കുമളി: വിളവെടുപ്പ് ആരംഭിച്ചതോടെ കറുത്ത പൊന്നിന് കഷ്ടകാലം, ഒപ്പം കര്‍ഷകര്‍ക്ക് ദുരിതവും. കുരുമുളക് വില കിലോയ്ക്ക് 330 രൂപയാണ് ഇപ്പോഴത്തെ ആഭ്യന്തര വിപണി വില.
ഒരു മാസത്തിനിടെ മാത്രം കിലോയ്ക്ക് 30 രൂപ കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 50 ശതമാനത്തില്‍ താഴെ മാത്രമാണ് ഇക്കൊല്ലത്തെ ഉത്പാദനം. എങ്കിലും പ്രതിദിനം മൂന്ന് രൂപ വരെ കുറയുന്ന സാഹചര്യമാണ്. 2017ല്‍ ഒരുകിലോ അണ് ഗാര്‍ബിള്‍ഡ് കുരുമുളകിന് 700 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 450 രൂപയായി. രണ്ട് വര്‍ഷത്തിനിടെ കുരുമുളക് വില നേര് പകുതിയായി കുറഞ്ഞു.
പ്രളയത്തില്‍ ഇടുക്കി ജില്ലയിലെ മിക്ക ഭാഗങ്ങളിലും കുരുമുളക് ചെടികള്‍ പൂര്‍ണമായി നശിച്ചു. മാസങ്ങള്‍ നീണ്ടുനിന്ന മഴക്കാലത്തെ അതിജീവിച്ച ചെടികളില്‍ നാമമാത്രമാണ് ഉത്പാദനം. വിളവെടുപ്പിന് ഭീമമായ തുക ചെലവാകുമ്പോള്‍ ഉത്പന്നം വിറ്റാല്‍ കര്ഷകന് തുച്ഛമായ തുകയാണ് കൈയില്‍ കിട്ടുക.
കുരുമുളക് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക കൊണ്ട് ബാങ്കുകളിലെ വാര്‍ഷിക സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന കര്‍ഷകര്‍ ഇക്കുറി നിത്യച്ചെലവിന് പണമില്ലാതെ വലയുന്നു. കുരുമുളക് കൃഷിയെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന ചെറുകിട കര്‍ഷകരെയാണ് സാരമായി ബാധിച്ചത്. വിവാഹം, വിദ്യാഭ്യാസം, ഗൃഹനിര്‍മാണം എന്നിവയെല്ലാം മുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: