ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ആലപ്പുഴ നഗരസഭ നോട്ടീസ് നല്കി. കെട്ടിട നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പത്ത് കെട്ടിടങ്ങള്‍ നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കുകയോ, മുന്‍സിപ്പില്‍ ബില്‍ഡിങ് ചട്ടം അനുസരിച്ച് പ്ളാന്‍ റഗുലറൈസ് ചെയ്യുകയോ വേണമെന്ന് നോട്ടീസില്‍ പറയുന്നു.
വ്യക്തമായ മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്നും നോട്ടീസില്‍ പറയുന്നു. വിസ്തീര്‍ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്നും ഉത്തരവിലുണ്ട്.
പ്ലാനില്‍ നിന്ന് വ്യതിചലിച്ചുമാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പഴയ കെട്ടിടങ്ങളുടെ വിസ്തീര്‍ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ചിട്ടുണ്ട്. റിസോര്‍ട്ടിന്റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി ഡയറക്ടര്‍മാരായ മാത്യുജോസഫ്, തോമസ് ചാണ്ടി എന്നിവര്‍ക്കാണ് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രഹസനമാണെന്നും ആക്ഷേപം ഉണ്ട്. പിഴയടച്ച് കെട്ടിടങ്ങള്‍ സാധുവാക്കാനുള്ള അവസരമാണ് ഇതിലൂടെ തോമസ് ചാണ്ടിക്ക് ലഭിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റിസോര്‍ട്ടിനു വേണ്ടി നികത്തിയ സ്ഥലം പൂര്‍വസ്ഥിതിയിലാക്കണമെന്ന മുന്‍ ആലപ്പുഴ കളക്ടര്‍ ടി.വി. അനുപമയുടെ ഉത്തരവിനെതിരെ തോമസ് ചാണ്ടി നല്കിയ അപ്പീല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: