ആലക്കോട്: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിശ്വാസ സമൂഹത്തെ അവഹേളിക്കുന്നതില്‍ പ്രതിഷേധിച്ച് തേര്‍ത്തല്ലിയില്‍ നാമജപയാത്ര നടത്തി. തേര്‍ത്തല്ലി പനംകുറ്റി അയ്യപ്പക്ഷേത്രം, രയരോം സുബ്രഹ്മണ്യക്ഷേത്രം, ഇടത്തുകരി ഭഗവതിക്ഷേത്രം, കൂടപ്രം വയനാട്ടുകുലവന്‍ ദൈവക്ഷേത്രം, വണ്ണാത്തിക്കടവ് മുത്തപ്പന് ക്ഷേത്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ പനം കുറ്റി അയ്യപ്പക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച നാമജപയത്ര തേര്‍ത്തല്ലി ടൗണില്‍ സമാപിച്ചു. യാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.
സിപിഎം സംഘം ഈ മേഖലയിലെ മുഴുവന്‍ വീടുകളിലും കയറി നാമജപയാത്രയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇത് അവഗണിച്ച് നൂറുകണക്കിന് ഭക്തജനങ്ങളാണ് യാത്രയില്‍ പങ്കെടുത്തത്. മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുവാദം പോലും പോലീസ് നല്‍കിയിരുന്നില്ല. അരങ്ങത്ത് സിപിഎമ്മിന് മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്കിയ പോലീസ് തേര്‍ത്തല്ലിയില്‍ നാമജപയാത്രക്ക് മൈക്ക് അനുവദിക്കാഞ്ഞത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഗോക്കടവ് ചന്ദ്രശേഖരന് നായര്‍, എം.ജി.ജയേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: