നമ്മുടെ ചരിത്രം തയ്യാറാക്കിയത് നാമാരുമല്ല. അടിമത്തത്തിന്റെ ആദ്യനാളുകളില്‍ മുഗളരും തുടര്‍ന്ന് പാശ്ചാത്യ അധിനിവേശ ശക്തികളുമാണ് നമുക്കുവേണ്ടി ആ ജോലി ചെയ്തത്. അങ്ങനെ എഴുത്തുകാരന്റെയും എഴുതിച്ചവന്റെയും ആഗ്രഹത്തിനും ഭാവനയ്ക്കും ചേരുംപടി ഭാരതത്തിന്റെ ചരിത്രം ചമയ്ക്കപ്പെട്ടു. നരവംശ ശാസ്ത്രജ്ഞരും ബുദ്ധിജീവികളും അത് ഏറ്റുപാടി. ആത്മാഭിമാനം നശിച്ച ജനത അത് അതേപടി സ്വീകരിക്കുകയും ചെയ്തു.
അങ്ങനെയാണ് അലക്സാണ്ടറും അക്ബറും മഹാന്മാരായത്. അങ്ങനെയാണ് റാണപ്രതാപനും പൃഥ്വിരാജനും വീരശിവജിയുമൊക്കെ ഇത്തിരിക്കുഞ്ഞന്മാരായത്. ഭാരതത്തില്‍ പൊടിപ്പുറപ്പെട്ട വമ്പന്‍ സ്വാതന്ത്ര്യസമരം ‘ശിപായിലഹള’യായി മാറിയതും അങ്ങനെതന്നെ. ഉത്തരേന്ത്യക്കാരെല്ലാം മധ്യ ഏഷ്യയില്‍നിന്നെത്തിയ കുടിയേറ്റക്കാരാണെന്നും, അവര്‍ തദ്ദേശീയരായ ദ്രാവിഡരെ ദക്ഷിണേന്ത്യയിലേക്ക് തുരത്തി ഓടിച്ചുവെന്നുമുള്ള ചരിത്രവും ഏതാണ്ട് ഇതേ വിധത്തില്‍ രൂപമെടുത്തതാണ്. ആര്യന്മാര് കടന്നുവന്ന് ദ്രാവിഡന്മാരെ തുരത്തിയ കഥ പില്ക്കാലത്ത് ഭാരത ജനതയുടെ ‘ഏകത’യെന്ന സങ്കല്പം തന്നെ തകിടം മറിച്ചു.
ഭാരതത്തില്‍ ആദി ദ്രാവിഡരാണ് ഉണ്ടായിരുന്നതെന്നും, അവരെ മധ്യേഷ്യയില്‍ ആടുമേച്ചു നടന്ന ആര്യന്മാര് ആക്രമിച്ച് തുരത്തി ഓടിച്ചെന്നുമാണ് ബ്രിട്ടീഷ് ചരിത്രകാരന്മാരും നരവംശ ശാസ്ത്രജ്ഞന്മാരും പടച്ചുണ്ടാക്കിയ കഥ. വന്നുകയറിയ ഇടയക്കൂട്ടത്തിന് ആയുധങ്ങളും അതുല്യമായ കായികബലവും അനല്പമായ ബുദ്ധിശക്തിയും ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര് നമ്മെ പഠിപ്പിച്ചു. സിന്ധുനദീനടത്തിലെ നാഗരികതയും ഹാരപ്പന്‍ സംസ്കാരവുമൊക്കെ അവരുടേതായിരുന്നുവത്രേ. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഒരുപറ്റം നരവംശ വിദഗ്ധര്‍ ഈ ‘തിയറി’യെ എതിര്‍ത്തുവന്നു. പക്ഷേ എതിര്‍ക്കുന്നവരൊക്കെ വിഡ്ഢികളും വിവരദോഷികളുമായി മുദ്രകുത്തപ്പെട്ടു.
അപ്പോഴാണ് ശാസ്ത്രം ചരിത്രത്തെ തിരുത്തിയ പുത്തന്‍ വാര്‍ത്തയുടെ ഉദയം. ഹരിയാനയിലെ ഹാരപ്പന്‍ സംസ്കാരകേന്ദ്രമായ ‘റാഖി ഗര്‍ഹി’യിലെ ആയിരത്താണ്ടുകള്‍ പഴക്കമുള്ള അസ്ഥിക്കഷണങ്ങള്‍ ശാസ്ത്രസഹായത്തോടെ സംസാരിച്ചുതുടങ്ങി. അവിടെ നടന്ന പുരാവസ്തു ഗവേഷണത്തില്‍ നാലായിരത്തിലേറെ വര്‍ഷം പഴക്കമുള്ള നിരവധി ശവകുടീരങ്ങള്‍ കണ്ടെത്തി. അവയൊക്കെ ജനിതക പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കിട്ടിയ ഫലം ചരിത്ര സങ്കല്പത്തെ തകിടംമറിക്കുന്നതായി. ലഭിച്ച ഡിഎന്എകളിലൊന്നിലും മധേഷ്യന്‍ കുടിയേറ്റക്കാരുടെ പൊടിപോലുമില്ല. എല്ലാം തദ്ദേശീയരായ ഇന്ത്യക്കാരുടേത് മാത്രം. പ്രമുഖ പുരാവസ്തു ഗവേഷകനായ വസന്ത് ഷിന്‍ഡേ, ലക്നോയിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ സയന്‍സസ് മേധാവി നീരജ് റായ് എന്നിവരായിരുന്നു അധിനിവേശക്കാരായ ആര്യവര്‍ഗക്കാരുടെ സാന്നിധ്യം തേടി ജനിതക പരിശോധന നടത്തിയത്. ഇവര്‍ തയ്യാറാക്കിയ വിശദമായ പഠന റിപ്പോര്‍ട്ട് വൈകാതെ പുറത്തുവരും.
ഋഗേ്വദകാലത്ത് നന്നായി വികസിച്ച തനത് വിജ്ഞാന സമ്പ്രദായം ഇന്ത്യയില്‍ നിലനിന്നിരുന്നതായി ഗവേഷകര്‍ ‘റാഖി ഗര്‍ഹി’യിലെ പര്യവേഷണം ആധാരമാക്കി പറയുന്നു. ഹരിയാനയിലെ ഹിസ്സാറില്‍ 300 ഹെക്ടറില്‍ അധികം വിസ്തീര്‍ണ്ണത്തില്‍ പരന്നുകിടക്കുന്ന ‘റാഖിഗര്ഹി’ ഹാരപ്പന്‍ കേന്ദ്രത്തിന് 6000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. റാഖിഗര്‍ഹിയില്‍ കണ്ടെത്തിയ 148 അസ്ഥിഖണ്ഡങ്ങളില്നിന്ന് ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി കണ്ടെത്തിയ തീരെ കുറവ് ഡിഎന്‍എ തന്മാത്രകളില്‍നിന്നാണ് ജനിതക സാമ്പിളുകള്‍ ശേഖരിച്ചെടുത്തത്. കൂടുതല്‍ ജനിതക സാമ്പിളുകള്‍ കണ്ടെത്താനും, ഗവേഷണം കൂടുതല്‍ കൃത്യതയുള്ളതാക്കാനുമുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
അസ്ഥിക്കഷണങ്ങള്‍ ലഭിച്ച ശവസംസ്കാര കുഴികളും ഗവേഷകര്‍ പരിശോധനാ വിധേയമാക്കി. അവയുടെ നിര്‍മാണവും നിര്‍മ്മാണത്തിനുപയോഗിച്ച ചുടുകട്ടകളുമെല്ലാം ഏകതാനത പുലര്ത്തുന്നവയായിരുന്നത്രേ. ചില പ്രാചീന സമൂഹങ്ങള്‍ ഇതേ സംസ്കാര സമ്പ്രദായം ഇപ്പോഴും തുടര്‍ന്നുവരുന്നുമുണ്ട്. അസ്ഥിക്കഷണങ്ങളുടെ വിശദമായ പരിശോധന മറ്റൊരു കാര്യംകൂടി പുറത്തുകൊണ്ടുവന്നു. അന്നത്തെ മനുഷ്യരുടെ ആരോഗ്യം പൊതുവെ മെച്ചപ്പെട്ടതായിരുന്നു. അക്കാലത്ത് ഘോരമായ സംഘട്ടനങ്ങള്‍ നടന്നതിന്റെ ലക്ഷണങ്ങളൊന്നും അസ്ഥികളില്‍ കാണാനുണ്ടായിരുന്നില്ല. ആരും രോഗികളായിരുന്നില്ല. കൂടുതല്‍ അറിവും ആത്മബലവുമുള്ള ആര്യന്മാര് മറുനാട്ടില്‍നിന്ന് വന്ന് നാട്ടുകാരെ തല്ലി ഓടിച്ച് പുതിയ സംസ്കാരപഥത്തിന് രൂപം നല്‍കിയെന്ന കഥ തെറ്റെന്ന് ഈ തെളിവുകളൊക്കെ നിരത്തി ഗവേഷകര്‍ വാദിക്കുന്നു.
പ്രാചീനമായ അറിവിനെ അടിത്തറയാക്കി കെട്ടിയുയര്‍ത്തിയ ആര്യന് അധിനിവേശ സിദ്ധാന്തം തകരുന്നത് നിക്ഷിപ്ത താല്പര്യക്കാരായ ചരിത്രകാരന്മാരും ഇന്‍ഡോളജിസ്റ്റുകളും സഹിക്കില്ല. അതിനെ പ്രത്യയശാസ്ത്രത്തിന്റെ വടിവാള്‍കൊണ്ട് തടുക്കാനാവും അവര്‍ ശ്രമിക്കുക. ഖനനത്തിലൂടെയും പര്യവേഷണത്തിലൂടെയും അയോധ്യയില്‍ കണ്ട ക്ഷേത്രത്തെൡവുകള് നിഗൂഹനം ചെയ്യാന്‍ അവര്‍ ശ്രമിച്ചത് അങ്ങനെയായിരുന്നല്ലോ. പക്ഷേ ശാസ്ത്രം സത്യമാണ്. ചരിത്രത്തിന്റെ സങ്കലനങ്ങള്കൊണ്ട് ശാസ്ത്രത്തെ മറച്ചുപിടിക്കാനാവില്ല.
ഡോ.അനിൽകുമാർ വടവാതൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: