റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്ന് നിര്‍മിച്ച് വാങ്ങിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ ഇടപാടുകള്‍ സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. കേസ് യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനേക്കുറിച്ചും മറ്റുമാകുമ്പോള്‍ അതിന്മേല് അന്തിമ തീരുമാനത്തിലെത്തണമെങ്കില്‍ അതിന്റെ സാങ്കേതികമായ അറിവുള്ള വ്യോമസേനയിലെ ഉന്നത റാങ്കിലുള്ളവരെ കോടതിയില്‍ വിളിച്ചുവരുത്തി സംശയ നിവൃത്തി വരുത്തണമെന്ന് കോടതിക്ക് തോന്നിയതും അപ്രകാരം ചെയ്തതും പ്രശംസനീയമായ ഒരു നടപടി തന്നെ. അങ്ങനെ ചെയ്യുമ്പോള്‍ കോടതി എത്തി ചേരുന്ന നിഗമനങ്ങളിലും എടുക്കുന്ന തീരുമാനങ്ങളിലും കക്ഷികള്‍ക്ക് മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്ന സാധാരണ ജനങ്ങള്‍ക്കും വിശ്വാസം ഉണ്ടാകുന്നു.
ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ ചിലര്‍ സമീപിച്ചപ്പോള്‍ കക്ഷികളുടെയെല്ലാം വാദം കേട്ട് അന്തിമവിധി പുറപ്പെടുവിക്കുന്നതിനു മുന്‍പായി ആ ക്ഷേത്രത്തിന്റെ മാത്രമായ പ്രത്യേകതയേയും അവിടുത്തെ ആചാരമര്യാദകളേയും കുറിച്ച് വ്യക്തമായ പരിജ്ഞാനമുള്ള പണ്ഡിതന്മാരില് ചിലരെയെങ്കിലും കോടതിയില്‍ വിളിച്ചു വരുത്തി അഭിപ്രായം ആരാഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് പോകുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ശബരിമല സന്നിധാനം വെറും ഒരു പൊതു സ്ഥലമാണെന്നും അവിടെ ഭരണഘടന പ്രകാരമുള്ള മൗലികാവകാശമുപയോഗിച്ച് ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാം എന്നുമുള്ള യാന്ത്രികമായ നിഗമനത്തില്‍ കോടതി എത്തുമായിരുന്നോ എന്ന് സംശയമുണ്ട്.
കോടതിയുടെ ഉപദേശകരായി നിയുക്തരായ രണ്ട് അമിക്കസ് ക്യൂറിമാരും ശബരിമല ക്ഷേത്രത്തിന്റെ തനത് ആചാരങ്ങളെക്കുറിച്ച് ഗഹനമായി മനസ്സിലാക്കിയാണോ കോടതിയെ കാര്യങ്ങള്‍ ഗ്രഹിപ്പിച്ചത് എന്നും വ്യക്തമല്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ട പോലെ, വിശ്വാസത്തിന്റെ കാര്യത്തില്‍ എല്ലായ്പ്പോഴും എഴുതി വച്ചിട്ടുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കില്ല.
ആര്.ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍.
ക്ഷേത്രങ്ങള്‍ തിരിച്ചുപിടിക്കണം
ദേവസ്വം ബോര്‍ഡ് അധികൃതരും പിണറായി സര്‍ക്കാരും ശബരിമലയില്‍ യുവതികളെ കയറ്റണമെന്നപിടിവാശി കാണിക്കുകയാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുകയാണ് ലക്ഷ്യം. 1200ഓളം ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിനുണ്ട്. ഇവിടങ്ങളിലെല്ലാം വരുമാനം ഭൂരിഭാഗംവരുന്ന ഹിന്ദുക്കളുടെ ക്ഷേമത്തിനോ ഉന്നമനത്തിനോവേണ്ടി ഉപയോഗിക്കാതെ ദേവസ്വംബോര്‍ഡ് കൊള്ളയടിക്കുകയാണ്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാട് കഴിക്കുകയോ അഞ്ചുപൈസ കാണിക്കയിടുകയോ ചെയ്യരുത്. ബിജെപി ഉള്‍പ്പെടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍നിന്നും ക്ഷേത്രങ്ങളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് കൊടുക്കണം. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സമുദായസംഘടനകളെയും ഒപ്പം കൂട്ടണം.
അരുണ്‍, അമ്പലപ്പുഴ.
ലോകസഭയിലെ മിണ്ടാപ്രാണികള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത്. എന്നാല്‍ നമ്മുടെ ജനപ്രതിനിധികളുടെ കാര്യമോ? അസംബ്ലിയായാലും ലോകസഭയിലായാലും തങ്ങളുടെ കാലാവധിക്കിടയില്‍ ഒരിക്കല്‍പോലും വാ തുറക്കാത്തവരാണധികവും. സഭയില്‍ കേരളത്തിലെ കാര്യമാണ് പറയുന്നതെങ്കില്‍ കോട്ടുവായിടാന്‍ വേണ്ടി മാത്രം വാ തുറക്കും. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാര്‍ പ്രാദേശിക പ്രശ്നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍, നമ്മുടെ എംപിമാര്‍ മിണ്ടാപ്രാണികളാകുകയാണ്.
എം. ശ്രീധരന്, വരവൂര്‍.
ജനങ്ങളുടെ താല്പര്യത്തിന് വിലയില്ല
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യോജിപ്പിലെത്താതെ പിരിഞ്ഞ പത്രവാര്ത്തവായിച്ചു. സുപ്രീംകോടതിയുടെ വിധി നടപ്പാക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സുപ്രീം കോടതി, പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22 ലേക്ക് മാറ്റിയതിനാല്‍ വിധി നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടുകളും പ്രളയാനന്തര പ്രശ്നങ്ങളും സര്‍ക്കാറിന് സുപ്രീം കോടതിയെ അറിയിച്ച് അയ്യപ്പവിശ്വാസികള്‍ക്കും സമൂഹത്തിനും ആശ്വാസം നല്കി മണ്ഡലമകരവിളക്കു കാലം സുഗമമാക്കാനുള്ള ശ്രമമല്ലേ നടത്തേണ്ടിയിരുന്നത്? ജനാധിപത്യത്തില്‍ ജനങ്ങളുടെ താത്പര്യവും പരിഗണിക്കേണ്ടതല്ലേ? ഏകാധിപത്യവും പിടിവാശിയും ജനാധി പത്യത്തില്‍ ഭരണാധികാരികള്‍ക്ക് യോജിച്ചതല്ല.
ശ്രീജിത്ത് വഞ്ഞോട്, മരുതായി, മട്ടന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: