ഇടവപ്പാതിയുടെ സൗന്ദര്യം നുകര്‍ന്ന് ഒരു മഴയാത്ര. കുലംകുത്തിയൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്. മനോഹരാംഗിയായി അതിരപ്പിള്ളിയെ ദര്‍ശിക്കാനാകുന്നതും ഇടവപ്പാതിയില്‍ തന്നെ. യാത്ര പുറപ്പെടുമ്പോള്‍ത്തന്നെ ചാറ്റല്‍മഴ കൂട്ടിനുണ്ട്. നനഞ്ഞൊലിക്കുന്ന ഗ്ലാസിലൂടെ അവ്യക്തമായ വഴിക്കാഴ്ചകള്‍. വളഞ്ഞും പുളഞ്ഞുമുള്ള റോഡിലൂടെ എണ്ണപ്പനകളും കൂറ്റന്‍ മരങ്ങളും ചുറ്റിയെത്തുന്ന കാറ്റിന്റെ തഴുകല്‍. പെയ്യുന്ന മരച്ചില്ലകള്‍ പാതയ്ക്ക് പന്തലിട്ടു. യാത്രയിലുടനീളം മഴ കൂട്ടായി നിന്നു.
അതിരപ്പിള്ളി ലക്ഷ്യം വച്ചാണ് പോയതെങ്കിലും ചാര്‍പ്പ വെള്ളച്ചാട്ടമെത്തിയപ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി. ആരേയും വശീകരിക്കാന്‍ പോന്ന കാഴ്ച. വലിയ പാറക്കെട്ടിന്റെ നിറുകയില്‍നിന്ന് പതഞ്ഞൊഴുകുന്ന വെള്ളം. തട്ടിത്തെറിച്ചെത്തുന്ന വെള്ളത്തിന്റെ പ്രഘോഷത്താല് തനുവും മനവും കുളിര്‍ന്നു. വെള്ളച്ചാട്ടത്തിനടുത്തുള്ള കൈവരിയില്‍ പിടിച്ചുനിന്നാല്‍ മതി അതിന്റെ ഉള്ളറിയാന്‍. കുടപിടിച്ചും തൊപ്പിവച്ചുമെല്ലാം ജലപാതം ആസ്വാദിക്കുകയാണ് സഞ്ചാരികളെല്ലാം. ഇതൊന്നുമില്ലാതെ പ്രകൃതിയില്‍ നിറഞ്ഞാടി മറ്റൊരു കൂട്ടര്. ചീറ്റിയടിച്ച വെള്ളത്താല്‍ അവര്‍ കുതിര്‍ന്നു.
പ്രകൃതി ലാസ്യഭാവത്തിലാണ്. മഴക്കാറ്റിനൊത്ത് അവള് നൃത്തം ചവിട്ടി. വൃക്ഷത്തലപ്പുകള്‍ ഊയലാടുന്നു. കരിമ്പാറക്കെട്ടുകളിലൂടെ ഒട്ടും വെള്ളം കുത്തിയൊലിച്ച് ആര്‍ത്തിരമ്പി രസിക്കുകയാണ്. അപായസൂചനകള്‍ നല്കുന്ന ബോര്‍ഡുകള്‍ വെള്ളച്ചാട്ടത്തിന്റെ രൗദ്രത മനസ്സിലാക്കിത്തരുന്നുണ്ട്. നടപ്പാതകളിലൂടെ തണുത്ത കാറ്റേറ്റ് വാഴച്ചാലിന്റെ ചാരുത ഒപ്പിയെടുക്കുമ്പോഴും മനസ്സ് പ്രവാഹത്തിന്റെ ആഴങ്ങളില്‍ മഥിച്ചുകൊണ്ടേയിരുന്നു. അനുസരണയില്ലാത്ത ഒഴുകുന്ന വെള്ളത്തിനൊപ്പം ഒഴുകാനുള്ള ഭ്രാന്തമായ ആവേശം. ഒടുവില്‍ വെള്ളത്തിലിറങ്ങി. പാറക്കെട്ടുകളിലെല്ലാം നല്ല വഴുക്കല്‍. കാല്പ്പാദങ്ങള് വഴുതിമാറികൊണ്ടിരുന്നു. സര്വമോഹിനിയായി തന്നിലേക്ക് അടുപ്പിക്കാനുള്ള ഒഴുക്കിന്റെ ശക്തമായ ശ്രമങ്ങളില്‍നിന്ന് പലപ്പോഴും കുതറിമാറേണ്ടിവന്നു. കൂടുതല്‍ മുന്നോട്ടു പോകേണ്ടെന്ന് മീന്‍പിടിക്കുന്ന പ്രദേശവാസികള്‍ മുന്നറിയിപ്പ് തന്നു. എങ്കിലും കുറച്ചുനേരം ആ സൗന്ദര്യാതിരേകത്തില്‍ തത്തിക്കളിച്ച് മനസ്സ് തണുപ്പിച്ചു.
ചാറ്റല്‍ മഴയ്ക്കൊപ്പം തന്നെയാണ് ഇപ്പോഴും. അതിരപ്പിള്ളിയിലെത്തി. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍നിന്ന് ഉത്ഭവിച്ച് ഷോളയാര്‍, വാഴച്ചാല്‍ വനമേഖലയിലൂടെ ഒഴുകുന്ന ചാലക്കുടിപ്പുഴയിലാണ് വിശ്വപ്രസിദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടം. ആ സൗന്ദര്യധാമത്തെ നേരില്‍ കാണാന്‍ അല്പം കാല്‍നട യാത്രയുണ്ട്. എന്നാല്‍ വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം ഇപ്പോള്‍ത്തന്നെ കര്ണപുടങ്ങളില് അലയടിക്കുന്നു. മഴയില്‍ കുളിച്ചുതോര്‍ത്തി നില്‍ക്കുകയാണ് പ്രകൃതി. മേലെ മഴമുകിലുകള്‍ വിരിഞ്ഞു നില്ക്കുന്ന ആകാശം. ചുറ്റും കാടും മലകളും മാത്രമായ മഴക്കാഴ്ച!. അടുത്തുവരുന്ന ആ ചേതോഹരദൃശ്യം കണ്ണുകളെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു.
വിണ്ണില്‍ നിന്നിറങ്ങിവന്ന മാലാഖയെപ്പോലെ ഉടുത്തൊരുങ്ങി നില്‍ക്കുകയാണ് അതിരപ്പിള്ളി. നയനാനന്ദകരമായ ആ കാഴ്ച ഹൃദയത്തിലേക്കാവാഹിക്കാന്‍ കുറച്ചുസമയമെടുത്തു. പാല്ക്കടല് ആര്‍ത്തലച്ച് വരികയാണോയെന്ന് തോന്നിപ്പിക്കും പാറക്കെട്ടുകളിലൂടെയുള്ള ജലപ്രവാഹം. നിരന്നു നില്ക്കുന്ന കരിവീരന്മാരെപ്പോലെ തലയെടുപ്പോടെ പാറക്കെട്ടുകള്‍ നില്ക്കുന്നു. ഒഴുകിയെത്തുന്ന വെള്ളം നിലംമുട്ടുന്ന തുമ്പി കണക്കെ അഗാധതയിലേക്ക്. വെള്ളത്തിന്റെ തിരത്തള്ളലില്‍ പലപ്പോഴും പാറക്കെട്ടുകള്‍ അപ്രത്യക്ഷമായി. മഴയുടെ മാന്ത്രികസംഗീതത്തില്‍ മതിമറന്ന് സഞ്ചാരികള്‍. വെള്ളച്ചാട്ടത്തിന്നരികിലേക്ക് പോകുന്നവരെ ലൈഫ് ഗാര്‍ഡുകള്‍ വിസിലൂതി വിലക്കിക്കൊണ്ടിരുന്നു.
വനാന്തരങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രകൃതി സൗന്ദര്യം അതിരപ്പിള്ളിക്കു മാത്രം സ്വന്തം. വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവത്തെ അടുത്തറിയണമെങ്കില്‍ താഴോട്ടിറങ്ങണം. 80 അടി ഉയരത്തില്‍ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. കാട്ടിലൂടെ ഉരുളന്‍ പാറക്കല്ലുകള്‍ താണ്ടിയുള്ള യാത്ര ഇത്തിരി ദൂര്ഘടം തന്നെ. വടം കെട്ടിത്തിരിച്ചതുവരെ നമുക്കു ചെല്ലാം. അതിര്‍ത്തി ലംഘിക്കുന്നവരെ വിലക്കാന്‍ ഇവിടേയും ആളുണ്ട്. ആര്‍ത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടം കൈവഴികളിലൂടെ കണ്ണെത്താദൂരത്തേക്ക് ഒഴുകിയകലുന്നു. ഒരു കിലോമീറ്റര്‍ ദൂരത്തോളം പാറക്കല്ലുകളില്‍ തട്ടിയൊഴുകുന്ന പുഴ കണ്ണംകുഴിയിലെത്തുമ്പോഴാണ് ശാന്തമാകുന്നത്. ഈ പ്രപഞ്ചസൗഭാഗ്യത്തില് മനസ്സുടക്കി നില്‍ക്കുമ്പേഴേക്കും മഴ കനത്തു. മഴയില്‍ കുതിര്‍ന്ന് മരവും പെയ്യുന്നു. മഴ ശമിക്കാന്‍ മരച്ചുവട്ടില്‍ത്തന്നെ അഭയം പ്രാപിച്ചു. മരച്ചില്ലയിലിരുന്ന് നനഞ്ഞൊട്ടിയ തൂവല്‍ കുടഞ്ഞു വെള്ളമകറ്റുകയാണ് കിളികള്‍. കാനനസൗന്ദര്യത്തിന്റെ നിറവില്‍ ഇടവപ്പാതിയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരികദൃശ്യം ഹൃത്തിലൊപ്പിയെടുത്ത് മുകളിലേക്ക്.
പൂക്കളില്‍നിന്ന് പൂക്കളിലേക്ക് പാറി നടക്കുന്ന ചിത്രശലഭങ്ങളെ കാണാനായിരുന്നു അടുത്ത ഊഴം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന തുമ്പൂര്‍ മുഴി ഡാം ചിത്രശലഭോദ്യാനം എന്ന നിലയില്‍ ടൂറിസം മാപ്പില്‍ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ഏകദേശം 148 ഇനങ്ങളില്‍പ്പെട്ട ചിത്രശലങ്ങള്‍ ഇവിടെയുണ്ട്. പക്ഷികളോളം വലിപ്പമുള്ള ചിത്രശലഭങ്ങള്‍ വരെ! സതേണ്‍ബേര്‍ഡ് വിങ് , കോമണ്‍ റോസ്, ലൈറ്റ് ബ്ലൂ ടൈഗര്‍ എന്നിവ അവയില്‍ ചിലത്. ശലഭങ്ങളെ തൊട്ടും തലോടിയും ഉദ്യാനത്തിലെ പുല്‍ത്തകിടിയിലിരുന്നു. കണ്ണുകളെ നിറം പിടിപ്പിക്കുന്ന വര്‍ണക്കാഴ്ച തന്നെയാണ് ഈ ശലഭപ്പാര്‍ക്ക് സമ്മാനിക്കുന്നത്. വിവിധ വര്‍ണത്തിലും വലിപ്പത്തിലുമുള്ള പൂത്തുമ്പികള്‍ മഴ നനഞ്ഞും പൂച്ചെടികള്‍തോറും പാറിനടന്ന് മധുനുകരുകയാണ്. ഇവിടെയിരുന്നാല്‍ ചെക്ക്ഡാമിലൂടെയുള്ള ജലപ്രവാഹത്തിന്റെ ഭംഗി മതിവരുവോളം ആസ്വദിക്കാം. പുഴയിലേക്ക് ഇറങ്ങാനായി പടവുകളുണ്ട്. മഴക്കാലമായതിനാല്‍ വെള്ളത്തിന് നല്ല ഒഴുക്ക്. ചാലക്കുടിപ്പുഴയ്ക്ക് കുറുകെ നിര്‍മിച്ച തൂക്കുപാലത്തില്‍ നിന്നാല്‍ പുഴയുടെ ഭംഗി ആസ്വദിക്കാം. തുമ്പൂര്‍ മുഴിയേയും എറണാകുളം ജില്ലയിലെ ഏഴാറ്റു മുഖം പ്രകൃതിഗ്രാമത്തേയും ബന്ധിപ്പിക്കുന്ന പാലമാണിത്. ചാലക്കുടിപ്പുഴക്കു കൂറുകെയുള്ള രണ്ടാമത്തെ തൂക്കുപാലം. 500 പേര്‍ക്ക് ഒരേസമയം ഇതിലൂടെ സഞ്ചരിക്കാം. ചാഞ്ഞും ചെരിഞ്ഞും ഒഴുക്കിനു മുകളിലൂടെയൊരു യാത്ര!
ഓരോ പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി സംരക്ഷണത്തിനായുള്ള മുറവികള്‍ ഉയരുമ്പോഴും ആരും കേള്‍ക്കാതെയുള്ള പ്രകൃതിയുടെ ഒരു നിലവിളി അതിരപ്പിള്ളിയിലുണ്ട്. പാരിസ്ഥിതികമായി വളരെ പ്രധാന്യമര്‍ഹിക്കുന്ന വനമേഖലയാണ് അതിരപ്പിള്ളി-വാഴച്ചാല്‍ മേഖല. ആനകളുടെ സഞ്ചാരപഥം കൂടിയാണ് ഈ പ്രദേശം. പ്രൊജക്ട് എലിഫെന്റിന്റെ റിസര്‍വ് ഒമ്പതില്പ്പെട്ടത്. അത്യപൂര്‍വമായ പുഴയോരക്കാടുകളും ഇവിടുത്തെ മാത്രം സവിശേഷത. ഷോളയാര്‍ വനമേഖലയിലെ 80 ശതമാനത്തോളം സസ്യങ്ങള്‍ ഈ കാടുകളിലുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന നാലിനം വേഴാമ്പലുകളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന ഏക വനമേഖലയും ഇതുതന്നെയാണ്. വംശനാശഭീഷണി നേരിടുന്ന സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ പ്രജനന കേന്ദ്രം കൂടിയാണിത്.
ഇതിനുപുറമേ ചിത്രശലഭങ്ങള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ എന്നിവയുടെ ഉയര്ന്നസംഖ്യയും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യസമ്പത്തും അത്യപൂര്‍വമാണ്. വംശനാശഭീഷണി നേരിടുന്ന 18 ഇനം മത്സ്യങ്ങളില്‍ നാലിനങ്ങളും ദേശാന്തരഗമനം നടത്തുന്ന മത്സ്യങ്ങളും ചാലക്കുടിപ്പുഴയിലുണ്ട്. ഫയലില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന അതിരപ്പിള്ളി പദ്ധതി എന്നെങ്കിലും മുഖമുയര്‍ത്തിയാല്‍ ഈ വനമേഖലയെല്ലാം വെള്ളത്തില്‍ മുങ്ങിപ്പോകും. അതിരപ്പിള്ളി ജലപാതത്തിന്റെ സമ്പൂര്‍ണനാശമായിരിക്കും ഫലം. വെള്ളച്ചാട്ടം നിലയ്ക്കുന്നതോടെ വിനോദസഞ്ചാരികള്‍ വന്നുപോകുന്ന ഇവിടം ശൂന്യമാകും. പ്രതിവര്‍ഷം ഏഴ് മില്യണ്‍ സന്ദര്‍ശകരാണ് അതിരപ്പള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. മഴക്കാലത്ത് ഇവരുടെ സംഖ്യ ക്രമാതീതമാകുന്നു.
ഇടവപ്പാതിയിലെ അതിരപ്പിള്ളി ഓര്‍മകള്‍ അവിസ്മരണീയം . മഴമേഘങ്ങള്‍ക്ക് കനം വച്ചുതുടങ്ങുന്നു. തണുത്തുറഞ്ഞ കാറ്റ് വീശിയടിക്കാന്‍ തുടങ്ങി. മഴയില്‍ ദാഹം ശമിച്ച ഏതോ ചാതകപക്ഷി മരച്ചില്ലയിരുന്ന് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. ഒപ്പിയെടുത്ത ഓര്‍മകള്‍ അയവിറക്കി മടക്കയാത്ര. ഓരോ യാത്രയും ഓരോ അടയാളപ്പെടുത്തലാണല്ലോ.
സംഗീത വി.യു
പ്രതികരിക്കാൻ ഇവിടെ എഴുതുക: