തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഖജനാവ് കാലിയായതിനാല്‍ ബില്ലുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം. ധനമന്ത്രാലയം അറിയാതെ ബില്ലുകള്‍ മാറി നല്‍കരുതെന്ന് അതീവ രഹസ്യ നിര്‍ദേശവും നല്കി.
സാമ്പത്തിക വര്‍ഷാവസാനം പ്രഖ്യാപിച്ച ട്രഷറി നിയന്ത്രണം വരും മാസങ്ങളിലും വേണ്ടിവരുമെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ധനവകുപ്പ് അതീവ രഹസ്യ സര്‍ക്കുലര്‍ വകുപ്പു സെക്രട്ടറിമാര്‍ക്ക് കൈമാറിയത്. രണ്ടായിരത്തിലെ പ്രതിസന്ധി ഘട്ടത്തിനു തുല്യമാണ് നിലവിലെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ശമ്പളവും പെന്‍ഷനും നല്‍കാനുള്ള പണം മാത്രമാണ് ഇപ്പോള്‍ ട്രഷറിയിലുള്ളത്. ട്രഷറിയില്‍ ശേഷിക്കുന്നത് 4000 കോടി രൂപ മാത്രം. ശമ്പളവും പെന്‍ഷനും നല്കാന് ഇത്രയും തുക വേണം. ട്രഷറി പൂട്ടേണ്ട ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകളൊന്നമില്ല.
കരാര്ബില്ലുകള് എല്ലാം ഈ മാസം മാറി നല്‍കണം. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് വാര്‍ഷിക പദ്ധതി പ്രക്രാരം നല്‍കേണ്ട തുകയും മാര്‍ച്ച് അവസാനം നല്‍കണം. എന്നാല്‍, ക്ഷേമ പെന്‍ഷനുകള്‍ നല്കാന് പോലും ട്രഷറിയില്‍ പണമില്ല. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സഹകരണ ബാങ്കുകളില്‍ നിന്ന് 5000 കോടി രൂപ വായ്പ എടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന് നടപടിക്രമങ്ങളായിട്ടില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ പണം നല്‍കാനാവില്ലെന്ന് കാണിച്ച് ബാങ്കുകളും വിമുഖത കാണിക്കുന്നു.
അടിയന്തര പ്രാധാന്യമുള്ള ബില്ലുകള്‍ക്ക് മാത്രം അനുമതി നല്കി, മറ്റുള്ളവ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവയ്ക്കാനാണ് നിര്‍ദേശം. ബില്ലുകള്‍ മാറ്റാനാകാത്തതോടെ കരാര്‍ പണികള്‍ നിലയ്ക്കും. നവകേരളത്തിന്റെയും പ്രളയദുരന്തത്തിനു ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലയ്ക്കും. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കിഫ്ബിയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ നിഷേപങ്ങള്‍ എല്ലാം കിഫ്ബിയിലേക്കാണ് പോകുന്നത്. കടപ്പത്രം പുറപ്പെടുവിച്ച് ലേലത്തിലൂടെ സ്വരൂപിക്കാവുന്ന പണത്തിന്റെ പരിധിയുമായി. ഇനി സാമ്പത്തിക അടിയന്തരാവസ്ഥ പോലുള്ളവ നടപ്പാക്കേണ്ടി വരുമെന്ന് ധനകാര്യവകുപ്പുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: