ഹൈന്ദവ നവോത്ഥാന ചരിത്രത്തില്‍ പുതിയ അദ്ധ്യായം എഴുതിച്ചേര്‍ത്ത പുതുമന തന്ത്രവിദ്യാലയം പതിനെട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ജനങ്ങളെ അടിച്ചമര്‍ത്തി ഭരണാധികാരികള്‍ അഭിനവ നവോത്ഥാന നായകന്മാരാവാന് ശ്രമിക്കുമ്പോഴാണ് ഈ ആത്മീയ കേന്ദ്രം നിസ്വാര്‍ത്ഥ സേവനത്തിന്റെ സംവത്സരങ്ങള്‍ പിന്നിടുന്നത്.
അബ്രാഹ്മണരെ പൂജ പഠിപ്പിച്ച് പൂജാധികാരം ആര്‍ക്കും അപ്രാപ്യമല്ലെന്ന് വിളിച്ചോതുന്ന സാമൂഹ്യ പരിഷ്കരണത്തിന് ഊര്‍ജം പകരുന്നതാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയില്‍ തുടക്കം കുറിച്ച ഈ തന്ത്രവിദ്യാലയത്തിന് ഗുരുവായൂരിലും തിരുവനന്തപുരത്തും എറണാകുളത്തും ശാഖകളുണ്ട്. തുരുത്തിയില്‍ പുതുമന ഇല്ലത്ത് സ്വന്തം ഉപാസനാ മൂര്‍ത്തിയായ ഗണപതിയുടെ തിരുനടയിലാണ് തന്ത്രവിദ്യാലയത്തിന് ആരംഭം കുറിച്ചത്.
തന്ത്രരത്നം പുതുമന മഹേശ്വരന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് എല്ലാ ജാതിയില്‍പ്പെട്ടവര്‍ക്കും നമ്മുടെ പരമ്പരാഗത പൂജകള്‍ പഠിക്കാമെന്ന് പ്രഖ്യാപിക്കുന്നത്. ഈശ്വരന്റെ മുമ്പില്‍ അയിത്തം, അനാചാരങ്ങള്‍ എന്നിവയുടെ വേലിക്കെട്ടുകള്‍ സ്വാര്‍ത്ഥ താല്പര്യമുള്ള മനുഷ്യര്‍ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറയുന്നു. അബ്രാഹ്മണരെ പൂജ പഠിപ്പിക്കാന്‍ ആരംഭിച്ചതോടെ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നു. എന്നാല്‍ ഈശ്വരാരാധന എല്ലാവരുടെയും അവകാശമാണെന്ന വിശ്വാസത്തില്‍ മഹേശ്വരന് നമ്പൂതിരി ഉറച്ചുനിന്നു.
ആലുവാ തന്ത്രവിദ്യാപീഠത്തില്‍നിന്ന് തന്ത്രി കല്‍പ്പുഴ ദിവാകരന് നമ്പൂതിരിയുടെ കീഴില്‍ താന്ത്രിക പഠനവും, മുത്തശ്ശനായ പുലിയൂര്ക്കുന്നം ശങ്കരന് നമ്പൂതിരിയില്‍ നിന്ന് മന്ത്രവാദക്രിയകളും, അണലക്കാട്ട് ശാസ്ത്രികൃഷ്ണന് നമ്പൂതിരിയില്‍ നിന്ന് ജ്യോതിഷവിദ്യയും പഠിച്ചതിനു ശേഷമാണ് അദ്ദേഹം സ്വന്തം ഇല്ലത്ത് തന്ത്രവിദ്യാലയത്തിന് തുടക്കമിട്ടത്.
ചെന്നൈ, ബെംഗളൂരു, ആന്‍ഡമാന്‍, കൊട്ടാരക്കര, കൊല്ലം, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളില്‍ പൂജാപഠനശിബിരങ്ങള് സംഘടിപ്പിച്ചു. വിവിധ ജാതികളില്‍പ്പെട്ട 1500-ലേറെ പേരെ തന്ത്രവിദ്യ അഭ്യസിപ്പിച്ചു. പുതുമന തന്ത്രവിദ്യാലയത്തിന്റെ മുഖ്യകാര്യദര്‍ശി പുതുമന മനു നമ്പൂതിരിയാണ്. ഉപാസനാ വിധികള്‍ പഠിക്കുന്നതിന് ആറ് മാസവും, ശാന്തി, തന്ത്രം എന്നീ മേഖലകളിലേക്ക് യഥാക്രമം ഏഴ് വര്‍ഷവും 12 വര്‍ഷവുമുള്ള പാഠ്യപദ്ധതിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുമന മഹേശ്വരന് നമ്പൂതിരിയുടെ 9447020655 എന്ന മൊബൈല്‍ നമ്പരില്‍ കോളുകള്‍ നിലയ്ക്കുന്നില്ല. തന്ത്രവിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് എല്ലാവര്ക്കും അറിയേണ്ടത്.
ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരുദേവന്, സ്വാമി വിവേകാനന്ദന് എന്നിവര്‍ കാട്ടിത്തരുന്ന പാതയിലൂടെയാണ് പുതുമന തന്ത്രവിദ്യാലയത്തിന്റെ യാത്ര. സംസ്ഥാനത്ത് ശബരിമല വിഷയത്തിന്റെ മറവില്‍ സവര്‍ണ-അവര്‍ണ വേര്‍തിരിവ് സൃഷ്ടിക്കുന്ന ഭരണകൂട ശക്തികള്‍ ഈ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകുന്നു. ജാതിയുടെ വേലിക്കെട്ടുകള്‍ ഭേദിക്കുന്ന ഈ സാമൂഹ്യ പരിവര്‍ത്തനത്തിന് അര്‍ഹമായ അംഗീകാരം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: