ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്നു തിരിച്ചു ചോദിക്കുന്നവന് എന്ന് നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. നേര്‍ക്കുനേര്‍ വന്നാല്‍ ഒപ്പത്തിനൊപ്പം നില്ക്കാന് ചങ്കൂറ്റമുള്ളവന് എന്നാണ് അതിലെ വ്യംഗ്യം. ഇന്ത്യന്‍ ക്രിക്കറ്റിനു കിട്ടിയ അത്തരം ചങ്കൂറ്റമാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ ക്രിക്കറ്റിന് അത്യാവശ്യമായിരുന്ന ആക്രമണതൃഷ്ണ സമ്മാനിച്ച കളിക്കാരന്. കളിക്കളങ്ങളില്‍ ഈ നായകനു കീഴില്‍ ഇന്ത്യ തുടരെ നേടിയ വിജയങ്ങളുടെ തിളക്കത്തിനു മകുടം ചാര്‍ത്തുന്നതാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ മൂന്നു പ്രധാന പുരസ്കാരങ്ങള്‍ കോഹ്ലി തേടിയെത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ മികവിന്റെ മൂന്ന് അംഗീകാരങ്ങളും കോഹ്ലിയില് വന്നു സംഗമിച്ചിരിക്കുന്നു. പോയ വര്‍ഷത്തെ മികച്ച താരം, മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം എന്നീ പുരസ്കാരങ്ങളിലൊക്കെ കോഹ്ലിയുടെ പേരാണു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു ചരിത്രം ആദ്യമാണുതാനും. ടെസ്റ്റിലും ഏകദിനത്തിലും ഐസിസി ലോക ഇലവനെ നയിക്കുന്നതും ഈ ബാറ്റ്സ്മാന് തന്നെ. ഏകദിന ലോക ഇലവനില്‍ നാലും ടെസ്റ്റ് ഇലവനില്‍ മൂന്നും ഇന്ത്യക്കാര്‍ ഇടം നേടിയത് ഇന്ത്യന്‍ ക്രിക്കറ്റിനു മൊത്തത്തിലുണ്ടായ ഉണര്‍വിന്റെ സൂചനയായി കരുതാം. നാളെയുടെ താരമായി ഇന്ത്യക്കാരന് ഋഷഭ് പന്തും തിരഞ്ഞെടുക്കപ്പെട്ടു.
കപില്‍ ദേവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ആക്രമണോത്സുകനായ ക്രിക്കറ്റ് താരം എന്നു കോഹ്ലിയെ വിശേഷിപ്പിക്കാം. ഇംഗ്ലീഷില്‍ അഗ്രസീവ് എന്നു പറയാം. കളിയില്‍ ആ സ്വഭാവം കാണിക്കുന്നവര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍ അടക്കം, പലരുമുണ്ടായിരുന്നു. പക്ഷേ, കളിയോടുള്ള സമീപനത്തില്‍ ആ ശൈലി കാണിക്കുന്നവരാണ് ശരിയായ ആക്രമണ തൃഷ്ണയുള്ളവര്‍. അവര്‍ ടീമിനെ ജയിപ്പിക്കുക മാത്രമല്ല കളിയെ ഒരു പ്രത്യേക തലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യും. അങ്ങനെയാണു കപില്‍ ദേവ് 1983ലെ ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിനെ താഴേത്തട്ടില്‍ നിന്ന് ഒന്നാം നിലയിലേയ്ക്ക് ഉയര്‍ത്തിയത്. ശ്രീലങ്കയ്ക്കു വേണ്ടി കോച്ച് വാട്മോര്‍ ചെയ്തതും ഇതുതന്നെ. ഇരു ടീമും ലോകക്രിക്കറ്റിലെ മികച്ചവരുടെ നിലവാരത്തിലാണ് അന്നുമുതല്‍. അതിന്റെ മറ്റൊരു രൂപമാണ് കോഹ്ലിയിലൂടെ ഇന്ത്യ നേടിയത്. ജയിക്കാനുള്ള സാങ്കേതിക മികവ് ആര്‍ജിക്കുമ്പോഴും ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തില്‍ ഇല്ലാതെ പോയിരുന്ന ആക്രമണ തൃഷ്ണയിലൂടെ ടീമിനെ പുതിയൊരുതലത്തിലെത്തിക്കാന് കോഹ്ലിക്കു കഴിഞ്ഞു. സ്ലെഡ്ജിങ് പോലുള്ള ചൊടിപ്പിക്കല്‍ തന്ത്രങ്ങളിലൂടെ എതിര് ടീമിന്റെ സമനിലതെറ്റിക്കുകയും ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന ശൈലി ഇന്ത്യക്കാര്‍ക്ക് അന്യമായിരുന്നു. അത്തരം അവസരങ്ങളില്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാനും ആ ഊര്‍ജം കളിയിലേയ്ക്കു തിരിച്ചുവിടാനും സമര്‍ഥനാണ് കോഹ്ലി. അത്തരം രംഗത്ത് ആരോടും പിടിച്ചുനില്‍ക്കാനും പ്രതികൂല സാഹചര്യങ്ങളോടു ബുള്‍ഡോസര്‍ ശൈലിയില്‍ പൊരുതാനുമുള്ള ചങ്കുറപ്പാണ് കോഹ്ലി എന്ന കളിക്കാരന്റെയും നായകന്റെയും കൈമുതല്‍. ഈ നായകന് ഇന്ത്യയെ പുതിയ തലത്തിലെത്തിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ ദിശാബോധം നല്‍കുകയും ചെയ്യും.
ഇന്ത്യന്‍ കായിക രംഗത്തെ സംബന്ധിച്ച് സുരഭിലമായ വര്‍ഷമായിരുന്നു 2018. ഹിമ ദാസ് എന്ന അത്ലറ്റ് തുടക്കമിട്ട വിജയയാത്ര മേരി കോം എന്ന ബോക്സിങ് താരത്തിലൂടെ ക്രിക്കറ്റ് ടീമിലെത്തി നില്ക്കുന്നു. അണ്ടര്‍ 20 ലോക അത്ലറ്റിക്സില് 400മീ. സ്വര്‍ണം നേടിയാണ് ഹിമ വരവറിയിച്ചത്. മേരി കോം ലോക ബോക്സിങ്ങില്‍ ആറാം സ്വര്‍ണം നേടി. ക്രിക്കറ്റ് ടീം പോയവര്‍ഷം 13 ടെസ്റ്റില്‍ ആറെണ്ണം ജയിച്ചു. 14 ഏകദിനത്തില്‍ ഒന്‍പതെണ്ണം ജയിച്ചു. താരങ്ങള്‍ രാജ്യാന്തര അംഗീകരം നേടുകയും ചെയ്തു. ഉണര്‍വല്ല, അതിന്റെ തുടര്‍ച്ചയാണു പ്രധാനം. കോഹ്ലി തുടങ്ങിവച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: