന്നും കോടതിയെ സ്വാധീനിക്കാനാണ് ഇത്തരം രേഖകള്‍ ഉപയോഗിച്ച് നിരന്തരം വാര്‍ത്തകള്‍ വരുത്തുന്നതെന്നും എജി ആരോപിച്ചു. റഫാല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ അഡ്വ. പ്രശാന്ത് ഭൂഷണ് നല്കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവേയാണ് പ്രതിരോധ ഫയലുകള്‍ മോഷ്ടിച്ചതായി കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും കേള്‍ക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി തള്ളി. മാര്‍ച്ച് 14ന് വൈകിട്ട് മൂന്നു മുതല്‍ ഹര്‍ജി കോടതി പരിഗണിക്കും.
രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും വിവരാവകാശ നിയമനത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതീവ രഹസ്യം എന്ന് രേഖപ്പെടുത്തിയ രേഖകള്‍ ആണ് ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താനുള്ളതല്ല. ഈ രേഖകള്‍ കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുക വഴി പ്രശാന്ത് ഭൂഷണും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, കെ.കെ വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഹിന്ദു ദിനപത്രം പ്രതിരോധ രേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുകളില്‍ ‘അതീവ രഹസ്യം’- എന്ന് എഴുതിയത് മായ്ച്ചു കളഞ്ഞതായും എജി കോടതിയെ അറിയിച്ചു. ഔദ്യോഗിക രഹസ്യ രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് നാലു മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലോകം മുഴുവന്‍ ഈ രേഖകള്‍ പ്രചരിപ്പിച്ചതുവഴി എത്ര വലിയ ദ്രോഹമാണ് ഈ രാജ്യത്തോട് ഇവര്‍ ചെയ്തത്, എജി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവ് ഇട്ടാല്‍ അത് രാജ്യത്തിന് ഉണ്ടാക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും കെ.കെ. വേണുഗോപാല്‍ വാദിച്ചു.
പ്രതിരോധ കരാറുകള്‍ ഭരണപരമായ വിഷയമാണെന്നും ലോകത്ത് ഇന്ത്യയില്‍ മാത്രമേ അത് ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാകൂ എന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പ്രതിരോധ വിഷയങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത് സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്.
റഫാലുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റിന്റെ പരിഗണനയിലാണുള്ളത്. അത് പാര്‍ലമെന്റ് കൈകാര്യം ചെയ്യട്ടെ. സുപ്രീംകോടതി കരുതലോടെ വേണം വിഷയം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: