ഹീ യോഗ- 5 -12-18
നൗളി
അമന്ദാവര്ത്തവേഗേന
തുന്ദം സവ്യാപസവ്യത:
നതാംസോ ഭ്രാമയേദേഷാ
നൗളി: സിദ്ധൈ: പ്രശസ്യതേ – 2 – 33
കുനിഞ്ഞു നിന്ന് വയറിനെ ഇടതും വലതും വേഗത്തില്‍ ചലിപ്പിക്കുന്നതാണ് നൗളി.
വയറിനുള്ള നല്ല ഒരു മസ്സാജ് ആണ് നൗളിക്രിയ. രാവിലെ ആഹാരത്തിനു മുമ്പാണ് ഇതു ചെയ്യുക. വയറൊഴിഞ്ഞിരി ക്കണമെന്നര്ഥം. ഇരുന്നു കൊണ്ടോ നിന്നുകൊണ്ടോ ചെയ്യാം. തുടക്കത്തില്‍ നിന്നു കൊണ്ടാണെളുപ്പം. കാലല്‍പ്പം അകത്തി നിന്ന്, കുനിഞ്ഞ്, കൈകള്‍ മുട്ടിന്നു മേലെയായി ചേര്‍ത്ത് ഉറച്ചു നില്കുക. ശ്വാസം പൂര്‍ണ്ണമായും പുറത്തു കളയുക. തല കുനിച്ച് താടി നെഞ്ചിലോ കഴുത്തിന് കുഴിയിലോ അമര്‍ത്തുക. (ഇതിന് ജാലന്ധര ബന്ധമെന്നും പറയും).ശ്രദ്ധ മുഴുവന്‍ നാഭീ പ്രദേശത്ത് കേന്ദ്രീകരിച്ച്, വയറിന്റെ പേശികളെ മധ്യഭാഗത്ത് ഉയര്‍ത്തുക. വയറിന്റെ ഇരുഭാഗവും ഒട്ടിയും മധ്യഭാഗം ഒരു വരമ്പു പോലെ തള്ളിയും നില്കും. ഇതാണ് മധ്യമ നൗളി. 10 സെക്കന്റു നേരം നിന്നശേഷം ശ്വാസം എടുത്തു കൊണ്ട് നിവര്‍ന്നു വരിക. വീണ്ടും ശ്വാസം വിട്ടു കുനിഞ്ഞ് മധ്യമ നൗളിയില് വന്നശേഷം ഇടത്തെക്കയ്യില്‍ ശക്തി കൊടുത്തുകൊണ്ട് വയറിനെ ഇടത്തു ഭാഗത്തു കൊണ്ടു വരിക.മറ്റു ഭാഗം ഒട്ടിയിരിക്കും. ഇത് വാമ (ഇടത്ത് ) നൗളി. ഇതേപോലെ വലത്തു ചെയ്താല്‍ ദക്ഷിണ നൗളി. ഇതു ശീലമായ ശേഷം ദക്ഷിണ-വാമ നൗളികള് ഒന്നിനു പിറകെ ഒന്നായി തുടര്‍ച്ചയായി ചെയ്യുക. ഇതിനെ നൗളീ ചാലനമെന്നു പറയും. ക്രമത്തില്‍ താഴെ നിന്നു മേലോട്ടും മേലേനിന്ന് താഴോട്ടും ഉരുട്ടാന്‍ കഴിയും. അഭ്യാസം കൊണ്ട് ഇത് ഇരുന്നിട്ടും ചെയ്യാന്‍ കഴിയും. കൈകള്‍ ക്രമത്തില്‍ മുട്ടിന്റെ അടുത്തു നിന്നും ഉയര്‍ത്തി തുടയിലും തുടയിടുക്കിലും എത്തിക്കാം. അതായത് നിവര്‍ന്നു നിന്നും ചെയ്യാറാകും.വളരെ നാളത്തെ പരിശ്രമം കൊണ്ടേ ഇതു സാധിക്കൂ.
ഗ്രന്ഥാന്തരങ്ങളില്‍ ഇതിനു സമാനമായ അഗ്നിസാര ക്രിയയും പറഞ്ഞിട്ടുണ്ട്. നൗളിക്കു തയ്യാറായി, ഉദരം മധ്യഭാഗം ഉയര്‍ത്തുന്നതിനു പകരം വയറ് മുഴുവന്‍ നട്ടെല്ലിനോടു ചേര്‍ക്കുകയും വിടര്‍ത്തുകയും ചെയ്യുകയും ചെയ്യുക. ശ്വാസം എടുക്കാതെ തന്നെ ഇത്തരത്തില്‍ പല പ്രാവശ്യം അടിച്ച ശേഷം ശ്വാസ മെടുത്ത് തിരിച്ചു വരിക.
മന്ദാഗ്നി സന്ദീപന പാചനാദി
സന്ധാപികാനന്ദകരീ സദൈവ
അശേഷദോഷാമയശോഷണീ ച
ഹഠക്രിയാമൗലിരിയം ച നൗളി: – 2 – 34
ഹഠയോഗക്രിയകളില് ഉത്തമമാണ് നൗളി.ദോഷങ്ങളെയും രോഗങ്ങളെയും നശിപ്പിക്കും. ദഹനശക്തി വര്‍ധിപ്പിക്കും.
മന്ദാഗ്നി എന്നാല്‍ ദഹനശക്തി മന്ദമാവുക, കുറയുക. അത്തരം അഗ്നിയെ നൗളി സന്ദീപനം ചെയ്യും, കത്തിക്കും. പാചനം എന്നാല്‍ ദഹനം. കഴിച്ചതിനെ നല്ലവണ്ണം ദഹിപ്പിക്കും. അതു കൊണ്ടു തന്നെ എപ്പോഴും നല്ല സന്തോഷമുണ്ടാകും. ദോഷങ്ങള്‍ എന്നാല്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍. അവ സമമാകുന്നതാണ് സ്വാസ്ഥ്യം. അവ വിസമ (വിഷമ) മാകുന്നതാണ് രോഗം. ആമയം രോഗം.ദോഷങ്ങളുടെ വിഷമാവസ്ഥയെയും രോഗങ്ങളെയും ഇല്ലാതാക്കി സ്വാസ്ഥ്യം നല്‍കും. ഹഠക്രിയകളില് മൗലി ( ശിരസ്സ്, കിരീടം) യാണ്, ശ്രേഷ്ഠമാണ് നൗളി.
കപാല ഭാതി
ഭ സ്ത്രാവല്ലോഹകാരസ്യ
രേചപൂരൗ സസംഭ്രമൗ
കപാലഭാതിര്വ്യാഖ്യാതാ
കഫദോഷ വിശോഷിണീ. – 2 – 35
കൊല്ലന്റെ ഉലപോലെ വേഗത്തില്‍ ശ്വാസം വിടുകയും എടുക്കുകയും ചെയ്യുന്നത് കപാലഭാതി. ഇത് കഫദോഷത്തെ ശമിപ്പിക്കും.
കം (തലയെ ) പാലയതി (രക്ഷിക്കുന്നു) എന്നതാണ് കപാലം – തലയോട്. അതിനെ ശോഭിപ്പിക്കുന്നത് (ഭാതി) കപാലഭാതിക്രിയ. തലയോട്ടിമാല ധരിക്കുന്നതിനാല്‍ ശിവന് കപാല മാലി എന്നു പേരുണ്ട്.
ഘേരണ്ട സംഹിതയില്‍ ഇതിന് ഭാല (നെററി) ഭാതി എന്നാണ്. കൊടുത്തിരിക്കുന്നത്. ചിലയിടങ്ങളില്‍ ഫാല ( നെറ്റി) ഭാതിയെന്നും. അര്‍ഥമെല്ലാം ഒന്നു തന്നെ. കൊല്ലന്റെ, ലോഹകാരന്റെ പണിപ്പുരയില്‍ അഗ്നിജ്വലിപ്പിക്കുന്നത് ഉലകൊണ്ടാണ് ( ഭസ്ത്രാ). ഉല ഒരു വായു സഞ്ചിയാണ്. അത് അമര്‍ത്തുമ്പോള്‍ കാറ്റ് ശക്തിയായി പുറത്തേക്കു പോകും. പിന്നെ അതില്‍ തനിയേ കാറ്റു നിറയും. പിന്നെയും അതിനെ ബലമായി സങ്കോചിപ്പിക്കുമ്പോള്‍ കാറ്റൊഴിയും. ഇതാവര്‍ത്തിക്കും. ഇതേ പ്രവര്‍ത്തനമാണ് കപാലഭാതിയില് നടക്കുന്നത്. വായുസഞ്ചി ശ്വാസകോശ ങ്ങളാണെന്നു മാത്രം.
സാധാരണ നിത്യ യോഗക്ലാസില്‍ ഇതു ചെയ്യിക്കാറുണ്ട്. ഏതെങ്കിലും ധ്യാനാസനത്തില്‍ ഉറച്ചിരുന്ന് രണ്ടു മൂന്നു തവണ ദീര്‍ഘശ്വാസം ചെയ്ത ശേഷം ആരംഭിക്കുക. മൂക്കിലൂടെ ശക്തമായി ശ്വാസം പുറത്തുവിടുക. അപ്പോള്‍ ഉദരം നട്ടെല്ലിനോടൊട്ടും. ഉള്ളിലേക്ക് ശ്വാസം എടുക്കുന്നില്ല.തനിയെ നിറയുകയാണ്. ഇത്തരത്തില്‍ വേഗത്തില്‍ 30-40 തവണ ശ്വാസം പമ്പു ചെയ്യുക.(നമ്മള് സാധാരണ ഉള്ളിലേക്കെടുക്കാനാണ് ശക്തി കൊടുക്കു ക. ഇവിടെ മറിച്ചാണ്.) പിന്നെ ഒന്നു രണ്ടു തവണ ദീര്‍ഘശ്വാസം ചെയ്ത് കുറച്ചു നേരം കുംഭകം ചെയ്യുക. ഇപ്പോള്‍ ഒരു റൗണ്ട് ആയി. ഇത്തരത്തില്‍ കഴിവിനനുസരിച്ച് പല റൗണ്ടുകള്‍ ചെയ്യാം. പമ്പിങ്ങിന്റെ എണ്ണവും കൂട്ടാം.
കഫ ദോഷം ഇല്ലാതാവും എന്നാണ് ഫലം പറഞ്ഞതെങ്കിലും തലച്ചോറിന് വലിയ ഗുണം ചെയ്യുന്ന ക്രിയയായിട്ടാണ് ഇത് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: