ദേവസ്വം ബോര്‍ഡിനെ തൊഴുത്തില്ക്കെട്ടാനാണിപ്പോള് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപിത നീക്കം. ഫലത്തില്‍, അതു നടന്നുകഴിഞ്ഞു എന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നതും. അങ്ങനെയങ്ങു കെട്ടാന്‍ സാധിക്കുമോ, അതിനൊക്കെ ചില ചിട്ടവട്ടങ്ങളില്ലേ എന്നൊക്കെ സംശയിക്കുന്നവരാണ് ചരിത്രവും ചട്ടവും സംബന്ധിച്ചു വിവരമുള്ള പലരും. പക്ഷേ, താന്‍ പറയുന്നതിനപ്പുറം ഒരു ചട്ടവും ചരിത്രവുമില്ല എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ബോര്‍ഡ് ആ നിലയിലാണെങ്കില്‍ ശബരിമല ക്ഷേത്രവും തന്ത്രിയും ക്ഷേത്രേശന്മാരായ പന്തളം കൊട്ടാരവും അതിനുകീഴിലേ വരൂ എന്നും മുഖ്യന് ഉറപ്പുണ്ട്. അതായത് ശബരിമല സംബന്ധിച്ച് എന്തു തീരുമാനിക്കാനും നടപ്പാക്കാനും തനിക്ക് അധികാരമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ അപ്രഖ്യാപിത നിലപാട്. തിരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡ് പ്രസിഡന്റ് പോലും അതിനനുസരിച്ചുവേണം നില്ക്കാന്. ദേവസ്വം മന്ത്രിയോ ദേവസ്വംബോര്‍ഡ് പ്രസിഡന്റോ പറയുന്നത് മുഖ്യമന്ത്രിയുടെ ഒരു കണ്ണുരുട്ടലില്‍ തകിടം മറിയുമെങ്കില്‍ ബോര്‍ഡിന്റെ സ്വയംഭരണാവകാശത്തിന് എന്താണ് പ്രസക്തി?
ദേവസ്വങ്ങളേയും വിശ്വാസത്തേയും ആചാരങ്ങളേയും സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ ദേവസ്വം ബോര്‍ഡ്, മാറിമാറി വരുന്ന ഭരണകക്ഷികളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നൊരു സംവിധാനമായി മാറുന്നത് ഹൈന്ദവ ജനതയെ ആശങ്കാകുലരാക്കുന്നെങ്കില്‍ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അതിനപ്പുറം, ബോര്‍ഡും മന്ത്രിയും മന്ത്രിസഭയും ഉണ്ടെങ്കിലും ഞാന്‍ പറയുന്നതു മാത്രമാണ് പ്രമാണം എന്ന ഈ നിലപാടല്ലേ യഥാര്‍ഥ ഫാസിസം? ഊണിലും ഉറക്കത്തിലും, ഫാസിസത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുന്നവര്‍ തന്നെയാണ് ഇതു നടപ്പാക്കുന്നത്. അതും ഹിന്ദുക്കള്‍ വൈകാരികമായി ഏറ്റെടുത്തിരിക്കുന്ന ഒരു വിഷയത്തില്‍. മുഖ്യന്ത്രി നടപ്പാക്കാന്‍ പോകുന്നതു സുപ്രീം കോടതി വിധിയോ മന്ത്രിസഭയുടെ നയമോ അല്ല സ്വന്തം താത്പര്യവും പിടിവാശിയും മാത്രമാണെന്നതിന് ഇതിലപ്പുറം എന്താണു തെളിവുവേണ്ടത്?
ഒരാള്‍ പറഞ്ഞതുകൊണ്ടുമാത്രം സത്യം സത്യമല്ലാതാവില്ല എന്ന യാഥാര്‍ഥ്യം മുഖ്യമന്ത്രി ഒഴികെ എല്ലാവര്ക്കും മനസ്സിലാകത്തക്കവിധം തുറന്ന പുസ്തകമായി മുന്നിലുണ്ട്. അതു കഴിഞ്ഞദിവസം പന്തളം കൊട്ടാരത്തിലെ ഇന്നത്തെ തലമുറ വ്യക്തമാക്കുകയും ചെയ്തു. ശബരിമലയിലെ ആചാരങ്ങള്‍ സംബന്ധിച്ച് ദേവസ്വം ബോര്‍ഡോ, ബോര്‍ഡിനെ നിലയ്ക്ക് നിര്‍ത്താനിറങ്ങിയ മുഖ്യമന്ത്രിയോ അല്ല അവസാന വാക്കെന്നും അതിനുള്ള അവകാശം ക്ഷേത്രേശന്മാരായ പന്തളം കൊട്ടാരത്തിനും തന്ത്രിക്കുമാണെന്നും കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ പറഞ്ഞു.
ക്ഷേത്രം ഭക്തരുടേതാണെന്നും പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുള്ളതു പിതൃപുത്രബന്ധമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു. കരാര്‍പ്രകാരം ദേവസ്വം ബോര്‍ഡിന് വിട്ടുകൊടുത്തിട്ടുള്ളത് ആചാരങ്ങള്‍ നടപ്പാക്കാനുള്ള ചുമതല മാത്രം. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഭക്തരുടെ വികാരം ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം നില്‍ക്കുന്നത്. ഒരേ വിഷയത്തില്‍ നിലപാടു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും കൊട്ടാരം പ്രതിനിധികളും ഉപയോഗിച്ച ഭാഷയിലെ വ്യത്യാസം തന്നെ നമ്മോടു പലതും സംവദിക്കുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ വാക്കില്‍പ്പോലും മാന്യത വേണ്ട എന്ന നിലയിലേയ്ക്കു നമ്മുടെ ഭരണസംവിധാനം തരംതാണിരിക്കുന്നു.
തെറ്റുകളും നുണകളും ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ അത് സത്യമായി മാറും എന്ന കമ്യൂണിസ്റ്റ് സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍. ശബരിമലയില്‍ 1991നു മുന്‍പ് യുവതികള്‍ പ്രവേശിക്കാറുണ്ടായിരുന്നു എന്ന വാദം അദ്ദേഹം തുടരെ ആവര്‍ത്തിക്കുകയാണ്. ഇതുസംബന്ധിച്ച ഒരു കോടതിവിധി അന്ന് വന്നിരുന്നു എന്നത് സത്യമാണെങ്കിലും അത് നിലവിലുള്ള ആചാരത്തെ സംരക്ഷിക്കണമെന്നും ആചാരലംഘനം നടത്തിയവരെ ശിക്ഷക്കണമെന്നുമുള്ള ഒരു പരാതിയേത്തുടര്‍ന്നായിരുന്നു.
നൂറ്റാണ്ടുകളായി നിലനിന്നുവന്ന ആചാരത്തേയാണ് നുണ ആവര്‍ത്തിച്ച് തിരുത്തിയെഴുതാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്. രണ്ടു നൂറ്റാണ്ടു മുന്‍പത്തെ രേഖകള്തന്നെയുണ്ട് ഈ ആചാരത്തിന്റെ ചരിത്രം തെളിയിക്കാന്‍. 200 വര്‍ഷം മുന്‍പും ഇതേ ആചാരം നിലനിന്നിരുന്നു എന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ ഒരു സര്‍വെ സംബന്ധിച്ച രേഖ വ്യക്തമാക്കുന്നുണ്ട്. സ്വന്തം നിലപാടുകള്‍ക്കപ്പുറം ഒന്നും അംഗീകരിക്കാന്‍ തയ്യാറില്ലാത്തവര്‍ക്ക് അതൊന്നും ബാധകമല്ലെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: