തിരുവനന്തപുരം: ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാന്‍ അപ്രായോഗിക നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കടുത്ത നിയന്ത്രണങ്ങളുമായി അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കാനുള്ള നീക്കത്തിനെതിരെ ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ എതിര്‍പ്പ് ശക്തം.
ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്താനുമുള്ള നീക്കം അപ്രായോഗികമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചിത്തിര ആട്ടവിശേഷത്തിന് എത്തിയ പതിനയ്യായിരം പേരെ നിയന്ത്രിക്കാനായില്ല, പിന്നെ അഞ്ചരക്കോടിയോളം പേരെ എങ്ങനെ നിയന്ത്രിക്കുമെന്ന് അവരുടെ ചോദ്യം. ഭക്തരെ കഴിയുന്നത്ര ഉപദ്രവിച്ച്, ശബരിമലയില്‍ നിന്ന് പരമാവധി അകറ്റുകയാണ് ഇടതു സര്‍ക്കാര്‍ ലക്ഷ്യം. തുഗ്ലക്കിന്റെ തരത്തിലുള്ള പരിഷ്ക്കാരങ്ങളാണിവയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
വാഹനങ്ങളിലെത്തുന്നവര്‍ അവരുടെ പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് വാങ്ങണമെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. പാസില്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലില്‍ പാര്‍ക്കിങ് അനുവദിക്കില്ല. അവരെ വഴിതിരിച്ചുവിടും. മണ്ഡലകാലത്ത് ഓരോ സ്റ്റേഷന് പരിധിയില്‍ നിന്ന് ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ ശബരിമലയ്ക്ക് പോകും. പാസ് നല്കിയാല് മാത്രം പോരാ ഭക്തരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശമുണ്ട്. ഇവ നടപ്പാക്കാന്‍ നിലവിലെ ഉദ്യോഗസ്ഥര്‍ മതിയാകില്ല.
പാസില്ലാത്ത വാഹനങ്ങളെ വഴിതിരിച്ചുവിടുന്നത് സംഘര്‍ഷത്തിനും മറ്റ് പ്രശ്നങ്ങള്‍ക്കും വഴിതെളിക്കും. തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ എന്തു ചെയ്യുമെന്നതിന് വ്യക്തമായ ഉത്തരമില്ല.
ഇതരസംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദേശം നല്കാന് കേരള ഡിജിപിക്കാകില്ല. ആയിരക്കണക്കിന് വാഹനങ്ങളെത്തുമ്പോള്‍ ഓരോ വാഹനങ്ങളും പരിശോധിക്കുമ്പോഴുണ്ടാകുന്ന താമസം പത്തനംതിട്ട ജില്ല നിശ്ചലമാക്കും. വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നത് സ്വദേശ-ഇതരസംസ്ഥാന ഭക്തരുടെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണുള്ളത്. 48 മണിക്കൂറിനുള്ളില്‍ തീര്‍ഥാടകര്‍ ദര്‍ശനം കഴിഞ്ഞു മടങ്ങണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ റൗണ്ട് ട്രിപ് ടിക്കറ്റേ നല്‍കൂ. ഇതിനായി കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനത്തെയും വെര്‍ച്വല്‍ ക്യൂ സംവിധാനത്തെയും തിരക്ക് നിയന്ത്രിക്കാനുള്ള പോലീസിന്റെ ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സംവിധാനവുമായി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇതും പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലയ്ക്കലില്‍ നിന്ന് ഭക്തര്‍ കാല്‍നടയായി എത്തിയാല്‍ നിയന്ത്രിക്കാനാകില്ല.
ശബരിമലയിലെ കടകളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നുണ്ട്. ഇതുപോലെ പമ്പയിലെത്തുന്ന മുഴുവന്‍ പേര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ സംവിധാനം നല്‍കാനും അത് മരക്കൂട്ടത്തിലും സന്നിധാനത്തും പരിശോധിക്കാനും ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, ഇതൊന്നും പ്രായോഗികമാകില്ലെന്നും ഭക്തരെ വലയ്ക്കുമെന്നും വര്‍ഷങ്ങളായി ശബരിമലയിലെ സുരക്ഷാ ജോലി നോക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: