സമാധാന നീക്കത്തിന് ഇന്ത്യ പ്രതികരിക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രസ്താവിച്ചിരിക്കുന്നു. അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ പാക്സൈന്യം വെടിയുതിര്‍ക്കുകയും യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് ഇമ്രാന്‍ഖാന്റെ വിലാപം. സമാധാന ശ്രമങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ എന്നും. മറത്തും പൊറുത്തും ഇന്ത്യ സമാധാന ചര്‍ച്ചയ്ക്കിരിക്കുമ്പോഴെല്ലാം വളഞ്ഞവഴിയിലൂടെ നുഴഞ്ഞുകയറി ഇന്ത്യന്‍ സൈന്യത്തെ വകവരുത്താനാണ് പാകിസ്ഥാന് ശ്രമിച്ചുപോന്നത്. സമാധാനത്തിനും സൗഹൃദത്തിനുമായി വാജ്പേയി സര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിച്ചത് ലോക രാജ്യങ്ങളുടെയെല്ലാം അഭിനന്ദനത്തിന് വഴിവെച്ചതാണ്. ലാഹോറിലേക്ക് ബസ് സര്‍വീസ് ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കിടയിലും സുഗമമായ സഞ്ചാരസൗകര്യമൊരുക്കിയതും വാജ്പേയി സര്‍ക്കാരായിരുന്നു. പ്രതിഫലമായി പാകിസ്ഥാന് സര്‍ക്കാര്‍ നല്‍കിയത് കാര്‍ഗില്‍ യുദ്ധമാണ്. യുദ്ധത്തിന് മുന്നിട്ടിറങ്ങുന്ന പാകിസ്ഥാന് തോറ്റോടുന്ന ചരിത്രമാണുള്ളത്.
പാക് പ്രധാനമന്ത്രിമാര്‍ എല്ലാക്കാലത്തും പട്ടാളത്തിന്റെ അജ്ഞാനുവര്‍ത്തികളാണ്. ഇന്നത്തെ പ്രധാനമന്ത്രി ഇമ്രാന്ഖാന് ചരിത്രാവബോധം കുറവായതുകൊണ്ടാകാം ഇപ്പോള്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. ഏറ്റവും ഒടുവില്‍ 41 ധീരജവാന്മാരുടെ ജീവന് നഷ്ടപ്പെട്ട ഭീകരാക്രമണത്തെ ഒട്ടുമിക്ക രജ്യങ്ങളും അപലപിച്ചിരുന്നു. പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നതിന് ഇന്ത്യക്ക് അമേരിക്ക ഉള്‍പ്പെടെ പലരാജ്യങ്ങളും പിന്തുണ നല്കി. ഇറാന്, ഇറാഖ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളും പാകിസ്ഥാന് ഭീകരരെ ഉല്‍പ്പാദിപ്പിച്ച് അതിര്‍ത്തിയിലേക്ക് അയയ്ക്കുന്നതിനെതിരെ താക്കീതും നല്കി. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലപാടാണ് പാകിസ്ഥാന് സ്വീകരിക്കുന്നത്. പാകിസ്ഥാനാണ് ഭീകരാക്രമണത്തിന് പിന്നിലെന്നതിന് എന്തുതെളിവാണ് ഇന്ത്യയിലുള്ളതെന്ന് അവര്‍ ആവര്‍ത്തിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിക്കാട്ടിയ തെളിവുകള്‍ ലോകത്തിന് ബോധ്യപ്പെട്ടു.
അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭ പാകിസ്ഥാന്റെ നടപടിയെ അപലപിച്ചത്. സര്‍വകക്ഷിയോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ ആരേയും അയയ്ക്കാത്ത സിപിഎം നാടാകെ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന് ഏത് രാജ്യത്തിനുവേണ്ടിയാണ് ശബ്ദിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാക്കിസ്ഥാനെ കുറ്റപ്പെടുത്താത്ത ഒരേ ഒരു രാജ്യം ചൈനയാണെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റിയിട്ടുണ്ട്. പണ്ട് ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ചൈനാ ചാരന്മാരെന്ന് പേരെടുത്ത പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി. ആ കക്ഷി പിളര്‍ന്ന് സിപിഎം നിലവില്‍വന്നപ്പോള്‍ ചൈനയ്ക്ക് വേണ്ടി വിടുപണി ചെയ്യുന്നതാണ് അവരുടെ മുഖ്യതൊഴില്‍. ചൈന ഇന്ത്യന്‍ മണ്ണില്‍ റോഡുവെട്ടാനും നുഴഞ്ഞുകയറാനും അടുത്തിടെ ശ്രമിച്ചപ്പോള്‍ ചൈനയ്ക്കുവേണ്ടി വാദിച്ചവരാണവര്‍. അഞ്ചാംപത്തികളെന്ന പേരുനിലനിര്‍ത്താനാണ് സിപിഎം ഇപ്പോഴും ശ്രമിക്കുന്നത് എന്നുവേണം കരുതാന്‍.
ഭീകരാക്രമണത്തെ തുടര്‍ന്ന് മൗലാന മസൂദ് അസ്ഹര്‍ എന്ന കൊടുംഭീകരനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ലോകം അംഗീകരിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ വിലക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കിക്കഴിഞ്ഞു. മാര്‍ച്ചില്‍ ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയുടെ പ്രസിഡന്റ് സ്ഥാനം ഫ്രാന്‍സ് ഏറ്റെടുക്കുന്നതോടെ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. ഐക്യരാഷ്ട്രസഭയുടെ 15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഊഴമനുസരിച്ച് അംഗങ്ങള്‍ തമ്മില്‍ മാറിമാറിയാണ് ഏറ്റെടുക്കുന്നത്. രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.
പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ ബാലാക്കോട്ടില്‍ ജയ്ഷിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ഇന്ത്യന്‍ വ്യോമസേന തകര്‍ത്ത് 350ല്‍ അധികം ഭീകരരെ വധിച്ചതോടെ അന്തംവിട്ട പാകിസ്ഥാന്റെ വെപ്രാളം തുടര്‍ന്നാല്‍ അവര്‍ വിയര്‍ക്കുക തന്നെ ചെയ്യും. കാരണം മറ്റൊന്നുമല്ല, പേടിച്ചുരണ്ട് വാലും ചുരുട്ടിക്കഴിഞ്ഞവരല്ല ഡല്‍ഹിയില്‍ ഭരണത്തിലുള്ളത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഒരംഗത്തിനെങ്കിലും പോറലേറ്റാല്‍ പത്തിരട്ടിയാവും തിരിച്ചടി. അതറിഞ്ഞുകൊണ്ടുതന്നെയാവണം ഇമ്രാന്റെ വിലാപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: