ശ്യാമാച്ഛബളം പ്രപദ്യേ, ശബളാച്ഛ്യാമം പ്രപദ്യേ, അശ്വ ഇവ രോമാണി വിധൂയ പാപം, ചന്ദ്ര ഇവ രാഹോര്‍ മുഖാത് പ്രമുച്യധൂത്വാ ശരീരമകൃതം കൃതാത്മാ ബ്രഹ്മ ലോകമഭിസംഭവാമീത്യഭിസംഭവാമീതി.
ഞാന്‍ ശ്യാമമായ ഹൃദയ ബ്രഹ്മത്തില്‍ നിന്ന് ശബളമായ ബ്രഹ്മലോകത്തിലെത്തുമാറാകട്ടെ. ഞാന്‍ ശബള ബ്രഹ്മലോകത്ത് നിന്ന് ശ്യാമമാകുന്ന ഹൃദയബ്രഹ്മത്തിലെത്തിയിരിക്കുകയാണ്. കുതിര തന്റെ രോമങ്ങളെ കടയും പോലെ ഞാന്‍ പാപങ്ങളെ കുടഞ്ഞ് കളയണം. രാഹുവില്‍ നിന്നും മുക്തനായ ചന്ദ്രനെപ്പോലെ പ്രകാശിച്ച് ശരീരത്തെ ഉപേക്ഷിച്ച് കൃതകൃത്യനായി നിത്യമായ ബ്രഹ്മലോകത്തിലെത്തട്ടെ.
ശ്യാമം, ശബളം എന്നിവ നിറങ്ങളെ സൂചിപ്പിക്കുന്നതാണ്. ശ്യാമം എന്നത് ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ഹൃദയസ്ഥ ബ്രഹ്മത്തേയും ശബളമെന്നത് നിരുപാധിക നിഷ്കളങ്ക ബ്രഹ്മത്തേയും കുറിക്കുന്നു.
ശ്യാമം എന്നാല്‍ കറുകറുപ്പ് നിറം. തിരിച്ചറിയാന്‍ വളരെ വിഷമമായി കറുപ്പ് പോലെ ഇരിക്കുന്നതിനാല്‍ ഹൃദയത്തില്‍ കുടികൊള്ളുന്ന ബ്രഹ്മത്തെ ശ്യാമം എന്ന് വിളിക്കുന്നു. ശബളം എന്നാല്‍ പല നിറത്തിലുള്ളതും പലതും ചേര്‍ന്നിരിക്കുന്നതുമാണ്. അനേക രൂപങ്ങളായും നാമങ്ങളായും പലതരത്തില്‍ പ്രകാശിക്കുകയും പ്രകടമാവുകയും ചെയ്യുന്നതിനാലാണ് ബ്രഹ്മത്തെ ശബളം എന്ന് വിളിച്ചത്. ആ ബ്രഹ്മലോകത്ത് നിന്നാണ് നാമരൂപങ്ങളുമായി ബന്ധപ്പെട്ട ഹൃദയസ്ഥ ബ്രഹ്മത്തിന്റെ നിലയില്‍ ഞാന്‍ എത്തിയത്. പൊടിയും അഴുക്കും മറ്റും കളയാനായി കുതിര രോമങ്ങള്‍ കുടയുന്നതു പോലെ ഞാന്‍ എന്റെ പാപങ്ങളെ കുടഞ്ഞ് കളയുന്നു. ധര്‍മവും അധര്‍മവും പാപവും പുണ്യവും ഇതിലൂടെ നീങ്ങണം. ഗ്രഹണം കഴിഞ്ഞാല്‍ രാഹുവില്‍ നിന്ന് ചന്ദ്രന് പുറത്ത്വരും പോലെ പ്രകാശിക്കണം. പി
ന്നെ ധ്യാനത്തിലൂടെ കൃതകൃത്യനായിനിത്യമായ ബ്രഹ്മത്തിലെത്തണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
ആകാശോ വൈ നാമ നാമരൂപയോര്‍ നിര്വ്വഹിതാ…
ആകാശമെന്ന പേരില്‍ പ്രസിദ്ധമായ ആത്മാവ് നാമരൂപങ്ങളെ നിര്‍വ്വഹിക്കുന്നതാണ്. നാമരൂപങ്ങള്‍ ഏതിന്റെ മധ്യത്തിലാണോ അത് ബ്രഹ്മമാണ്. അത് അമൃതമാണ്. അത് ആത്മാവാണ്. ഞാന്‍ പ്രജാപതിയുടെ സഭയായ വീട്ടിലെത്തട്ടെ.ഞാന്‍ ബ്രാഹ്മണരുടെ യശസ്സായിത്തീരട്ടെ.രാജാക്കന്മാരുടെ യശസ്സാവട്ടെ. വൈശ്യന്മാരുടെ യശസ്സാകട്ടെ. ഞാന്‍ ആ യശസ്സിനെ നേടട്ടെ. ഞാന്‍ യശസ്വികളുടെ യശസ്സാകുന്നു. ഞാന്‍ രോഹിതവര്ണവും പല്ലില്ലാത്തതും എല്ലാം വിഴുങ്ങുന്നതുമായ ആ വഴുവഴുപ്പുള്ള വസ്തുവിനെ പ്രാപിക്കാതിരിക്കട്ടെ.
ആകാശം പോലെ ശരീരമില്ലാത്തതും എങ്ങും നിറഞ്ഞതുമായതിനാലാണ് ശ്രുതി ആത്മാവിനെ ആകാശം എന്ന് പറയുന്നത്. ആ ആകാശത്തിലാണ് നാനാ നാമരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മം നാമരൂപങ്ങളില്‍ നിന്ന് വേറിട്ടതും അവയുടെ സ്പര്ശമില്ലാത്തതുമാണ്. ആത്മോപാസനയ്ക്ക് അര്‍ഹരായവരുടെയെല്ലാം യശസ്സായിത്തീരട്ടെ. യശസാം യശഃ എന്നാല്‍ ദേഹേന്ദ്രിയ മനോബുദ്ധികളുടെ ആത്മാവാകണമെന്നാണ്.
ഇനി ഒരിക്കലും ഗര്‍ഭവാസം ഉണ്ടാകാതിരിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.
തദ്ധൈതത് ബ്രഹ്മാ
പ്രജാപതയ ഉവാച…
ന ച പുനരാവര്ത്തതേ.
ഈ ജ്ഞാനം ബ്രഹ്മാവ് പ്രജാപതിക്ക് ഉപദേശിച്ചു. പ്രജാപതി മനുവിന് ഉപദേശിച്ചു. മനു തന്റെ പ്രജകള്‍ക്കും ഉപദേശിച്ചു. വിധിപ്രകാരം ഗുരുശുശ്രൂഷ ചെയ്ത് വേദാദ്ധ്യയനം ചെയ്യണം. സമാവര്‍ത്തനം കഴിഞ്ഞ് തന്റെ വീട്ടിലിരുന്ന് സ്വാധ്യായം ചെയ്യണം. ധര്‍മ്മാചരണത്തിലൂടെ ജീവിച്ച്, സത് പുത്രന്മാരെ ജനിപ്പിച്ച്, ശിഷ്യരെ സമ്പാദിച്ച് കഴിയണം. എല്ലാ ഇന്ദ്രിയങ്ങളേയും ആത്മാവില്‍ ഉപസംഹരിക്കണം. ഒരു ജീവിയേയും ഹിംസിക്കാതെ ഇങ്ങനെ ജീവിതം നയിക്കുന്നയാള്‍ ബ്രഹ്മലോകത്തെത്തും. പിന്നെ തിരിച്ചുവരവില്ല.
അറിവിന്റെ ഗുരുപരമ്പരയെ ഇവിടെ സ്മരിച്ചിട്ടുണ്ട്. കര്‍മ്മങ്ങള്‍ക്ക് വേണ്ടത്ര ആവശ്യകതയുണ്ട് എന്ന് ഈ മന്ത്രം സൂചിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ ആത്മാവില്‍ അടക്കണമെന്ന് പറഞ്ഞത് സന്ന്യാസത്തെ കാണിക്കാനാണ്. ബ്രഹ്മലോകത്തെത്തി മുക്തനായാല്‍ പിന്നെ സംസാരത്തിലേക്ക് മടങ്ങി വരേണ്ടതില്ല.
ആപ്യായന്തു മമാംഗാനി… എന്ന ശാന്തി മന്ത്രത്തോടെ ഛാന്ദോഗ്യ ഉപനിഷത്ത് സമാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: