ന്യൂദല്‍ഹി: അത്യന്താധുനിക നാലാം ജനറേഷന് യുദ്ധവിമാനമായ അമേരിക്കയുടെ എഫ് 16 വെടിവെച്ചിട്ട അരനൂറ്റാണ്ട് പഴക്കമുള്ള മിഗ് 21 ആണ് ആഗോളതലത്തിലെ പ്രതിരോധ മേഖലയിലെ ചര്‍ച്ച. റഷ്യന്‍ നിര്‍മിത മിഗ് 21 ല്‍ ഇന്ത്യ തദ്ദേശീയമായി വരുത്തിയ മാറ്റങ്ങളും ഇന്ത്യന്‍ പൈലറ്റുമാരുടെ മികവും എഫ് 16ന്റെ പോരായ്മകളുമടക്കം പ്രതിരോധ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് അഭിനന്ദന്റെ ധീരത വഴിവെച്ചത്.
ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ഇരുപതിലധികം വിമാനങ്ങള്‍ അടങ്ങുന്ന പാക് വ്യോമസേനാ സ്ക്വാഡ്രണ്‍ രജൗറിയിലെ ഇന്ത്യന്‍ കരസേനയുടെ ബ്രിഗേഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ലക്ഷ്യമിട്ട് എത്തിയത്. എഫ് 16, ജൈഫ് 17, മിറാഷ് 3 വിമാനങ്ങളുമായാണ് പാക് വ്യോമാക്രമണം. എന്നാല്‍ ആകാശത്ത് പെട്രോളിംഗ് നടത്തുകയായിരുന്ന സുഖോയ് 30, മിറാഷ് 2000, മിഗ് 21 വിമാനങ്ങളുമായി ഇന്ത്യ, പാക് യുദ്ധവിമാനങ്ങളെ പ്രതിരോധിച്ചു. പാക്കിസ്ഥാന്റെ നാല് എഫ്16 വിമാനങ്ങളിലൊന്നിനെ പ്രതിരോധിക്കേണ്ട ചുമതലയായിരുന്നു അഭിനന്ദന് ലഭിച്ചത്. മിഗ് 21 വിങ് കമാന്‍ഡറായ അഭിനന്ദന്റെ മികവ് പ്രകടമായ ആകാശയുദ്ധമാണ് പിന്നീട് നടന്നത്. മിഗ് 21ല്‍ നിന്നുള്ള വെടിയേറ്റ്് തിരികെ പറന്ന എഫ് 16ന് പിന്നാലെ പാക്കിസ്ഥാന്റെ ആകാശ അതിര്‍ത്തിയിലേക്ക് അഭിനന്ദന് മിഗ് 21 പറത്തുകയായിരുന്നു. മിഗ് 21ലെ ആര് 73 മിസൈല്‍ ഏറ്റാണ് എഫ് 16ന് താഴെ വീണത്. എഫ് 16 പറത്തിയ പൈലറ്റിനെ പാക്കിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യന്‍ പൈലറ്റെന്ന് തെറ്റിദ്ധരിച്ച് ക്രൂര മര്‍ദനത്തിന് വിധേയമാക്കിയിരുന്നു. ഇയാള്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ്. ഇതും പാക്കിസ്ഥാന് നാണക്കേടായി.
അഭിനന്ദന്റെ മിഗിന് തൊട്ടു പിന്നാലെ ഉണ്ടായിരുന്ന പാക്കിസ്ഥാന്റെ മറ്റൊരു യുദ്ധ വിമാനത്തില്‍ നിന്നുള്ള പ്രഹരമേറ്റോ സാങ്കേതിക തകരാര്‍ മൂലമോ അഭിനന്ദന്റെ മിഗ് 21 തകര്‍ന്നു വീണു. എഫ് 16ന്റെ അതീവ പ്രഹരശേഷിയുള്ള അംറാം മിസൈലേറ്റാവണം മിഗ് 21 താഴെ വീണതെന്നാണ് അനുമാനം. എഫ് 16ന് പിന്നാലെ പറക്കുന്ന അഭിനന്ദിന്റെ മിഗ് 21ന്റെ വീഡിയോ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ 1960കളിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിഗ് 21 എങ്ങനെ അത്യന്താധുനിക യുദ്ധവിമാനമായ എഫ് 16 വെടിവെച്ചിട്ടു എന്ന ആശ്ചര്യം ഇനിയും ലോകരാജ്യങ്ങള്‍ക്ക് മാറിയിട്ടില്ല.
ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ മികവിനെയാണിത് വ്യക്തമാക്കുന്നതെന്നാണ് അമേരിക്കന്‍, ഇറ്റാലിയന്‍ പ്രതിരോധ മാധ്യമ പ്രവര്‍ത്തകര്‍ വിലയിരുത്തിയത്. എഫ് 16ന് തകര്‍ന്നു വീണ വാര്‍ത്ത അമേരിക്കന്‍ സൈന്യത്തെ അത്യധികം നാണക്കേടിലാക്കിയിട്ടുണ്ട്. എഫ് 16ന്റെ ശേഷിയെപ്പറ്റിയുള്ള സംശയങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ ഉയര്‍ത്തുന്നത്. അതിനിടെ താലിബാന് അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ ഉപയോഗിക്കാനായി അമേരിക്ക പാക്കിസ്ഥാന് നല്കിയ എഫ് 16 വിമാനങ്ങള്‍ ഇന്ത്യക്കെതിരെ ഉപയോഗിച്ചതിലുള്ള അമേരിക്കന്‍ അതൃപ്തി ഏറുകയാണ്. കരാര്‍ ലംഘനമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ഉയരുന്ന വിമര്‍ശനം. തങ്ങള്‍ എഫ് 16 ഇന്ത്യക്കെതിരെ ഉപയോഗിച്ചിട്ടില്ലെന്ന് പാക് സൈന്യം ആവര്‍ത്തിച്ചപ്പോള്‍ എഫ് 16ലെ അംറാം മിസൈലുകളുടെ ഭാഗങ്ങള്‍ ഇന്ത്യ ഇന്നലെ പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: