ന്യൂദല്‍ഹി: വാജ്പേയി മന്ത്രിസഭയിലും മോദി സര്‍ക്കാരിലും ഭരണമികവ് പ്രകടിപ്പിച്ച അനന്ത് കുമാറിന്റെ നഷ്ടം ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും വലുതാണ്.
ആദ്യ എന്‍ഡിഎ സര്‍ക്കാരില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതല വഹിച്ച അദ്ദേഹം മോദി മന്ത്രിസഭയില്‍ രാസവള വകുപ്പിന്റെ ചുമതലയില്‍ ഏറെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. സഹപ്രവര്‍ത്തകന്റെ നഷ്ടം അദ്ദേഹത്തിന്റെ മന്ത്രാലയത്തിനും തനിക്കും വലുതാണെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രതികരണം.
വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അനന്ത്കുമാര്‍. വ്യോമയാനം, ടൂറിസം, കായികം, യുവജനകാര്യം, സാംസ്ക്കാരികം, നഗരവികസനം, ദാരിദ്ര്യനിര്‍മ്മാര്‍ജനം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
ഐടി വിദഗ്ധന്‍ നന്ദന് നിലേകനിയെ ബംഗളൂരു സൗത്തില്‍ പരാജയപ്പെടുത്തിയാണ് 2014ല്‍ അദ്ദേഹം ലോക്സഭയിലേക്കെത്തിയത്. കെമിക്കല്‍സ്-രാസവളം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായിരുന്ന അദ്ദേഹത്തിന് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യവകുപ്പിന്റെ ചുമതല കൂടി നിര്‍വഹിക്കേണ്ടിവന്നു.
പരിചയ സമ്പന്നനായ വെങ്കയ്യ നായിഡുവിന്റെ സ്ഥാനത്തേക്ക് പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതലക്കാരനായി അനന്ത്കുമാറിനെ നിയോഗിക്കാന്‍ പ്രധാനമന്ത്രിക്കും പാര്‍ട്ടിക്കും ഏറെ ആലോചിക്കേണ്ടിവന്നില്ല. ആറുതവണ ലോക്സഭാംഗമായതിന്റെ പരിചയ സമ്പത്തും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധവും പാര്‍ലമെന്ററികാര്യ മന്ത്രാലയത്തിന്റെ ചുമതലയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനെ സഹായിച്ചു.
രാസവള മന്ത്രാലയത്തില്‍ വരുത്തിയ അത്ഭുതകരമായ മാറ്റങ്ങള്‍ക്ക് അനന്ത്കുമാര്‍ നേതൃത്വം നല്കി. സ്വതന്ത്ര ഭാരതത്തില്‍ കര്‍ഷകര്‍ക്കായി നീക്കിവെയ്ക്കുന്ന യൂറിയ മറിച്ചുവില്‍ക്കുന്ന സമ്പ്രദായത്തിന് അന്ത്യം കുറിച്ചത് അനന്ത് കുമാറാണ്.
വേപ്പെണ്ണ ചേര്‍ത്ത യൂറിയ വിതരണത്തിനായി എത്തിച്ചതോടെ കര്‍ഷകര്‍ക്ക് യൂറിയയുടെ ലഭ്യത കൃത്യമായി തുടങ്ങി. ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണ മേഖലയ്ക്കായി ആരംഭിച്ച ജന്‍ ഔഷധി കേന്ദ്രങ്ങളുടെ വിജയകരമായ നടത്തിപ്പും അനന്ത് കുമാറിന്റെ മന്ത്രാലയത്തിന്റെ നേട്ടമായി.
കാന്‍സര്‍ രോഗികള്‍ക്ക് മാത്രമായി സര്‍ക്കാര്‍ ആശുപത്രി തുറക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനുള്ള അനുമതികള്‍ ലഭ്യമായ സമയത്താണ് അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിന്റെ അമ്മയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചത്. അതാണ് പാവപ്പെട്ടവര്‍ക്കും ചികില്‍സാച്ചെലവ് താങ്ങാന്‍ പറ്റുന്ന തരത്തിലുള്ള ആശുപത്രി തുടങ്ങാന്‍ അദ്ദേഹം ശ്രമം ആരംഭിച്ചിരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: