തിരുവനന്തപുരം: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് നെയ്യഭിഷേകത്തിനുള്ള അവസരം ഉണ്ടാക്കണമെന്ന് ഡിജിപിയോട് ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ടു. ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസാണ് ഡിജിപി ലോക്നാഥ് ബെഹ്റയോട് ആവശ്യം ഉന്നയിച്ചത്.
അയ്യപ്പഭക്തരോട് പോലീസ് മാന്യമായി പെരുമാറുന്നില്ല. സുരക്ഷയുടെ പേരില്‍ കഴിഞ്ഞ ദിവസം നട അടച്ചപ്പോള്‍ നെയ്യഭിഷേകം പോലും നടത്താന്‍ അനുവദിക്കാതെ ഭക്തരെ വിരട്ടി പമ്പയിലേക്ക് അയച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് പോലീസ് നടപടി വളരെ മനോവിഷമത്തിന് ഇടയാക്കി. പമ്പയില്‍ നിന്നും ശബരിമലയിലേക്ക് അയ്യപ്പ ഭക്തരെ കടത്തി വിടുന്ന സമയക്രമത്തിന് മാറ്റം വരുത്തണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.
എന്നാല്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ പോലീസ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നട തുറന്നപ്പോള്‍ പമ്പയുടെയും ശബരിമലയുടെയും നിയന്ത്രണം പോലീസില്‍ നിന്നും കൈവിട്ടുപോയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇത് സേനയ്ക്ക് നാണക്കേടുണ്ടാക്കി. അതിനാല്‍ നിയന്ത്രണം തുടരുമെന്നും ഡിജിപി വ്യക്തമാക്കി.
തുടര്‍ന്ന് ദേവസ്വം മന്ത്രുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പയില്‍ നിന്നും ശബരിമലയിലേക്ക് പുലര്‍ച്ചെ ഒരു മണിമുതല്‍ അയ്യപ്പഭക്തരെ കടത്തി വിടാന്‍ അനുവദിക്കാം എന്ന് ഡിജിപി സമ്മതിച്ചു. അതോടൊപ്പം രാത്രിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങി നെയ്യഭിഷേകത്തിനുള്ള അനുമതി നല്‍കാനുള്ള സംവിധാനം ഒരുക്കാമെന്നും കൂടിക്കാഴ്ചയില്‍ ധാരണയായി.
മുഖ്യമന്ത്രിയുമായും ഡിജിപി കൂടിക്കാഴ്ച് നടത്തി. കെ.പി. ശശികലടീച്ചറെ തടഞ്ഞതടക്കമുള്ള നടപടി മുഖ്യമന്ത്രിയോട് ഡിജിപി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: