തൃശൂര്‍: സാധ്യതാ പട്ടികകള്‍ പൂര്‍ത്തിയായിത്തുടങ്ങിയതോടെ ഇടതുമുന്നണിയില്‍ സീറ്റിനായുള്ള അടി മുറുകി. ഒട്ടുമിക്ക സീറ്റിലും ഒന്നിലേറെ പേരുകള്‍ സജീവമായി ഉയര്‍ന്നതോടെയാണ് പോര് കടുക്കുന്നത്. സിപിഎം, സിപിഐ ജില്ലാ കമ്മിറ്റികളാണ് തങ്ങളുടെ സാധ്യതാപട്ടിക നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്.
മൂന്ന് പേരുകള്‍ വീതം നിര്‍ദ്ദേശിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ചില മണ്ഡലങ്ങളില്‍ നാലും അഞ്ചും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയുന്ന ഒരു പേരും പിന്നെ ജില്ലാ നേതൃത്വത്തിലെ അപ്രധാനമായ രണ്ട് പേരുകളും എഴുതി നല്കലായിരുന്നു മുന്‍പ് ഇടത് മുന്നണിയിലെ രീതി. ഇന്ന് സ്ഥിതി മാറി. സ്ഥാനാര്‍ത്ഥിയാവാന്‍ അരയും തലയും മുറുക്കി നേതാക്കള്‍ തന്നെ രംഗത്തുണ്ട്. അവര്‍ക്കുവേണ്ടി വാദിക്കാന്‍ അണികളും. ഇതോടെയാണ് മൂന്നും നാലും പേരുകള്‍ സജീവമായി ഉയരുന്നത്. പക്ഷേ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതാകും.
കണ്ണൂരില്‍ പി. ജയരാജനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ശ്രീമതിക്ക് പകരം ജയരാജനെ മത്സരിപ്പിക്കാനായിരുന്നു ആദ്യ ആലോചന. ഷുക്കൂര്‍ വധക്കേസ് ജയരാജന് തിരിച്ചടിയായി. ജയരാജനെ മത്സരരംഗത്തിറക്കുന്നത് മുസ്ലിം വോട്ടുകള്‍ സംസ്ഥാന വ്യാപകമായി നഷ്ടപ്പെടാനിടയാക്കുമെന്ന് നേതാക്കള്‍ തന്നെ പറയുന്നു. സാധ്യതാ പട്ടികയില്‍ ഉണ്ടെങ്കിലും പി.കെ. ശ്രീമതിക്കാണ് പ്രഥമ പരിഗണന. ഇതില്‍ ജയരാജന് കടുത്ത നീരസത്തിലുമാണ്. വടകര സീറ്റിലേക്കും ജയരാജന്റെ പേര് സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വം ജയരാജന് മത്സരരംഗത്ത് വേണ്ട എന്ന നിലപാടിലാണ്.
പാലക്കാട് എം.ബി. രാജേഷിനാണ് പ്രഥമ പരിഗണന. മുന്‍ എംപി എന്‍.എന്‍ കൃഷ്ണദാസ് അവകാശവാദവുമായി രംഗത്തുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായതിന്റെ ക്ഷീണത്തിലാണ് കൃഷ്ണദാസ്. ജില്ലാ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം രാജേഷിനെതിരാണ്.
തൃശൂരില്‍ സിപിഐ സാധ്യതപ്പട്ടികയില്‍ മൂന്ന് പേരാണ് ഇടം പിടിച്ചത്. സിറ്റിങ് എംപി സി.എന്‍. ജയദേവന് പുറമേ കെ.പി. രാജേന്ദ്രന്, രാജാജി മാത്യു തോമസ് എന്നിവരും പട്ടികയിലുണ്ട്. ജയദേവന് ഒരൂഴം കൂടി നല്കാന് സിപിഎമ്മിന് താത്പര്യമില്ല എന്നാണ് സൂചന. എന്നാല്‍ കഴിഞ്ഞ ദിവസം സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ജയദേവന് രംഗത്ത് വന്നത് മുന്നണി നേതൃത്വത്തെ ഞെട്ടിച്ചു. മാറിനില്‍ക്കേണ്ട കാര്യമില്ല എന്നാണ് ജയദേവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കെ.പി. രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഐ നേതൃത്വത്തിനും താത്പര്യം. പക്ഷേ ജയദേവന് ഇടഞ്ഞ് നില്ക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ല.
ഏക സിറ്റിങ് എംപി എന്ന നിലയില്‍ ജയദേവന് ഒരൂഴം കൂടി നല്കി പ്രശ്നം പരിഹരിക്കണമെന്നും സിപിഎമ്മിന്റെ നിര്‍ദ്ദേശത്തിന് വഴങ്ങരുതെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. മന്ത്രി വി.എസ്. സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലാ കമ്മിറ്റിയില്‍ ചിലര്‍ ആവശ്യപ്പെട്ടെങ്കിലും തനിക്ക് മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച് സുനില്‍കുമാര്‍ തടിയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: