കൊച്ചി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്ന് ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമലയില്‍ വിശ്വാസികള്‍ക്ക് പീഡിപ്പിക്കപ്പെടുകയാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ആരാധനാ കേന്ദ്രമെന്ന സ്ഥാനം ഇല്ലാതാക്കുകയാണ് ഒരു ലക്ഷ്യം, സ്വാമി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആചാര-നിയമവിരുദ്ധ അതിക്രമങ്ങളാണ് ശബരിമലയില്‍. ഭക്തരെ ദ്രോഹിക്കുകയും നിയമം പാലിക്കാനെന്ന വ്യാജേന സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുകയുമാണ് അവിടെ. ഇതിന് നേതൃത്വം നല്കുന്നവര് പിന്മാറണമെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ശക്തമായ ഭാഷയിലുള്ള താക്കീത്.
വിശ്വാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ ജാതിമത ഭേദം മറന്ന് വിശ്വാസികള്‍ പോരാടേണ്ട സമയമാണ്. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനു പോയ ഒരു ഭക്തയാണ് കെ.പി. ശശികല ടീച്ചര്‍. അവരെ അകാരണമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ചു. അസ്തമയം കഴിഞ്ഞ് ഉദയത്തിന് മുമ്പ് അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. അത്രവലിയ അസാധാരണ കുറ്റങ്ങള്‍ക്കാണ് അറസ്റ്റെങ്കില്‍ അതിന് മജിസ്ട്രേറ്റിന്റെ രേഖാമൂലം ഉത്തരവ് വേണം. സന്നിധാനത്തുനിന്ന് കൊച്ചു കുഞ്ഞുങ്ങളേയും മുത്തശിമാരേയും പോലും പോലീസ് ഇറക്കി വിടുന്നത് കുടിവെള്ളവും ശുചിമുറിയും പോലുമില്ലാത്ത പമ്പയിലേക്കാണ്, സ്വാമി പറഞ്ഞു.
തിരുവിതാംകൂര്‍ ദോവസ്വം ബേര്‍ഡിന്റെ ക്ഷേത്രമാണ്. അവിടെ ദേവസ്വം പ്രസിഡന്റല്ല, മുഖ്യമന്ത്രിയും ഡിജിപിയുമാണ് ഭരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ മകന് കോട്ടയം പോലീസ് എസ്പി: ഹരി ശങ്കറിനാ് മലയിലെ പോലീസ് ചുമതല. ശബരിമല തകര്‍ക്കാനുള്ള ആസൂത്രണങ്ങളും നടപടികളുമാണിപ്പോഴത്തേതെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും.
പട്ടികജാതി മോര്‍ച്ചയുടെ നേതാവ് അഡ്വ.പി. സുധീര്‍, അയ്യപ്പ ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാല്‍, സംന്യാസിയായ ബ്രഹ്മചാരി ഭാര്ഗവദാസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതും ചട്ടങ്ങള്‍ ലംഘിച്ചാണ്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്കാണ് നമ്മുടെ സമൂഹം നയിക്കപ്പെടുന്നത്, സ്വാമി വിശദീകരിച്ചു.
ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി. ദേവസ്വം മന്ത്രിയാണ് അറസ്റ്റിനെക്കുറിച്ച് പറയുന്നത്. അത് പോലീസ് തലവന്‍ പറയേണ്ടതാണ്. പോലീസാണ് ശബരിമലയിലെ കാര്യം പറയുന്നത്, അത് ദേവസ്വം ബോര്‍ഡ് പറയേണ്ടതാണ്. ഹിന്ദു സംസ്കൃതിക്കു മേല്‍ നടക്കുന്ന ഈ കടന്നുകയറ്റങ്ങള്‍ക്ക് ന്യായീകരണമില്ല. വിശ്വാസികള്‍ ശാന്തിക്ക് ശ്രമിക്കുമ്പോള്‍ ശാന്തി ലംഘിക്കുകയാണ് സര്‍ക്കാര്‍. എന്തോ ചില അജണ്ടകള്‍ നടപ്പാക്കുകയാണ്. അത് പുറത്തുകൊണ്ടുവരണം, സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: