അടിയന്തരാവസ്ഥക്കാലത്തുപോലും യാതൊരു വിലക്കുമില്ലാതെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശബരിമലയില്‍ പോകാനായി. വാര്‍ത്ത ശേഖരിക്കുന്നതിനോ, അത് പ്രസിദ്ധീകരിക്കുന്നതിനോ ഒരുവിധ തടസ്സവുമുണ്ടായില്ല. പോലീസ് പരിശോധനയോ മുന്‍കൂര്‍ അനുമതിയോ ഇല്ലാതെ പത്രപ്രവര്‍ത്തകര്‍ മലചവിട്ടി. എന്നാല്‍ ചരിത്രത്തിലാദ്യമായി ശബരിമലയില്‍ മാധ്യമവിലക്ക് വന്നിരിക്കുന്നു. ശബരിമലയില്‍ മാത്രമല്ല, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളിലൊക്കെ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ പറയുമ്പോഴാണ് കേരളത്തില്‍ ഈ ദുരവസ്ഥ.
ലോകത്തെവിടെയെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അതിക്രമമുണ്ടായാല്‍ അതിന്റെ പേരില്‍ സമരവും സെമിനാറും സംഘടിപ്പിക്കുന്ന പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ തന്നെ കാരണമില്ലാതെ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിരിക്കുകയാണ്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് തടയുന്നതെന്നാണ് പോലീസിന്റെ ഭാഷ്യം. കഴിഞ്ഞ തുലാമാസ പൂജാസമയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപകമായ അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നും വിശദീകരണം.
എന്നാല്‍ വിശദീകരണം കല്ലുവച്ച നുണയാണെന്നതാണ് യാഥാര്‍ത്ഥ്യം. പമ്പയിലോ നിലയ്ക്കലിലോ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അതിക്രമമൊന്നുമുണ്ടായില്ല. ഒറ്റപ്പെട്ട ചില വിഷയങ്ങള്‍ എന്നതിലപ്പുറം ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ആരോ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ മലയിറങ്ങുകയായിരുന്നു. യുവതീ പ്രവേശനം തടയാന്‍ എത്തിയിരിക്കുന്ന ഭക്തര്‍ തങ്ങളെ ആക്രമിക്കുമെന്ന് പേടിച്ചാണ് ഇതെന്നായിരുന്നു പറഞ്ഞുപരത്തിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധവേളയിലും സിറിയന്‍ കലാപ ഭൂമിയിലും കാശ്മീര്‍ യുദ്ധമുഖത്തുമൊക്കെ നേരിട്ട് എത്തി പത്രപ്രവര്‍ത്തനം ചെയ്തവരുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്നവര്‍ നിരായുധരായ അയ്യപ്പന്മാരെ ഭയന്നോടിയെന്ന് വിശ്വസിക്കാനാവില്ല.
ഏതോ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ശബരിമലയിറക്കം. പത്രസ്വാന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും നാഴികയ്ക്ക് നാല്പതുവട്ടവും അഭിപ്രായം പറയുന്നവരാരുടെയും മാധ്യമങ്ങളുടെ നാണംകെട്ട പ്രവര്‍ത്തിയെക്കുറിച്ച് നാവുപൊങ്ങിയില്ല. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മലചവിട്ടേണ്ടായെന്ന തീരുമാനത്തിന് പിന്നിലും ഗൂഢലക്ഷ്യമുണ്ടെന്ന് വ്യക്തം.
അതെന്താണെന്ന് കൃത്യമായി അറിയാനേ ബാക്കിയുള്ളൂ. കഴിഞ്ഞതവണ ആക്ടിവിസ്റ്റുകള്‍ക്ക് അകമ്പടിയുമായി പോലീസ് മലചവിട്ടുന്നതും നാണംകെട്ട് ഇറങ്ങിയതുമൊക്കെ മാധ്യമങ്ങള്‍ തല്‍സമയം വാര്‍ത്തയാക്കിയിരുന്നു. ഭക്തന്മാര്ക്കെതിരെ പോലീസ് അതിക്രമം കാട്ടുന്നതും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുന്നതുമൊക്കെ ചാനലുകളില്‍ വന്നു. ഇതൊക്കെ ഒഴിവാക്കുകയാകാം ഇപ്പോഴത്തെ വിലക്കിന്റെ ഉദ്ദേശ്യം.
മാധ്യമധര്‍മ്മത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ മാധ്യമമേഖലയില്‍ സജീവമായി ഉണ്ട് എന്നത് വിസ്മരിക്കാനാവില്ല. ഇത്തരം ചില അനഭിലഷണീയമായ കാര്യങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ മാധ്യമസ്വാന്ത്ര്യത്തെ ഹനിക്കുന്നതായി വ്യാഖ്യാനിച്ച് ബഹളം വച്ചവരാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍.
മാധ്യമമുതലാളിമാരും, മാധ്യമപ്രവര്‍ത്തക സംഘടനകളുമൊക്കെ കേന്ദ്ര സര്‍ക്കാരിനെതിരെ ഉറഞ്ഞുതുള്ളി. എന്നാല്‍ ചരിത്രത്തിലാദ്യമായി മാധ്യമപ്രവര്‍ത്തകരെ ക്ഷേത്രപരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നു വിലക്കിയിട്ട് എല്ലാവരും പുലര്‍ത്തുന്ന മൗനം അംഗീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വ്യാഖ്യാനിക്കപ്പെടുന്ന മാധ്യമത്തിന്റെ ധര്‍മ്മം പുലരണമെങ്കില്‍ ഇതിനെതിരെ ജനകീയ വികാരം ഉയരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: