ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ ഉടന്‍ തിരികെ നല്‍കിയില്ലെങ്കില്‍ പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് ആക്രമണം ആരംഭിക്കുമെന്ന ഇന്ത്യന്‍ അന്ത്യശാസനം ഫലംകണ്ടു. അഭിനന്ദനെ ഇന്ന് രാവിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് പാര്‍ലമെന്റില്‍ അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെ വഴിയാണ് ഇന്ത്യ ആക്രമണ തീരുമാനം പാക്കിസ്ഥാനെ അറിയിച്ചത്. ഇന്ത്യ ഉറച്ചുതന്നെയാണെന്ന് സൗദിയും പാക്കിസ്ഥാനെ അറിയിച്ചതോടെ അഭിനന്ദനെ കൈമാറാമെന്ന് പാക്കിസ്ഥാന് വ്യക്തമാക്കുകയായിരുന്നു. കാണ്ഡഹാര്‍ മാതൃകയില്‍ വൈമാനികനെ തടവില്‍ വെച്ച് വിലപേശാനുള്ള പാക് നീക്കമാണ് ഇതോടെ പൊളിഞ്ഞത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മൈക്ക് പോംപെയും ഇന്നലെ രാവിലെ നടത്തിയ സംഭാഷണത്തില്‍ ഇന്ത്യ തീരുമാനം വ്യക്തമാക്കി. ഇന്നലെ വൈകുന്നേരത്തിന് മുമ്പായി അഭിനന്ദന്റെ കാര്യത്തില്‍ പാക്കിസ്ഥാന് തീരുമാനം അറിയിക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇല്ലെങ്കില്‍ മൂന്നു സൈനിക മേധാവിമാരും സംയുക്തമായി മാധ്യമങ്ങളെ കണ്ട് ആക്രമണ തീരുമാനം അറിയിക്കുമെന്നും ഡോവല്‍ അമേരിക്കയെ അറിയിച്ചു. വിദേശകാര്യമന്ത്രാലയം സൗദിയേയും ഇക്കാര്യം അറിയിച്ചു.
ഇതേത്തുടര്‍ന്ന് അമേരിക്കയും സൗദിയും പാക്കിസ്ഥാനോട് എത്രയും വേഗം ഇന്ത്യന്‍ വൈമാനികനെ തിരികെ നല്കാന് ആവശ്യപ്പെടുകയായിരുന്നു. ലോകരാഷ്ട്രങ്ങള്‍ മുഴുവനും ഇന്ത്യക്കൊപ്പം നിലകൊണ്ടതും പാക്കിസ്ഥാന്റെ മേല്‍ സമ്മര്‍ദമേറ്റി. നിലവിലെ സംഘര്‍ഷം അവസാനിച്ച ശേഷം മാത്രമേ ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കൂ എന്ന് ഇന്നലെ രാവിലെ പാക് വിദേശകാര്യമന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വിദേശരാജ്യങ്ങള്‍ പാക്കിസ്ഥാനെ അറിയിച്ചത്. ഇതോടെ സൈനികനെ ഉടന്‍ വിട്ടയക്കാന്‍ പാക്കിസ്ഥാന് സൈനിക നേതൃത്വം നിര്‍ബന്ധിതമാകുകയായിരുന്നു. വിട്ടയക്കാനുള്ള സൈന്യത്തിന്റെ തീരുമാനം പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അറിയിക്കുക മാത്രമായിരുന്നു.
വൈമാനികനെ ഉപയോഗിച്ചുള്ള യാതൊരു വിലപേശലിനും വഴങ്ങില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള യാതൊരു ഇടപെടലുകള്‍ക്കും ഇന്ത്യ തയ്യാറല്ലെന്നും നിരുപാധികം സൈനികനെ വിട്ടയക്കണമെന്നും ഇന്ത്യ കര്‍ശനമായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: