തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു. നിഷ്പക്ഷമായി പരീക്ഷാച്ചുമതലകളും ഇന്റര്‍വ്യൂവും നടത്തേണ്ട ചെയര്മാന് അഡ്വ.എം. രാജഗോപാലന്‍ നായരുടെ സിപിഎം അനുകൂല നിലപാടുകളാണ് ബോര്‍ഡിന്റെ വിശ്വാസ്യത തകര്‍ക്കുന്നത്.
ശബരിമലയില്‍ യുവതീപ്രവേശം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നതു മുതല്‍ ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡ് ചെയര്‍മാനും മുന്‍ ദേവസ്വം പ്രസിഡന്റുമായ അഡ്വ.എം. രാജഗോപാലന്‍ നായരാണ് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേക്കാള്‍ ആവേശത്തിലാണ് യുവതീപ്രവേശത്തെ അനുകൂലിച്ചും ദേവസ്വംബോര്‍ഡിനെയും സര്‍ക്കാരിനെയും ന്യായീകരിച്ചും ചര്‍ച്ചകളില്‍ രാജഗോപാലന്‍ നായര്‍ നിലപാടെടുക്കുന്നത്. ഇതാണ് ഉദ്യോഗാര്‍ത്ഥികളില്‍ സംശയം ഉയര്‍ത്തുന്നത്. സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന ഒരാള്‍ നിഷ്പക്ഷമായി എങ്ങനെ അഭിമുഖ പരീക്ഷകള്‍ നടത്തുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.
മുന്‍പ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ ലഭിച്ച ദേവസ്വം രേഖകളെ സിപിഎം അനുകൂലമായി വളച്ചൊടിക്കുന്നു എന്നാണ് മറ്റൊരു ആരോപണം. തന്ത്രികുടുംബത്തെയും പന്തളം രാജകുടുംബത്തെയും അവഹേളിക്കുന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടത്തുന്നു. പലപ്പോഴും വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തില്‍ സംസാരിക്കുന്നു. സിപിഎം നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ചര്‍ച്ചകളില്‍ മറുപടി പറയുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
നിയമനങ്ങളിലെ അഴിമതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ അഴിമതി നടക്കുന്നുവെന്നും ആരോപണമുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങള്‍ നിരവധിയാണ് പ്രചരിക്കുന്നത്. കൊച്ചിന് ദേവസ്വം ബോര്‍ഡിലെ കഴക ജോലിക്കായി ലക്ഷങ്ങള്‍ ചോദിച്ചുകൊണ്ടുള്ള വാട്സാപ് സന്ദേശമാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ റിക്രൂട്ട്മെന്റ് ബോര്‍ഡ് സൈബര്‍സെല്ലിന് പരാതി നല്കി തലയൂരി. നേരത്തെ അസിസ്റ്റന്റ് ഓവര്‍സിയര്‍മാരുടെ നിയമനത്തിനും പണം ആവശ്യപ്പെട്ട സംഭവത്തില്‍ ബോര്‍ഡ് വിജിലന്‍സില്‍ പരാതി നല്കി. ഇതെല്ലാം ബോര്‍ഡിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
പിന്തിരിപ്പിക്കാന് ശ്രമിക്കേണ്ട: എം. രാജഗോപാലന്‍ നായര്‍
അഭിഭാഷകന് എന്ന നിലയിലാണ് താന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്മാന് അഡ്വ.എം. രാജഗോപാലന്‍ നായര്‍. സുപ്രീംകോടതി വിധിയെയും ദേവസ്വം ബോര്‍ഡ് നിയമങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ് എന്നിവയുടെ അധികാരങ്ങളും ചര്‍ച്ച ചെയ്യും. അല്ലാതെ ഒരു പാര്‍ട്ടിക്ക് വേണ്ടിയും സംസാരിക്കുന്നില്ല. ഇത്തരം വിമര്‍ശനങ്ങള്‍ കേട്ട് പിന്മാറില്ലെന്ന് രാജഗോപാലന്‍ നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: