ചരിത്രത്തിലാദ്യമായി ഇടതുമുന്നണി സര്‍ക്കാര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാര്‍ഷികം സംസ്ഥാന വ്യാപകമായി കൊണ്ടാടുകയാണ്. 1936 നവംബര്‍ 12നാണ് ചിത്തിരതിരുനാള്‍ മഹാരാജാവ് ജന്മനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ആരാധിക്കുന്നതിനോ നിരോധനം ഉണ്ടാകാന്‍ പാടില്ല എന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ 81 വര്‍ഷവും ഈ വിളംബരത്തിന്റെ വാര്‍ഷികം കടന്നുപോയി. പട്ടികജാതി പട്ടികവര്‍ഗ്ഗവകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ അന്നേ ദിവസം മന്ത്രിയോ ചില ഉദ്യോഗസ്ഥരോ ദര്‍ശനം നടത്തുന്നതില്‍ ഒതുങ്ങിയിരുന്നു ഔദ്യോഗിക ആഘോഷം. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും അതുമുണ്ടായിട്ടില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ രജതജൂബിലിയും കനകജൂബിലിയും നാട്ടുകാരറിയാതെയാണ് കടന്നുപോയത്. ഇപ്പോള്‍ 82-ാം വാര്‍ഷികമാണ് ലക്ഷങ്ങള്‍ മുടക്കി ആഘോഷിക്കാന്‍ പിണറായി വിജയന് സര്‍ക്കാര്‍ തയ്യാറാകുന്നത്. 82ന്റെ പ്രത്യേകത എന്തെന്ന് വിശദീകരണമില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിവാദം ശക്തമായി നില്ക്കുമ്പോള് അതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് വേദിയൊരുക്കിക്കൊടുക്കുക എന്നതു മാത്രമാണ് ആഘോഷത്തിന്റെ അജണ്ട.
കേരളത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു ക്ഷേത്രപ്രവേശന വിളംബരം എന്നതില്‍ തര്‍ക്കമില്ല. അവര്‍ണരിലെ പ്രതിഭാശാലികളും സവര്‍ണരിലെ ഉല്പ്പതിഷ്ണുക്കളും ഒന്നിച്ചു ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ വിജയംകൂടിയായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ, സിപിഎമ്മിനോ ഒരുവിധ പങ്കുമില്ലാതിരുന്ന പോരാട്ടം. മാത്രമല്ല, കേരള നവോത്ഥാന ചരിത്രത്തിലെ മറ്റു നാഴികക്കല്ലായിരുന്ന ചാന്നാര്‍ ലഹള (1813) ആരംഭിക്കുമ്പോള്‍ കാറല്‍മാര്‍ക്ക്സ് (1818) ജനിച്ചിരുന്നുപോലുമില്ല. അയിത്തോച്ചാടന പ്രസ്ഥാനവും (1917), വൈക്കം സത്യഗ്രഹവും (1924), പന്തിഭോജനവും (1924), ഗുരുവായൂര്‍ സത്യഗ്രഹവും (1931), ക്ഷേത്രപ്രവേശന വിളംബരത്തിന് മുന്നോടിയായി നടന്ന നവോത്ഥാന മുന്നേറ്റങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ രൂപംകൊള്ളുന്നതിന് (1939) വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതൊക്കെ നടന്നത്. എന്നിട്ടും കേരളത്തെ കേരളമായി മാറ്റിയത് കമ്മ്യൂണിസ്റ്റുകളാണെന്ന പ്രചരണമാണ് ഇ.എം.എസ് മുതലുള്ള നേതാക്കള്‍ പറഞ്ഞുവന്നിരുന്നത്. ശബരിമല പ്രശ്നം വന്നതോടെ നവോത്ഥാന പാരമ്പര്യം ശ്രീനാരായണഗുരുവിനും ചട്ടമ്പിസ്വാമികള്‍ക്കും അയ്യാഗുരുവിനും അയ്യങ്കാളിക്കുമൊക്കെ കൊടുക്കാന്‍ മനസ്സില്ലാമനസ്സോടെ തയ്യാറാകുന്നുണ്ട്. എന്നാല്‍ അവരുടെ പിന്തുടര്ച്ചക്കാര് തങ്ങളാണെന്ന് വരുത്താനാണ് നീക്കം. ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം പെട്ടെന്ന് ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും ഇതാണ്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാഷ്ട്രീയത്തിനപ്പുറം ഒരു തരത്തിലുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങളും നടത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അതേസമയം ആദ്ധ്യാത്മരംഗത്തും സാംസ്കാരിക രംഗത്തും നവോത്ഥാനം കൊണ്ടുവരാന്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുകയും അതില്‍ വിജയംവരിക്കുകയും ചെയ്തു. രാമായണമാസാചരണം നടത്തി ഭക്തിയുടെ അന്തരീക്ഷം ഉണ്ടാക്കിയതും ബാലഗോകുലം പോലുള്ള സാംസ്കാരിക പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് സംസ്കാരത്തെയും പാരമ്പര്യത്തെയും പിടിച്ചുനിര്‍ത്തിയതും ആര്‍എസ്എസ് പ്രചാരകന്മാര് മുന്‍കൈയെടുത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ്. ഇതിന്റെ തിലകക്കുറിയായിരുന്നു പാലിയം വിളംബരം. ജന്മംകൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ഒരാള്‍ ബ്രാഹ്മണനാകുന്നതെന്ന് പ്രഖ്യാപിച്ച് എല്ലാവര്ക്കും ഈശ്വരപൂജയ്ക്ക് അവകാശമുണ്ടെന്ന് തീര്‍ച്ചപ്പെടുത്തിയ സംഭവമായിരുന്നു ഇത്. കേരളത്തില്‍ പൂജാവിധികള്‍ക്ക് ഏകീകൃതസ്വഭാവമുണ്ടാകണമെന്ന് ശങ്കരാചാര്യരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആര്‍എസ്എസ് പ്രചാരകനായിരുന്ന പി. മാധവന്, ബ്രാഹ്മണ പണ്ഡിതന്മാരെയും പറവൂര്‍ ശ്രീധരന് തന്ത്രിയെയും വിളിച്ചുകൂട്ടി പൂജാതന്ത്ര ശിബിരങ്ങള്‍ സംഘടിപ്പിച്ചു. പാലിയം വിളംബരം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ആലുവയില്‍ എല്ലാവര്ക്കും പൂജ പഠിക്കാവുന്ന തന്ത്രവിദ്യാപീഠം സ്ഥാപിച്ചതും ആര്‍എസ്എസാണ്. പിണറായി സര്‍ക്കാര്‍ അബ്രാഹ്മണനെ ആദ്യമായി പൂജാരിയാക്കിയെന്ന് അവകാശപ്പെടുമ്പോള്‍ ആ പൂജാരി പൂജ പഠിച്ചത് ഈ തന്ത്രവിദ്യാപീഠത്തിലായിരുന്നു എന്നത് ബോധപൂര്‍വ്വം മറക്കുന്നു. ക്ഷേത്രപ്രവേശന വിളംബരം നടക്കുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തനം ഇല്ലായിരുന്നുവെങ്കിലും പിന്നീടുണ്ടായ സമാന നവോത്ഥാന മുന്നേറ്റങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ് തന്നെയായിരുന്നുവെന്നത് ചരിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: