പുകവലി പ്രമേയമായി ലോകത്ത് നിരവധി ചലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യത്തേതാണ് നവാഗതനായ ഫെല്ലിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തീവണ്ടി. നാട്ടിന് പുറങ്ങളില്‍ മദ്യപാനികള്ക്കെന്നപോലെ പുകവലിക്കാര്‍ക്കും പേരുകളുണ്ട്. അതില്‍ ഒന്നാണ് തീവണ്ടി. പുകവലിയെ പ്രാദേശിക രാഷ്ട്രീയവുമായി ചേര്‍ത്തുപറഞ്ഞത് ചിത്രത്തെ മനോഹരമാക്കിയിരിക്കുന്നു.
രാജീവ് ഗാന്ധി മരിച്ച രാത്രിയിലെ ഒരു ജനനത്തില്നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. രാജീവ് ഗാന്ധിയുടെ മരണവും പെരുമഴയും ഭാര്യയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് തടസ്സമാകുന്നു. ജനിച്ചുവീണ കുട്ടി ചാപിള്ളയാണെന്ന് വയറ്റാട്ടി വിധിയെഴുതി. അച്ഛനും അമ്മാവനും കാണാനായി കുട്ടിയെ വരാന്തയില്‍ കിടത്തുമ്പോള്‍ അലസ്സനും നിരുത്തരവാദിയുമായ അമ്മാവന്റെ കുസൃതിയില്‍ സിഗരറ്റിന്റെ പുക വിനീഷിന് ജീവനാകുന്നു. അമ്മാവന് സിഗരറ്റ് വാങ്ങിനല്‍കുന്നതിനുള്ള അവസരങ്ങള്‍ വിനീഷിന് പുകവലി ചെറുപ്പത്തിലേ തുടങ്ങുന്നതിന് കാരണമാകുന്നു. വീട്ടുകാരില്‍നിന്ന് ഒളിച്ച് നടത്തിയിരുന്ന പുകവലി പിടിക്കപ്പെടുമ്പോള്‍, അവനത് പുകവലിക്കുന്നതിനുള്ള ലൈസന്‍സാവുന്നു; കൂട്ടത്തില്‍ തീവണ്ടി എന്ന പേരും.
പ്രാദേശിക പാര്‍ട്ടിയായ ബിഎസ്സിഎല്ലിന്റെ പ്രവര്‍ത്തകനാണ് വിനീഷ്. അളിയന് വിജിത്ത് ആ പാര്‍ട്ടിയുടെ നേതാവും. പ്രണയിനിയായ ദേവിയുടെ അച്ഛന് മധുവാണ് പാര്‍ട്ടിയില്‍ വിജിത്തിന്റെ ശത്രു. സിയെറെലിയോണിലെ വിമാനത്താവളത്തിലെ മാലിന്യപ്രശ്നത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള ശ്രമത്തിലാണ് ആ രാഷ്ട്രീയ പാര്‍ട്ടി. അതിനിടെ ആകെയുള്ള എംഎല്‍എ അപകടത്തില്‍പ്പെട്ട് മരണത്തോടടുത്തു നില്ക്കുമ്പോള്, ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് പാര്‍ട്ടി നീങ്ങുന്നു. പാര്‍ട്ടി മധുവിനെയും, വിനീഷും കൂട്ടുകാരും വിജിത്തിനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ നോക്കുന്നു. എന്നാല്‍ ചെയിന്‍സ്മോക്കറായ വിനീഷിന്റെ പുകവലി മനുഷ്യച്ചങ്ങലവരെ നിയന്ത്രിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം വിജിത്തിന് വിട്ടുനല്‍കാമെന്ന് മധു വാക്ക് നല്കുന്നു. തുടര്‍ന്നുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.
പ്രണയവും ഗ്രാമീണ ജീവിതവും വളരെ മനോഹരമായി ചിത്രം പറയുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സംവിധാനത്തിലെ പാകപ്പിഴകള്‍ നിഴലിക്കുന്നത് ചിത്രത്തെ വിരസമാക്കുന്നു. വിശ്വലാലിന്റെ തിരക്കഥ പ്രണയത്തിലും കഥാഗതിയുടെ നര്‍മ്മവും പുത്തന്‍ അനുഭവങ്ങളും നല്‍കുന്നുണ്ട്. ലോകസിനിമകളില്‍ പുകവലി പ്രമേയമായി ഇറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ 2004-ല്‍ ഇറങ്ങിയ ജര്‍മ്മന്‍ ചിത്രത്തിനോട് തീവണ്ടി വളരെ അടുത്തുനില്ക്കുന്നു. പ്രമേയത്തിലും ചില രംഗങ്ങളിലും ജര്‍മ്മന്‍ ചിത്രം നിഴലിക്കുന്നുണ്ട്. ജര്‍മ്മന്‍ ചിത്രം ബിസിനസ്മാനായ വ്യക്തിയുടെ പുകവലി ശീലം മാറ്റുന്നതിന് കാമുകി സെക്സിന്റെ വഴി സ്വീകരിക്കുമ്പോള്‍, തീവണ്ടി രാഷ്ട്രീയ ലാഭത്തിനായി പുകവലി നിര്‍ത്താന്‍ അജ്ഞാതവാസം കല്പ്പിക്കുന്നു. ബിസിനസ്സുകാരനെ പുകവലിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സിഗരറ്റ് കമ്പനിയുടെ സെയില്സ്മാന് ശ്രമിക്കുമ്പോള്‍, ‘തീവണ്ടി’യില്‍ അത് രാഷ്ട്രീയ എതിരാളി മധുവിന്റെ വകയാണ്. ചിത്രത്തിലെ അവസാന രംഗത്തിലെ ലിപ്പ്ലോക്ക് ജര്‍മ്മന്‍ ചിത്രത്തിലെ ക്ലൈമാക്സ് പുര്‍ണ്ണമായി പകര്‍ത്താന്‍ നമ്മുടെ സംസ്കാരം സമ്മതിക്കാത്തതിന്റെ നിരാശ പ്രകടിപ്പിക്കലായി മാറുന്നു.
വിശ്വലാലിന്റെ തിരക്കഥ സമകാലിക രാഷ്ട്രീയത്തെ തെല്ല് വിമര്‍ശിച്ചുകൊണ്ടാണ് മുന്നേറുന്നത്. അതിന് ഉദാഹരണമാണ് പ്രാദേശിക പാര്‍ട്ടിയുടെ അഫ്രിക്കന്‍ വിഷയത്തിലെ മനുഷ്യച്ചങ്ങല. തങ്ങളിലെ സിനിമാക്കാരെ പുര്ണതയിലെത്തിക്കുന്നതിനുള്ള യാത്രയുടെ തുടക്കം മനോഹരമാക്കിയിട്ടുണ്ട് ഫെല്ലിനിയും വിശ്വലാലും. സത്ഗുണ സമ്പന്നന്മാരായ നായകരില്‍നിന്ന് മനുഷ്യശീലങ്ങളുള്ള നായകരാകാനുള്ള യുവതാരങ്ങളുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്. തീ തുപ്പിയില്ലെങ്കിലും ചെറു ചൂളംവിളി സൃഷ്ടിക്കാന്‍ ‘തീവണ്ടി’ക്കാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: