ഭാരതത്തിന്റെ സുരക്ഷയും വികസനവും സമാധാനവും ആഗ്രഹിക്കുന്നവര്‍ വളരെക്കാലമായി കാതോര്‍ക്കുന്ന വാക്കുകള്‍ രാജ്യത്തിന്റെ സായുധസേനയില്‍നിന്നു തന്നെ ഉണ്ടായിരിക്കുന്നു. അയല്‍രാജ്യമായ പാക്കിസ്ഥാന് കേന്ദ്രമാക്കി, ഭാരതത്തിന്റെ അവിഭാജ്യഘടകമായ കശ്മീരില്‍ താവളമടിച്ച് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരര്‍ക്ക് സൈന്യം അന്ത്യശാസനം നല്‍കിയിരിക്കുകയാണ്.
പാക്കിസ്ഥാനില്‍ നിന്ന് ഇനി അതിര്‍ത്തി കടന്നെത്തുന്ന നുഴഞ്ഞുകയറ്റക്കാര്‍ ജീവനോടെ തിരിച്ചുപോകില്ലെന്നും, കശ്മീര്‍ താഴ്വരയില് തോക്ക് താഴെ വയ്ക്കാത്തവര്‍ തുടച്ചുനീക്കപ്പെടുമെന്നുമാണ് കരസേനാ കമാന്റര്‍ ലെഫ്. ജനറല്‍ കെ.ജെ.എസ്. ഗില്ലന്‍ നല്കിയ മുന്നറിയിപ്പ്. ഭീകരസംഘടനകളില്‍ ചേര്‍ന്നിട്ടുള്ള സ്വന്തം മക്കളോട് കീഴടങ്ങാന്‍ പറയണമെന്ന് താഴ്വരയിലെ മാതാക്കളോടാണ് കരസേന അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അല്ലാത്തപക്ഷം അവര്‍ വധിക്കപ്പെടുമെന്ന് മുന്നറിയിപ്പും നല്കി.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരെ പാക്ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിലൂടെ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ആസൂത്രകരായ മൂന്ന് കൊടുംഭീകരരെ സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചു. ഒരു മേജറടക്കം നാല് സൈനികര്‍ ഈ പോരാട്ടത്തില്‍ ബലിദാനികളായി. ഇതിനെത്തുടര്‍ന്നാണ് ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന ഉറച്ച പ്രഖ്യാപനം സേനയില്‍നിന്നുണ്ടായത്.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്‍ബലത്തോടെയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമ ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ത്ഥം വരുന്ന ജയ്ഷെ മുഹമ്മദിനെ നയിക്കുന്ന മസൂദ് അസ്ഹര്‍, പാക്കിസ്ഥാന് സൈന്യത്തിന്റെ സംരക്ഷണയിലാണ് എന്നതില്‍നിന്നു തന്നെ ഈ സംഘടനയുടെ പിതൃത്വം ആര്‍ക്കെന്ന് വ്യക്തം.
ഇസ്ലാമിക ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന് ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പുല്‍വാമ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ലോകരാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ സ്വന്തം മണ്ണില്‍ ഭീകരരെ പരിശീലിപ്പിക്കുകയും, ആയുധമണിയിച്ച് ജിഹാദികളാക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്, നിരപരാധികളെ കൊന്നൊടുക്കാന്‍ രക്തദാഹികളായ ഇക്കൂട്ടരെ ഭാരതത്തിലേക്ക് പറഞ്ഞുവിടുകയാണ്. ഇതിനെ ചെറുക്കുന്ന സൈന്യത്തേയും മതവെറിയന്മാര് ലക്ഷ്യമിടുന്നു.
ഭീകരരെ ഉപയോഗിച്ച് ഭാരതത്തിനെതിരായ യുദ്ധംതന്നെയാണ് പാക്കിസ്ഥാന് നടത്തുന്നത്. ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് തെളിയുമ്പോഴൊക്കെ തെളിവു ചോദിച്ച് മറ്റു രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. പുല്‍വാമ ആക്രമണത്തിനുശേഷവും ചോരപുരണ്ട കരങ്ങള്‍ മറച്ചുപിടിച്ച് പാക് ഭരണാധികാരികള്‍ നാടകം കളിക്കുകയാണ്.
കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് കശ്മീരിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും പാക്-ഇസ്ലാമിക ഭീകരര്‍ സൈ്വരവിഹാരം നടത്തുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റംവന്നു. സംഭാഷണത്തിലൂടെ നല്ല ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന് താല്‍പ്പര്യമില്ലെന്നുവന്നതോടെ കനത്ത തിരിച്ചടി നല്കാന് മോദി സര്‍ക്കാര്‍ തീരുമാനിച്ചു.
കശ്മീരിലെ ഭീകര പ്രവര്‍ത്തനം നിഷ്കരുണം അടിച്ചമര്‍ത്തി. ഇതിന്റെ പ്രതികാരമാണ് പുല്‍വാമ ആക്രമണം. പ്രധാനമന്ത്രി പറഞ്ഞതുപോലെ ജനങ്ങളുടെ ചോര തിളയ്ക്കുകയാണ്. ബലിദാനികളായ ധീരജവാന്മാരുടെ ഭൗതികദേഹങ്ങള്‍ ഏറ്റുവാങ്ങുന്ന ജനത പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനോട് പൊരുത്തപ്പെടുന്നതാണ് കരസേനയുടെ അന്ത്യശാസനം. അനന്തരനടപടികള്‍ക്കായി കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: