ഇന്നും മലയാള സിനിമയില്‍ ഇരുപത്തൊന്പതു വയസായിട്ടും വളരാത്ത ഒരു കഥാപാത്രമുണ്ട്, സേതുമാധവന്. കിരീടത്തില്‍ മോഹന്‍ലാല്‍ ജീവന്നല്കിയ കഥാപാത്രം. കിരീടം കണ്ട പ്രേക്ഷകര്‍ ഒരുപോലെ സ്നേഹിച്ചും അനുതപിച്ചും വളര്‍ത്താന്‍ മനപ്പൂര്‍വം മറന്നുപോയ കഥാപാത്രമാണ് സേതുമാധവന്. പ്രേക്ഷകന് ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ട ചിത്രമാണിത്. സങ്കടപ്പെട്ടും കരഞ്ഞുമാണ് പലരും അന്നു തിയറ്റര്‍ വിട്ടത്. ചുറ്റുപാടുകള്‍ മനുഷ്യനെ ദുരന്തങ്ങളുടെ ചക്രവ്യൂഹത്തിലാക്കി സ്വപ്നങ്ങള്‍ ഞെരിച്ചുകളയുന്നതെങ്ങനെയെന്ന് മുന്‍പൊരിക്കലും സിനിമയില്‍ കാണാത്തതാണ് സേതുമാധവനിലൂടെ കാണികള്‍ അറിഞ്ഞത്. സാഹചര്യങ്ങളുടെ സമ്മര്ദങ്ങളാല് പുറത്തുചാടാനിരിക്കുന്ന ഒരു സേതുമാധവന് തങ്ങളിലുമുണ്ടോയെന്ന് അന്നത്തെ പ്രേക്ഷകന് ഭയന്നിരുന്നു. ഇന്നും ഭയക്കുന്നു. അതുകൊണ്ടാവണം മൂന്നു പതിറ്റാണ്ടായിട്ടും സേതുമാധവന് എന്ന ചെറുപ്പക്കാരന് വളരാതെ അന്നത്തെ കാണികള്‍ മനസില്‍കൊണ്ടു നടക്കുന്നത്.
നാട്ടിന്‍പുറത്തെ നല്ലവനും സര്‍വസാധാരണക്കാരനുമായ ചെറുപ്പക്കാരനായിരുന്നു സേതുമാധവന്. അച്ഛനും അമ്മയും പെങ്ങളും മുത്തശിയുമടങ്ങിയ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ കുടുംബമായിരുന്നു അയാളുടേത്. അയാളെ ആറ്റുനോറ്റു കാത്തിരുന്ന കാമുകി. പോലീസ് കോണ്‍സ്റ്റബിളായ അച്ചുതന്നായര് മകന് എസ് ഐയാകാന്‍ കാത്തിരിക്കുകയാണ്. സത്യസന്ധനും നീതിമാനുമായ അയാള്‍ കിട്ടുന്നതില്‍ ചുരങ്ങി മകന്റെ ദേഹരക്ഷയ്ക്കുവേണ്ടിക്കൂടി ശ്രദ്ധിച്ചിരുന്നു. ചെറുമകന്റെ കൈപിടിച്ചു മസിലുനോക്കുന്ന മുത്തശി. അതിനിടയിലാണ് കീരിക്കാടന്‍ ജോസ് എന്ന ഗുണ്ട ജീവിതത്തിന്റെ എതിര് വിധി വേഷമായി വന്ന് സേതുമാധവന്റേയും കുടുംബത്തിന്റേയും സ്വപ്നങ്ങള്‍ ഞെരുക്കിക്കളയുന്നത്. അച്ഛനെ ഗുണ്ട തല്ലുന്നത് നോക്കിനില്ക്കാന് ഒരു മകന് സാധിക്കാത്തതുപോലെ സേതുമാധവനും കഴിഞ്ഞില്ല. ഗുണ്ടയെ അയാള്‍ പട്ടിയെപ്പോലെ തല്ലിച്ചതക്കുന്നു. അതോടെ അയാളുടേയും കുടുംബത്തിന്റേയും മോഹങ്ങള്‍ ദുരന്തത്തിന്റെ കയത്തിലേക്കു വീഴുകയായിരുന്നു. പോലീസുകാരനായ അച്ഛനുതന്നെ എസ് ഐയാകാന്‍ കാത്തിരുന്ന മകനെതിരെ യോഗ്യനല്ല എന്നു റിപ്പോര്‍ട്ടെഴുതേണ്ടിവരുന്നു. പോലീസ് തൊപ്പിവെക്കേണ്ട ശിരസില്‍ കുറ്റവാളിയുടെ കിരീടവുമായി സേതുമാധവന് ജയിലിലേക്കുപോകുന്നു.
വിധി വിളയാടിയ അനവധി സേതുമാധവന്മാര് പലതരത്തില്‍ സമൂഹത്തിലുണ്ട്. അറിയാതെ ജീവിതത്തില്‍ വിവിധവേഷങ്ങളിലായിപ്പോകുന്ന മനുഷ്യന്റെ നിസാരതയുടെ പടുകുഴിചിത്രമാണ് സേതുമാധവനിലൂടെ മലയാളി അന്നു കണ്ടത് . ഒരിക്കലും മങ്ങാത്ത സത്യത്തിന്റെ കാഴ്ചയാണത്. നുണകള്‍ സത്യമായി അവതരിപ്പിക്കുന്നതാണ് സിനിമയെന്ന് ഗൊദാര്‍ദ് ഭാഷ്യം ചിലപ്പോള്‍ സത്യത്തിന്റെ കാഴ്ചയാണ് സിനിമയെന്ന വസ്തുതയില്‍ തട്ടി ചിതറിപ്പോകുന്നു.ആദ്യത്തെ സേതുമാധവനാകാന്‍ ഓരോ മലയാളിയും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ നിയതിയുടെ പരിണതിയില്‍ ആയിത്തീര്‍ന്ന അയാളുടെ രണ്ടാംഭാവമോര്‍ത്ത് അവര്‍ നടുങ്ങിയിട്ടുമുണ്ടാകണം.
സമൂഹം കുറ്റവാളി ഉണ്ടാകാന്‍വേണ്ടി വാരിക്കുഴികള്‍ ഒരുക്കിവെക്കുമ്പോള്‍ ചിലര്‍ അതില്‍ ചെന്നുവീഴുന്നുവെന്നു പറയാറുണ്ട്. അത് തെറ്റോ ശരിയോ ആകാം. എംടിയുടെ മഞ്ഞില്‍ വിമലയെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത് അവള് ജീവിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതയാണെന്ന് നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിലര്‍ ജയിലില്‍നിന്നുമിറങ്ങുമ്പോഴാണ് ഉറപ്പാര്‍ന്ന ജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നതെന്നും പറയാറുണ്ട്. അതുപോലെ തന്നെയാണ് സാഹചര്യം സേതുമാധവനെ വേഷംകെട്ടിച്ചോടിച്ചത്. കിരീടം വന്‍ ഹിറ്റായിരുന്നു. പക്ഷേ പലര്‍ക്കും രണ്ടാമതൊന്നു കാണാനുള്ള ചങ്കുറപ്പുണ്ടായിരുന്നില്ല. അത്ര നെഞ്ചിടിപ്പുണ്ടാക്കി ആ ചിത്രം.
മലയാള സിനിമ കിരീടംവെച്ചിട്ട് ഈ ആഗസ്റ്റ് ഏഴിന് 29 വര്‍ഷമാകുന്നു. മലയാളത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായാണ് കിരീടം നിരീക്ഷിക്കപ്പെടുന്നത്. മോഹന്‍ലാലിന്റേയും തിലകന്റേയും നടനജീവിതത്തിലെ ഇതിഹാസ കഥാപാത്രങ്ങളാണ് സേതുമാധവനും അച്ചുതന്‍നായരും.ലോഹിതദാസിന്റെ മികച്ച തിരക്കഥയില്‍ മുന്നിലാണ് കിരീടം. സിബി മലയിലിന്റെ ഏറ്റവും മികച്ച സംവിധാനങ്ങളില്‍ ഒന്നും. കൃപാ ഫിലിംസിന്റെ ബാനറില്‍,പിന്നീട് കിരീടം ഉണ്ണി എന്നറിയപ്പെട്ട ഉണ്ണിയാണ് ചിത്രം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: