വാര്‍ത്തയില്‍നിന്ന്:-
”ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ നിരാഹാരസമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ”
‘എതിരെ’യും ‘പ്രതിഷേധവും’ കൂടിവേണ്ട. അനുകൂലമായി ആരും പ്രതിഷേധിക്കാറില്ലല്ലോ.
”കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് പ്രത്യേകപദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാരസമരത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണ” (ശരി).
”യുപിയിലെ കരിമ്പ് മേഖലകളില്‍ ഒരു പൂവല് വിളവെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി റാബി വിളയ്ക്കുള്ള വിത്ത് വിതയ്ക്കണം. അതിനുള്ള കാശ് ഇല്ലാത്ത സ്ഥിതിയാണ് മിക്കയിടത്തും കര്‍ഷകര്‍ക്ക്”
‘ഉള്ള കാശ് ഇല്ലാത്ത സ്ഥിതി’ ഒഴിവാക്കാം. അതിനു കാശില്ലാത്ത സ്ഥിതിയാണ്” എന്നുമതി.
”അര്‍ബുദത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ നാം എന്തു ചെയ്തു എന്നതിലാണ് കാര്യം.”
‘അര്‍ബുദത്തിന്റെ കാരണങ്ങള്‍’ മതി. ‘ഉന്മൂലനം ചെയ്യാന്‍’ എന്നതിനുപകരം ‘ഇല്ലാതാക്കാന്‍’എന്നാക്കിയാല്‍ രണ്ടു ‘ചെയ്യല്‍’ ഒഴിവാക്കാം.
”സംശയവും ആശങ്കയും കൗമാരത്തിന്റെ സവിഷേതയാണ്. കൃത്യമായമാര്ഗം ചൂണ്ടിക്കാണിച്ചുകൊടുക്കുകയാണ് പരിഹാരമാര്‍ഗം”.
‘മാര്‍ഗ’ത്തിന്റെ ആവര്‍ത്തനം വിരസതയുണ്ടാക്കുന്നു.
‘കൃത്യമായ മാര്‍ഗം ചൂണ്ടിക്കാണിച്ചുകൊടുക്കലാണ് പരിഹാരം’ എന്നാക്കിയാല്‍ ഇതൊഴിവാക്കാം.
”ജീവിതശൈലി പരിഷ്കരണത്തിലൂടെ സ്വന്തം അതിജീവനത്തിന്റെ പാത തുറക്കുക എന്നതാണ് മലയാളി സമൂഹത്തിന് മുന്നിലുള്ള വഴി”. എന്തിനാണ് ‘പാത’യും ‘വഴി’യും? ഏതെങ്കിലും ഒന്ന് ഒഴിവാക്കാന്‍ വഴിയുണ്ട്.
”ജീവിതശൈലി പരിഷ്കരണമാണ് അതിജീവനത്തിന് മലയാളി സമൂഹത്തിനു മുന്നിലുള്ള വഴി”.
”ജീവിതശൈലി പരിഷ്കരണത്തിലൂടെയേ മലയാളി സമൂഹത്തിന് അതിജീവനത്തിന്റെ പാത തുറക്കാനാവൂ”.
”സ്ത്രീയെ സ്വന്തം സുഖഭോഗങ്ങള്‍ക്കുള്ള ഭോഗവസ്തുവായി കാണുന്നവര്‍ക്കുമാത്രമേ സ്ത്രീ എന്നാല്‍ ശരീരം എന്ന സമവാക്യം അംഗീകരിക്കാനാവൂ”. ”സുഖഭോഗങ്ങള്‍ക്കുള്ള ഭോഗവസ്തു” ഒഴിവാക്കുകതന്നെ വേണം. ‘സുഖഭോഗങ്ങള്‍ക്കുള്ള വസ്തു’ എന്നോ ‘ഭോഗവസ്തു’ എന്നോ മതി.
”ഈ വിഷയങ്ങള്‍ പഠിക്കുന്നതിനുള്ള നല്ല സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നത് അപ്പോള്‍ എളുപ്പകരമാകുന്നു”.
‘എളുപ്പ’ത്തിന് ‘കരം’ ഒഴിവാക്കാം. ‘എളുപ്പമാകുന്നു’ എന്നേവേണ്ടു.
മുഖപ്രസംഗങ്ങളില്‍നിന്ന്:-
”വയോജനങ്ങള്‍ക്ക് മാത്രമായി നമ്മുടെ നാട്ടില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ ഒന്നുമില്ല”.
‘മാത്രമായി’ ‘പ്രത്യേക’ ഇവയില്‍ ഒന്നുമതി. ‘ഒന്നുമില്ല’യുടെ സ്ഥാനത്ത് ‘ഇല്ല’മതി.
‘രക്ഷിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇങ്ങനെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ സ്വത്ത് തിരിച്ചെടുത്തു നല്കാന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുകയാണ് വേണ്ടത്.”
സ്വത്ത് തിരിച്ചെടുത്തു നല്‍കേണ്ടത് രക്ഷിതാക്കള്‍ക്കാണ്, ഉപേക്ഷിക്കുന്നവര്ക്കല്ല. ‘ഉപേക്ഷിക്കപ്പെട്ട രക്ഷിതാക്കള്‍ക്ക്’ എന്നെഴുതിയാലേ ആ അര്‍ഥം കിട്ടൂ.
”മക്കള്‍ ഉപേക്ഷിച്ചുപോകുന്ന രക്ഷിതാക്കളെ അവരുടെ തന്നെ സ്വത്തിന്റെ ഈടില്‍ ജീവിക്കാനാവശ്യമായ സാഹചര്യം ഉണ്ടാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം പ്രാദേശിക ഭരണകൂടങ്ങള്‍ ചെയ്തുകൊടുക്കേണ്ടതാണ്.” വികലമായ വാക്യം ഇങ്ങനെ തിരുത്താം:
”മക്കള്‍ ഉപേക്ഷിച്ചുപോകുന്ന രക്ഷിതാക്കള്‍ക്ക്, അവരുടെ തന്നെ സ്വത്തിന്റെ ഈടില്‍ ജീവിക്കാനുള്ള സാഹചര്യം ഒരുക്കേണ്ട ഉത്തരവാദിത്വം പ്രദേശിക ഭരണകൂടങ്ങള്‍ ഏറ്റെടുക്കണം”.
പിന്കുറിപ്പ്:
ലേഖനത്തില്‍നിന്ന്:
”പ്രണയലേഖനം എങ്ങനെ എഴുതണം എന്ന് ‘പ്രിയതമ’നോടു ചോദിക്കുന്ന നായികയെയാണ് ശകുന്തളയില്‍ നാം കാണുന്നത്
പാവം ശകുന്തള! പാവം പ്രിയതമന്! പാവം കവി!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: