മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ സ്റ്റേഷന് ക്ലീനിംഗിന് 25 ഒഴിവുകളിലേക്ക് രണ്ടായിരത്തില്‍പ്പരം അപേക്ഷകര്‍. ഇന്നലെ കാലത്തു മുതലാണ് ഇതിനുള്ള ഇന്റര്‍വ്യൂ മട്ടന്നൂരിലെ സ്വകാര്യ ഹോട്ടലില്‍ നടന്നത്. പത്രങ്ങളിലോ മറ്റോ അറിയിപ്പു നല്‍കാതെയാണ് ഇന്റര്‍വ്യൂ നടന്നതെങ്കിലും കാലത്തു തന്നെ വന്‍ തിരക്ക് അനുഭവപ്പെട്ടു.35 വയസ്സാണ് പ്രായപരിധി എങ്കിലും 58 കാരും ക്യൂവില്‍ നിന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വിവരം മുന്‍കൂട്ടി അറിഞ്ഞതിനാല്‍ ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രവര്‍ത്തകരെ ബയോഡാറ്റയുമായി എത്തിക്കുകയായിരുന്നു. എസ്എന്‍സി ഏജന്‍സിയാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത്.
നവംബര്‍ 15 മുതല്‍ ഇവര്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ ചുമതലയേല്‍ക്കും. വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ 70 പേരെയാണ് ആവശ്യം. ഇതില്‍ ആദ്യ ഘട്ടത്തിലെ 25 പേരെ തെരഞ്ഞെടുക്കാനാണ് ഇന്നലെ ഇന്റര്‍വ്യൂ നടത്തിയത്. ഇതില്‍ ഭൂരിഭാഗം ഒഴിവും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നീക്കിവെച്ചിട്ടുമുണ്ട്. സപ്തംബര്‍ രണ്ടാം വാരം ശൗചാലയ ശുചീകരണത്തിന് 200 ഓളം ഒഴിവുകളില്‍ നാലായിരത്തോളം അപേക്ഷകര്‍ എത്തിയിരുന്നു. അന്നും പത്രങ്ങളിലോ മറ്റോ അറിയിപ്പു നല്‍കാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ വഴിയാണ് ആയിരങ്ങള്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: