ആയിരംദിവസം സംസ്ഥാനം ഭരിച്ചതിന്റെ നേട്ടം ആഘോഷിക്കാനുള്ള തത്രപ്പാടില്‍ സര്‍ക്കാര്‍ പലതും കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് അതൊന്നും അത്രയെളുപ്പത്തില്‍ ദഹിക്കുന്നില്ല.’ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും’ എന്ന ആകര്‍ഷക മുദ്രാവാക്യം പലരേയും ശരിയാക്കിയതിലാണ് എത്തിനില്‍ക്കുന്നത്. നാട്ടുമ്പുറത്തെ പഴമക്കാര്‍ ഇപ്പോള്‍ പറയുന്നത് ‘ആയിരം ദിവസം ആയിരം അനാഥ കുടുംബം’ എന്നാണ്. ശാരീരികമായി അനാഥമാക്കിയതും മാനസികമായി അനാഥമാക്കിയതുമായ കുടുംബങ്ങളുടെ കണ്ണീര്‍പ്പുഴയിലൂടെ കൊട്ടുംകുരവയുമായി സര്‍ക്കാര്‍ സംവിധാനം ആഘോഷയാത്ര നടത്തുകയാണ്. അതുവഴിയാണ് ആയിരം ദിവസത്തെ ‘ഭരണ നേട്ടം’ ഉയര്‍ത്തിക്കാണിക്കുന്നത്.
ഇടതു മുന്നണി അധികാരമേറിയ അന്നുമുതല്‍ സമാധാനമെന്നത് കേരളീയ മനസ്സില്‍നിന്ന് പടികടന്ന് പോയിരിക്കുന്നു. എന്തും എപ്പോഴും എവിടെയും സംഭവിക്കാമെന്ന ഭീതിദമായ പശ്ചാത്തലമാണ്. ഏതാണ്ട് കശ്മീരിലും മറ്റും സംഭവിക്കുന്നതുപോലെയുള്ള സ്ഥിതി. കൊന്നും കൊല്ലിച്ചും നീങ്ങുമ്പോഴും തങ്ങള്‍ മനുഷ്യാവകാശങ്ങള്ക്കൊപ്പമാണെന്നും പാവങ്ങളുടെ കണ്ണീരൊപ്പാനാണ് ശ്രമിക്കുന്നതെന്നുമാണ് വലിയ വായില്‍ പറഞ്ഞുപരത്തുന്നത്. എന്നാല്‍ നേരറിവിലേക്കു പോയാല്‍ ഇത്രയും ക്ഷുദ്രവും ക്രൂരവും പൈശാചികവുമായ ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ഇടം കണ്ടെത്തിയിട്ടില്ലെന്ന് കാണാം.
നേരു പറയുന്നവന്റെ നാവരിയാനും നെറികേടു കാട്ടാനും മാത്രം പഠിച്ചുപോയ ഒരുപാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എന്തൊക്കെ സംഭവിക്കുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇടതുഭരണം. സാധാരണഗതിയില്‍ മന്ത്രിമാര്‍ ഒട്ടൊക്കെ ബുദ്ധിശൂന്യത കാണിക്കുമ്പോള്‍ അവരെ തിരുത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരേണ്ടയാളാണ് മുഖ്യമന്ത്രി. എന്നാല്‍ ഇവിടെ നേരെതിരിച്ചാണ് സംഭവിക്കുന്നത്. മാനുഷിക മുഖത്തോടെ മന്ത്രിസഭാംഗങ്ങളില്‍ ചിലര്‍ മുന്നോട്ടു പോവുമ്പോള്‍ അവരെ കഴുത്തിന് പിടിച്ച് ധാര്‍ഷ്ട്യത്തിന്റെ വഴി ചൂണ്ടിക്കാണിക്കുകയാണ് മുഖ്യമന്ത്രി. തന്റെ ഇച്ഛക്കൊത്തേ എന്തും നടന്നുകൂടൂ എന്ന തരത്തിലാണ് മാനസികനിലയും ശരീരഭാഷയും. ‘ഞാന്‍ പറയും, നീ എഴുതും, അവര്‍ വായിക്കും, ശേഷിച്ചവര്‍ അനുസരിക്കും’ എന്ന രാക്ഷസീയ സമീപനത്തില്‍ നിന്ന് മാറാത്തിടത്തോളം ആയിരമല്ല ആറായിരം ദിവസം ഭരിച്ചിട്ടും എന്ത് പ്രയോജനം? തനിക്കു രസിക്കാത്തതിനോട് ‘കടക്ക് പുറത്ത്’ എന്നു പറയുന്ന രീതി മനുഷ്യര്‍ക്ക് ചേര്‍ന്നതല്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവുപോലുമില്ലെങ്കില് എന്ത്ഫലം?
ആയിരം ദിവസം ഭരിച്ചിട്ടും ആര്‍ക്കും രക്ഷ കിട്ടിയിട്ടില്ലെന്ന് സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ തെളിവല്ലേ തെക്കും വടക്കുംനിന്ന് ഇറങ്ങിത്തിരിച്ചിരിക്കുന്ന കേരള സംരക്ഷണ യാത്രകള്‍. ഭരണകൂടത്തിന് ഇവിടുത്തെ ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പണി അറിയുന്നവരുടെ കൈയില്‍ ഏല്പിച്ച് മാനം മര്യാദയായി കളം വിടുന്നതല്ലേ നന്ന്.
അസഹിഷ്ണുതയും അക്രമവും ജന്മസിദ്ധമായി കിട്ടിയ ഒരു പാര്‍ട്ടിക്ക് ഭരണംകിട്ടിയാല്‍ എന്താണോ സംഭവിക്കുക, അതാണിപ്പോള്‍ നാട്ടിലുള്ളത്. 20 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആയിരം ദിവസത്തിനുള്ളില്‍ നടന്നെങ്കില്‍ അതില്‍ പതിനാറിലും ഭരണകക്ഷി പ്രതിസ്ഥാനത്തുണ്ടെന്നു വരുമ്പോള്‍ കാരണമെന്താവാം? ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയാണോ ജീവിതത്തിന്റെ പൂക്കാലം കാണാന്‍ കാത്തിരുന്ന നവയൗവനങ്ങളെ വെട്ടിയരിഞ്ഞു തളളിയത്? ഏതു പാവങ്ങളെയാണ് ഈ ഭരണകൂടം കൈത്താങ്ങ് നല്കി സംരക്ഷിച്ചിട്ടുള്ളത്? പ്രളയവും ദുരിതവും താണ്ഡവമാടിയതിനെ തുടര്‍ന്ന് ജീവിതത്തിന്റെ ഇരുള്‍പ്പാതയിലേക്ക് നോക്കിയിരിക്കുന്നവരുടെ കണ്ണീരു കാണാതെ ആര്‍ഭാടപൂര്‍വം ആയിരം ദിവസത്തെ ഭരണം ആഘോഷിക്കുന്ന സര്‍ക്കാര്‍ ദന്തഗോപുരങ്ങളില്‍ നിന്ന് ഇറങ്ങിവരണം. അണികള്‍ക്ക് ആയുധം കൊടുത്ത് രാഷ്ട്രീയ എതിരാളിയുടെ കൊരവള്ളി കൊത്തിക്കീറാന്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തണം. മനസ്സില്‍ രാക്ഷസീയതയുടെ വൈറസുകള്‍ വളരാതിരിക്കാന്‍ ഫലപ്രദമായ പ്രതിരോധ വാക്സിനുകള്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കണം. അല്ലാതെ ഈ നാട് നന്നാവില്ല. അക്രമവും അരാജകത്വവും മുഖമുദ്രയാക്കി ‘പാടത്തെ പണിക്ക് വരമ്പത്ത് കൂലി’ കൊടുക്കുന്ന ഫ്യൂഡല്‍ മാടമ്പി തമ്പ്രാക്കളുടെ മാനസിക നിലയുള്ള ഭരണകൂടത്തോട് ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത് ഇത്രമാത്രം,
‘കടക്ക് പുറത്ത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: