പെരിയയിലെ ഇരട്ടക്കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതൊന്നും അത്ര കാര്യമല്ല എന്ന തരത്തിലാണ് ആസ്ഥാന നിലയവിദ്വാന്മാരും ന്യായീകരണതൊഴിലാളികളും രംഗത്തിറങ്ങിയിരിക്കുന്നത്. കത്തിമുനയില്‍ നിന്ന് ചോരക്കറ കഴുകിക്കഴിഞ്ഞാല്‍ കത്തി നിരപരാധിയല്ലേ, പിന്നെന്തിന് ആരോപണവുമായി വരുന്നു എന്ന തരത്തിലാണ് ആസ്ഥാന ന്യായീകരണ ഗുരു പി.എം. മനോജ് വര്‍ധിതാവേശത്തേടെ ദേശാഭിമാനിയില്‍ അവതീര്‍ണനായിരിക്കുന്നത്. ‘ദുഷ്പ്രചാരണങ്ങള്‍ വിലപ്പോകില്ല’ എന്ന അദ്ദേഹത്തിന്റെ പ്രതിരോധലേഖനം ഒരു ബൂമറാങ് തന്നെ. കാരണം അദ്ദേഹത്തിന്റെ ന്യായീകരണങ്ങള്‍ എല്ലാം തിരിച്ചടിക്കുന്ന തരത്തില്‍, കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും അവരുടെ രാഷ്ട്രീയപ്പാര്‍ട്ടിക്കും നേരെ നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല എന്ന രീതിയിലേക്ക് സ്വന്തം ലേഖനം വഴിമാറിപ്പോയിരിക്കുന്നു.
രണ്ടുപേരെ കൊല്ലാന്‍ ഒട്ടേറെ ന്യായങ്ങള്‍ നിരത്തുന്നതിലൂടെ സ്വാഭാവികമായും ആരോപണ കിനാവള്ളികള്‍ സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്ന അവസ്ഥയിലാണ്. തങ്ങളുടെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗത പാലിക്കുന്ന മാധ്യമങ്ങള്‍ പെരിയ സംഭവത്തില്‍ ഉറഞ്ഞുതുള്ളുകയാണെന്നാണ് മനോജിന്റെ ആവലാതി. പത്തൊമ്പതും ഇരുപത്തെട്ടും വയസ്സായ ചെറുപ്പക്കാരെ ചെറിയൊരടിപിടി പ്രശ്നത്തിന്റെ പേരില്‍ ചിതറിച്ചത് മനസ്സാക്ഷിയുള്ളവര്‍ക്ക് നിസ്സംഗതയോടെ കണ്ടു നില്ക്കാനാവുമോ ? ഒഞ്ചിയത്തെ ചന്ദ്രശേഖരനെ വെട്ടിത്തറയ്ക്കാന്‍ എന്തൊക്കെ കാരണങ്ങളാണോ പാര്‍ട്ടി മുന്നോട്ടുവെച്ചത് അതേ തരത്തിലുള്ളവ തന്നെയാണ് കൃപേഷിനും ശരത്തിനും നേരെ നിരത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്റെ തല പൂക്കുറ്റി ചിതറും പോലെ ചിതറിക്കും എന്നാണ് ഓപ്പറേഷന് മുമ്പ് പരസ്യമായി ഭീഷണി മുഴക്കിയതെങ്കില്‍ ചിതയില്‍ വെക്കാന്‍ പോലും ഒന്നും ബാക്കിവെക്കാതെ ഇല്ലാതാക്കും എന്നായിരുന്നു പെരിയ സംഭവത്തിനു മുമ്പ് സിപിഎം ജില്ലാ നേതാവുള്‍പ്പെടെ പരസ്യമായി ഓര്‍മിപ്പിച്ചത്.
സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ എല്ലാവരും പെരിയ സംഭവം ഉപയോഗപ്പെടുത്തുകയാണെന്നാണ് മനോജിന്റെ പരിദേവനം. ഈ പാര്‍ട്ടിയെ അറിയുന്ന ആര്‍ക്കും ഇതിലെ വസ്തുത വ്യക്തമായി മനസ്സിലാകും. പെരിയ സംഭവം അവിടെ നില്ക്കട്ടെ പണ്ട് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന മറു ചോദ്യമാണ് മനോജ് സമൂഹത്തോട് ചോദിക്കുന്നത്. അതില്‍ നിന്നു തന്നെ അവരുടെ അസഹിഷ്ണുതയും കുറ്റവാളി മുഖവും സ്വയമേവ വെളിപ്പെടുന്നു.
ഏതായാലും ഇതുവരെ സിപിഎം നേതാക്കളൊന്നും അംഗീകരിച്ചുതരാത്ത, വിശദീകരിക്കാത്ത ഒരു സംഗതി വളച്ചുകെട്ടില്ലാതെ മനോജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ”പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ തെറ്റ് ഒരു കാലത്തും ചെയ്യില്ല എന്ന ധാരണയൊന്നും ആര്‍ക്കുമില്ല. തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം, സംഭവിച്ചുപോയാല്‍ അതിനോട് കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും കഴിയുന്ന പാര്‍ട്ടിയാണ് സിപിഐഎം”. ഇത് ശരിവെക്കുന്ന എത്രയെത്ര സംഭവങ്ങളാണുള്ളത്. കുഞ്ഞനന്തന് എന്ന ‘മഹാന്’ കാര്‍ക്കശ്യത്തോടെ അനുവദിച്ച പരോള്‍, മറ്റ് സുഖസൗകര്യങ്ങള്‍, കാരായിമാര്‍ക്കുള്ള സൗകര്യങ്ങള്‍, ജനപ്രതിനിധിയാക്കല്‍, അച്ചാരുപറമ്പില്‍ പ്രദീപനെ ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊന്ന സ്കൂളിന്റെ പിടിഎ പ്രസിഡന്റാക്കല്‍, ഒടുവില്‍ പെരിയ സംഭവത്തിലെ പീതാംബരനെ പുറത്താക്കല്‍, അയാളുടെ വീട്ടില്‍ പോയി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്ന വാഗ്ദാനം നല്കല് അങ്ങനെ എന്തൊക്കെ. ഇത്ര കാര്‍ക്കശ്യമുള്ള നടപടികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ചെയ്യാനാവുമോ?
കേരളീയര്‍ അന്നം തിന്നുന്നവരാണെന്ന് ഇത്തരക്കാര്‍ ഇനിയും മനസ്സിലാക്കാതെ പോകുന്നതെന്താണ്? ചക്കയെന്ന് പറഞ്ഞാല്‍ മാങ്ങ, മുതല എന്നു പറയുന്ന രീതിയിലേക്ക് അധഃപതിക്കുന്ന ഒരു ക്രിമിനല്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ കൊലയാളികളെക്കാള്‍ മ്ലേച്ഛമനസ്കരല്ലേ? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലും കൊലപാതകത്തിന് മുതിരുമോ എന്ന് ചോദിക്കുന്നതും ഈ മനോനില കാരണമല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: