കൊച്ചി: എല്ലാവര്ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുമ്പോള്‍ വീടുവെച്ചവര്‍ക്കെല്ലാം സെസ്സ് കര്‍ശനമായി നടപ്പാക്കാന്സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസ്സാക്കിയ നിയമം കര്‍ക്കശമാക്കി ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന് എതിരായ വികാരം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ചെലവു ഫണ്ടുണ്ടാക്കാന്‍ സംസ്ഥാനത്തെ ഭരണകക്ഷി ഉദ്യോഗസ്ഥരെ വിനിയോഗിക്കാന്‍ നടത്തുന്ന വന്‍ അഴിമതിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കെട്ടിട നിര്‍മാണ തൊഴിലാളി സെസ് നിയമം കോണ്‍ഗ്രസ് ഭരണകാലത്താണ് 1996ല്‍ നടപ്പാക്കിയത്. നിശ്ചിത തുകയ്ക്ക് മുകളില്‍ ചെലവിട്ടു നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഇടാക്കി നിര്‍മാണ തൊഴിലാളി ക്ഷേമങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. ഈ സെസ് പിരിക്കല്‍ ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിയമം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചു തുടങ്ങി. ലേബര്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.
കെട്ടിടം, വീട് ഉടമകള്‍ക്ക് നോട്ടീസ് അയയ്ക്കും, അവര്‍ പിറ്റേന്ന് ഹാജരായി നിര്‍മാണ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചെലവ് തുക ഓഫീസ് നിശ്ചയിക്കുമെന്നാണ് അറിയിപ്പ്. ബില്‍ഡിങ് പെര്‍മിറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വണ്‍ ടൈം റെവന്യൂ ടാക്സ്, രസീത് തുടങ്ങി അഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക്, തഹസില്‍ദാര്‍ ഓഫീസുകളില്‍നിന്ന് ഹാജരാക്കുകയും വേണമെന്നാണ് നോട്ടീസിലെ അറിയിപ്പ്.
കുറഞ്ഞ സമയത്തിനുള്ളില്‍ ഹാജരാകാനുള്ള നിര്‍ദേശം ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമേറ്റുന്നതാണ്. ഇതിനെല്ലാം കാരണം കേന്ദ്ര സര്‍ക്കാര്‍ നിയമമാണെന്ന പ്രചാരണത്തിനും ഇത് അവസരമാക്കും. നോട്ടു നിരോധനത്തിന്റെ കാലത്തും ജിഎസ്ടി ഏര്‍പ്പെടുത്തിയ തുടക്കവേളയിലും ഉണ്ടായ സാങ്കേതിക കാരണങ്ങള്‍ക്ക് കേന്ദ്രത്തിനെതിരേ പ്രചാരണം വ്യാപകമായിരുന്നു.
എന്നാല്‍, നോട്ടീസില്‍ ബന്ധപ്പെടേണ്ട ഓഫീസറുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. ബന്ധപ്പെട്ടാല്‍, നേരില്‍ വരൂ, സംസാരിച്ച് ശരിയാക്കാമെന്ന മറുപടിയാണ് പലര്‍ക്കും ലഭിക്കുന്നത്. ജില്ല, സ്ഥലം, നിര്‍മാണകാലത്തെ ചെലവ് തുടങ്ങിയവ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തയാറാക്കിയ ചെലവു പട്ടിക പ്രകാരമാണ് തുക നിശ്ചയിക്കുന്നത്. ധൃതിപിടിച്ചുള്ള ഈ നടപടികളെല്ലാംസര്ക്കാര് തലത്തില്‍, പണം പിരിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: