വരുമാനം നോക്കി ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയും വന്‍ വരുമാനം ഉണ്ടായിട്ടും അതു ക്ഷേത്രങ്ങളുടെ ഉന്നതിക്കു വേണ്ടിയോ ഹൈന്ദവ സംസ്കാരത്തിന്റെ നന്മയ്ക്കോ ഉപയോഗപ്പെടുത്താതിരിക്കുകയും ചെയ്യുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടികള്‍ എന്നും വിവാദവിഷയമാട്ടുണ്ട്. ദേവസ്വങ്ങളുടെ ഭരണച്ചുമതല ദേവസ്വം ബോര്‍ഡിനാണുള്ളത്. സര്‍ക്കാരിനു കീഴിലാണെങ്കിലും അതിനു സ്വതന്ത്ര പ്രവര്‍ത്തനച്ചുമതലയുണ്ട്. ദേവസ്വങ്ങളുടേയും വിശ്വാസികളുടേയും താത്പര്യ സംരക്ഷണവും ക്ഷേത്രങ്ങളുടെ ഉന്നമനവും അതില്‍പ്പെടും. ക്ഷേത്ര ഭണ്ഡാരങ്ങളില് നിന്നുതന്നെ വരുന്ന കോടികള്‍ എവിടെപ്പോകുന്നു എന്ന ചോദ്യവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. നിത്യനിദാനത്തിനു പോലും പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നില്ലെന്ന സത്യവും നിലനില്ക്കുന്നു. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വിവാദമായതോടെ ദേവസ്വംബോര്‍ഡിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികള്‍ക്കു പുതിയ മാനം കൈവരുകയും ചെയ്തു. ഇതിനെ ചെറുക്കാനാണ് ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കിവരുന്നതായി പ്രചാരമുണ്ടായിരിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നതായാണ് അവകാശവാദം. പക്ഷേ, ഇതു തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണെന്നു ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. അക്കാര്യമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷേത്രങ്ങള്‍ക്കു പ്രത്യേക നികുതിചുമത്തുകയും ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. രാജഭരണത്തില്‍ തിരുവിതാംകൂറില്‍ ക്ഷേത്രങ്ങള്‍ക്കു നല്‍കിയിരുന്ന ഭൂസ്വത്തുക്കളാണു ബ്രിട്ടീഷ് സര്‍ക്കാര്‍ പിടിച്ചെടുത്തു കണ്ടുകെട്ടിയത്. ജംഗമ സ്വത്തുക്കളും പിടിച്ചെടുത്തിരുന്നു. നികുതി വ്യവസ്ഥതന്നെ മറ്റുള്ളവരെ അപേക്ഷിച്ചു ഹൈന്ദവ വിശ്വാസികള്‍ക്കു കനത്തതായിരുന്നു. ജനകീയ സര്‍ക്കാര്‍ വന്നശേഷവും ഈ വിവേചനത്തിനു കാര്യമായ പരിഹാരമുണ്ടായില്ല. പിടിച്ചെടുത്ത സ്വത്തുക്കളെക്കുറിച്ച് പഠിച്ചു പരിഹാരം ചെയ്യുന്നതിനു പകരമായി ഏര്‍പ്പെടുത്തിയ ഉടമ്പടി പ്രകാരമുള്ള തുകയെയാണ് ഗ്രാന്റായി വിശേഷിപ്പിക്കുന്നത്. അതു ക്ഷേത്രങ്ങള്‍ക്കു കിട്ടേണ്ട അര്‍ഹതപ്പെട്ട തുകയാണ്. ഗ്രാന്റല്ല. ഭാരത സര്‍ക്കാരും തിരുവിതാംകൂര്‍ മഹാരാജാവുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം വര്‍ഷം തോറും 49.5 ലക്ഷം രൂപയാണു നല്‍കുന്നത്. ഇത് ദേവസ്വംബോര്‍ഡിനും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനും വേണ്ടിയുള്ളതാണ്. ആറു ലക്ഷം രൂപ പത്മനാഭസ്വാമി ക്ഷേത്രത്തിനും ബാക്കി ദേവസ്വം ബോര്‍ഡിനും. 2004ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഇത് 80 ലക്ഷമായി പുതുക്കുകയും ചെയ്തിരുന്നു.
വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കണ്ട ദേവസ്വംബോര്‍ഡും സര്‍ക്കാരും ഇന്നും അവരോടു കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ വിദേശ ഭരണാധികാരികള്‍കാണിച്ചു പോന്നതിനു സമാനം തന്നെയാണ്. നിലനില്‍പ്പിനു പാടുപെടുന്ന ക്ഷേത്രങ്ങളെ സഹായിക്കാന്‍ ഇനിയും പദ്ധതികളൊന്നുമില്ല. അതേസമയം ഗുരുവായൂരിലും മറ്റും കണ്ടതുപോലെ, വനുമാനമോ സ്വത്തുക്കളോ ഉള്ള ക്ഷേത്രങ്ങള്‍ ബലമായി പിടിച്ചെടുക്കും. ഇതര മതസ്ഥര്‍ക്കു സൗജന്യം നല്കുമ്പോള് ശബരിമല അയ്യപ്പന്മാര്ക്ക് യാത്രാക്കൂലി ഇരട്ടിയോളമാക്കും. വഴിപാടു നിരക്കുകകള്‍ തോന്നുംപോലെ വര്‍ധിപ്പിക്കും. ഇതിനൊക്കെ പുറമെ, സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ശബരിമലയില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ചെലവുപോലും ഭക്തരുടെ പണത്തില്‍ നിന്നു ദേവസ്വം ബോര്‍ഡാണു കണ്ടെത്തുന്നത്. വൈദ്യുതി, ജലം, ഗതാഗതം എന്നിവയൊക്കെ ഇതില്‍പ്പെടും. ഫലത്തില്‍ ഭക്തരുടെ പണംകൊണ്ടു സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുകയാണു ചെയ്തുപോരുന്നത്. പണം വാങ്ങുക എന്നതിനപ്പുറം ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ദേവസ്വങ്ങളോടോ വിശ്വാസികളോടോ ഒരു ബാധ്യതയുമില്ലെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഓരോ വര്‍ഷവും മണ്ഡലകാലം വരുന്നതിനു തൊട്ടുമുമ്പ് റോഡുകള്‍ ഓടിച്ചിട്ടു പണിതീര്‍ക്കുന്ന ശൈലിയ്ക്ക് ഇന്നും വലിയ മാറ്റമില്ല. സന്നിധാനത്തെ സൗകര്യങ്ങളുടെ കാര്യത്തില്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നത് അല്പം ആശാവഹം.
ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഹിന്ദുമത പാഠശാലകള്‍ വേണമെന്ന ആവശ്യത്തോടു സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണു തുടരുന്നത്. ഹിന്ദുക്കള്‍ മതപാഠങ്ങളും ഹൈന്ദവ സംസ്കാരവും പഠിക്കേണ്ടതില്ലെന്നതാണ് നിലവിലെ സര്‍ക്കാരിന്റെ നിലപാട്. സ്വയമേവ തുടങ്ങിയിടത്ത് പാര്‍ട്ടി ഇടപെടലോടെ നിര്‍ത്തിക്കാന്‍ തിടുക്കം കാണിക്കുകയും ചെയ്യുന്നു. അസംഘടിത ഹിന്ദു സമൂഹം അറിഞ്ഞോ അറിയാതെയോ കാര്യമാക്കാതെ പോയതാണ് ഇതൊക്കെ. ശബരമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികള്‍ ഒരുമിച്ചു നില്ക്കുമ്പോള് നല്ലപിള്ള ചമയാനാണ് സര്‍ക്കാര്‍, ഹിന്ദുവിന് ഉടമ്പടി പ്രകാരം അര്‍ഹതപ്പെട്ട തുകയെ ഗ്രാന്റ് ആയി ചിത്രീകരിക്കുന്നത്. വലിയ ഔദാര്യം ചെയ്യുന്നതു പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: