സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് വായിച്ച ഒരു പഴയ പുസ്തകത്തില്‍ സമുദ്രവ്യാപാരികളുടെ കഥകളുണ്ടായിരുന്നു. കഥാസരിത് സാഗരത്തിലെ വിവരണങ്ങളായിരുന്നു അതില്‍ ഏറെയും. സിന്ബാദ് കഥകളില്‍നിന്നും വ്യത്യസ്തമായിരുന്നു അവ. അറുപതുവര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ അതൊരു ആദ്യന്തമില്ലാത്ത പഴമ്പുസ്തകമായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാതൃഭൂമി പ്രസിദ്ധീകരിച്ച കഥാസരിത് സാഗരത്തിന്റെ പരിഷ്കൃതാഖ്യാനത്തില്‍ അതിലെ പല കഥകളും കണ്ടില്ല.
ഇവിടെ വിവരിക്കാന്‍ പോകുന്ന കഥ ഭാരതത്തില്‍നിന്ന് ശാന്തസമുദ്ര രാജ്യങ്ങളിലേക്ക് വാണിജ്യ വ്യാപാരാവശ്യങ്ങള്‍ക്കു പോയ ഒരു വണിക് ശ്രേഷ്ഠന്റെതാണ്. പ്രാചീനകാലത്ത് ബൃഹത്ഭാരത (ഗ്രേറ്റര്‍ ഇന്ത്യ) എന്ന് പറയപ്പെട്ടിരുന്ന ഒരു മഹാസാമ്രാജ്യമുണ്ടായിരുന്നു, ശ്രീവിജയ എന്നു പേരായിട്ട്. ഏഷ്യന്‍ വന്‍കരയുടെ തെക്കുകിഴക്കന്‍ മേഖലയിലും ശാന്തസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറന്‍ പകുതിയിലുമുള്ള ദ്വീപസമൂഹങ്ങളിലുമായി വ്യാപിച്ചുകിടന്ന ശ്രീവിജയ സനാതന, ബൗദ്ധധര്‍മ്മങ്ങളനുസരിച്ചു വമ്പിച്ച സംസ്കാരത്തിന്റെ വിളനിലംകൂടിയായിരുന്നു. ഇന്നത്തെ മലേഷ്യ, സയാം, കംബോഡിയ, വിയറ്റ്നാം, സുമാത്ര, ജാവ, ബോര്‍ണിയോ, സെലിബിസ്, ഫിലിപ്പീന്‍സ് തുടങ്ങിയ വിശാലമായ മേഖലയെ ഉള്‍ക്കൊള്ളുന്നതായിരുന്നു ആ സാമ്രാജ്യം, അഗസ്ത്യന്, കംബു, കൗണ്ഡ്യന്‍, ഖാരവേലന്‍ തുടങ്ങിയ മഹാപുരുഷന്മാര് ധര്‍മപ്രചാരണത്തിന് അവിടെയൊക്കെ സഞ്ചരിച്ച് ഭാരതീയ ധര്‍മം ജനങ്ങളില്‍ പ്രചരിപ്പിച്ചു.
പണ്ഡിറ്റ് നെഹ്റുവിന്റെ വിശ്വ ചരിത്രാവലോകനം (ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി) എന്ന ഗ്രന്ഥത്തില്‍ ശ്രീവിജയ സാമ്രാജ്യത്തിന്റെ ദിഗ്ദര്‍ശനം കാണാം. ഒട്ടേറെ ചരിത്രകാരന്മാര് അതെപ്പറ്റി വിവരിച്ചിട്ടുണ്ട്. തൃശ്ശിവപേരൂര്‍ക്കാരന്‍ പി. തോമസിന്റെ പുസ്തകങ്ങളും അത്യന്തം ആവേശം നല്‍കുന്നതാണ്. 1400 വര്‍ഷം നിലനിന്ന സാമ്രാജ്യം റോമാ സാമ്രാജ്യത്തെക്കാള്‍ വിസ്തൃതവും ശക്തവുമായിരുന്നു. യുദ്ധം ചെയ്തും ചോരചൊരിഞ്ഞുമല്ല. ധര്‍മത്തിന്റെയും സംസ്കാരത്തിന്റെയും മഹിമയിലാണ് അതു പ്രവര്‍ത്തിച്ചത്.
മാര്‍പാപ്പയുടെ തീട്ടൂരവുമായി ലോകംപിടിച്ചടക്കി കര്ത്താവിന് സമര്‍പ്പിക്കാന്‍ പുറപ്പെട്ട കടല്‍ക്കള്ളന്മാരും, കണ്ണില്‍ ചോരയില്ലാത്ത സൈന്യാധിപന്മാരുമാണ് ആ സാമ്രാജ്യത്തിന്റെ വിനാശത്തിനും തകര്‍ച്ചയ്ക്കും കാരണമായത്. അവിടെ നിലനിന്ന സംസ്കൃതിയുടെ മഹിമയും സമൃദ്ധിയും ഇന്നുമവശേഷിക്കുന്ന ബോറൊബുദൂര്‍, അങ്കോര്‍വാട്ട് തുടങ്ങിയ ലോകോത്തരങ്ങളായ ക്ഷേത്രസമുച്ചയങ്ങളില്‍നിന്നു മനസ്സിലാകും. ആ പ്രദേശങ്ങളില്‍ ഇസ്ലാമും ക്രിസ്തുമതവും മേല്‍ക്കോയ്മ സ്ഥാപിച്ചിട്ടും, രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും സാംസ്കാരിക പൈതൃകം നിലനില്ക്കുന്നു. അവരുടെ ഭാഷയിലും സംസ്കൃതത്തിന്റെ സ്വാധീനം ശക്തമാണ്.
ആ രാജ്യങ്ങളുമായി വാണിജ്യ, വ്യാപാര, സാംസ്കാരിക ബന്ധം നിലനിര്‍ത്തിയത് തെക്ക് താമ്രപര്‍ണി തീരത്തെ പുംപുഹാര്‍ മുതല്‍ വംഗതീരം വരെയുള്ള വണിക്കുകളായിരുന്നു. അങ്ങനെയുള്ള ഒരു തുറമുഖത്തില്‍നിന്നും സ്വന്തം കപ്പല്‍നിറയെ പലതരം ചരക്കുകളും ഗ്രന്ഥങ്ങളുമായി പുറപ്പെട്ട ഒരു വണിക്കിന്റെ അനുഭവമാണ് ആദ്യം സൂചിപ്പിച്ച കഥ. ദക്ഷിണ ഭാരതത്തിലെങ്ങും പ്രശസ്തനായിരുന്ന അദ്ദേഹവും സഹയാത്രികരും അത്യാഹ്ലാദ പൂര്‍വമാണ് യാത്ര ആരംഭിച്ചത്. അനവധി തുറമുഖങ്ങളില്‍ കപ്പലടുപ്പിച്ച് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി ദ്രവ്യങ്ങളും രത്നങ്ങളും മറ്റും തേടി യാത്ര മഹാസമുദ്രത്തിലേക്കു പ്രവേശിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സമുദ്രം പ്രക്ഷുബ്ധമായി.
ചുഴലിക്കാറ്റിലും തിരമാലകളിലും പെട്ട് കപ്പല്‍ ആടിയുലഞ്ഞു. നാവികവിദഗ്ദ്ധര്‍ക്ക് അതിനെ നിയന്ത്രിക്കാനായില്ല. വന്‍കടല്‍ ചുഴിയില്‍പെട്ട കപ്പല്‍ താഴോട്ടുപോയി. വണിക് പ്രമുഖന് ബോധം വന്നപ്പോള്‍ കപ്പലും ചരക്കുകളും സഹസഞ്ചാരികളുമില്ല. ബഡവാമുഖം എന്ന സ്ഥാനത്താണ് താന്‍ എന്ന് അദ്ദേഹം ആകാശത്തെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനംകൊണ്ട് മനസ്സിലാക്കി. ബഡവാമുഖത്തില്‍ ഹിമസാമ്രാജ്യമാണ്. അവിടെ തപ്പിപ്പിടിച്ചു കയറി അപരിചിതരായ മനുഷ്യരുടെ നടുവില്‍ ഒറ്റയ്ക്കുപെട്ടുപോയി. അവര്‍ നല്കിയ ഭക്ഷണം കഴിച്ചു. പിന്നീട് എന്തു സംഭവിച്ചുവെന്ന് ആ പുസ്തകത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഈ വിശദീകരണം ലഭിച്ചത് തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന ദത്താജി ഡിവോള്‍ക്കറില്‍നിന്നാണ്. ധ്രുവങ്ങളുടെ ചലനത്തെപ്പറ്റി റഷ്യന്‍ ശാസ്ത്രജ്ഞന് കണ്ടെത്തിയ ചില സിദ്ധാന്തങ്ങളദ്ദേഹം പറഞ്ഞു മനസ്സിലാക്കി. അതിന്‍പ്രകാരം എത്രയോ ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉത്തരധ്രുവം ഇന്നത്തെ പാമീര്‍ പീഠഭൂമിയായിരുന്നുവെന്നും, ആ സ്ഥലത്തിനാണ് മഹാമേരു എന്ന് പറഞ്ഞിരുന്നതെന്നും, മഹാമേരുവില്‍നിന്നാണ് മറ്റു പര്‍വ്വത ശൃംഖലകള്‍ പുറപ്പെടുന്നതെന്ന പൗരാണിക സങ്കല്പം പാമീറിനെ സംബന്ധിച്ചു ശരിയാണെന്നും അദ്ദേഹം വിവരിച്ചുതന്നു.
മഹാമേരുവിനെ സൂര്യന് പ്രദക്ഷിണം ചെയ്യുന്നുവെന്നും പുരാണപ്രസ്താവമുണ്ട്. ഭൂമിശാസ്ത്രപരമായി അത് ഉത്തരധ്രുവത്തിനും സത്യമാണല്ലൊ. ദക്ഷിണധ്രുവത്തിന് ബഡവാമുഖം എന്നാണ് പറഞ്ഞിരുന്നതെന്നും ദത്താജി പറഞ്ഞിരുന്നു. അപ്പോള്‍ പഴയ കഥാപുസ്തകത്തിലെ കപ്പല്‍ച്ചേതവും ബഡവാമുഖത്തിലെത്തിയതുമൊക്കെ യുക്തിപൂര്‍വം മനസ്സില്‍ കയറി. താമ്രപര്‍ണി തീരത്തുനിന്നു പുറപ്പെട്ടയാള്‍ കപ്പലപകടത്തില്‍പ്പെട്ട് ചെന്നെത്തിയത് ദക്ഷിണധ്രുവത്തിലായിരിക്കാനാണിടയെന്നും, അന്നത്തെ ദക്ഷിണധ്രുവം അദ്ദേഹം സഞ്ചരിച്ചിരുന്ന ഏതെങ്കിലും സമുദ്രമേഖലയിലായിരുന്നുവെന്നും ഊഹിച്ചു.
ഇക്കഥ ഇപ്പോള്‍ അനുസ്മരിച്ചത് കുമ്മനം മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിയമിതനായി ആ വിദൂരസ്ഥലത്തെത്തിയത് അറിഞ്ഞതിനാലാണ്. തന്റെ പ്രവര്‍ത്തനരംഗം ഒരിക്കലും വണിക്കിന്റേതായിരുന്നില്ല, ധര്‍മ്മോന്മുഖമായ ജനസേവനമായിരുന്നു. കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകളായി ആ രംഗത്തെ സദാ വിജിഗീഷുവായി, പടനയിച്ചുനിന്ന നിസ്സംഗനായിരുന്നു കുമ്മനം. കേന്ദ്രസര്‍ക്കാര്‍ ജീവനം അതിനു തടസ്സമായി കണ്ടപ്പോള്‍ അതു വലിച്ചെറിയാന്‍ അദ്ദേഹത്തിനു മടിയുണ്ടായില്ല. സംഘപ്രവര്‍ത്തനത്തിന് കേന്ദ്രജീവനം നിയമതടസ്സമല്ലെന്ന വിധി സമ്പാദിച്ചശേഷമായിരുന്നു ആ നിരാസം. തെരഞ്ഞെടുപ്പു പോരാട്ടത്തിന്റെ നടുച്ചുഴിയില്‍പ്പെട്ടിരിക്കെയായിരുന്നു രാഷ്ട്രപതിയുടെ നിയമന കല്പന കയ്യിലെത്തിയത്. ‘കരിഷ്യേവചനം തവ’ എന്ന മനോഭാവത്തോടെ കുമ്മനം ദല്‍ഹിക്കുപോയി, ബന്ധപ്പെട്ടവരുടെ അനുഗ്രഹം വാങ്ങി ഐസ്വാളിലെത്തി. ഗവര്‍ണര്‍ സ്ഥാനത്തിന് ആവശ്യമായ വേഷവിധാനങ്ങളോ മറ്റെന്തെങ്കിലും സാമഗ്രിയോ കൂടാതെ ഒറ്റത്തടിയായിട്ടാണ് രാജഭവനിലെത്തിയത്. കേരളത്തില്‍ ഹിന്ദുസമാജ താല്പര്യങ്ങള്ക്കായി വിട്ടുവീഴ്ചയില്ലാത്ത ആ നിലപാട് സ്വീകരിച്ച അദ്ദേഹത്തെ സംന്യാസിവര്യന്മാരും, ക്രൈസ്തവ സഭാ നേതാക്കളും ഒരേപോലെ ആദരിക്കുന്നു. അമൃതാനന്ദമയിക്ക് ഓമന മകനുമാണ്. ചില തല്‍പരകുബുദ്ധികള്‍ കുമ്മനത്തിനെതിരായ കുശുകുശുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നതു മറക്കുന്നില്ല.
കുമ്മനം സംഘപ്രചാരകനായാണ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചതെന്ന് മറന്നുകൂടാ. എവിടേയ്ക്കയയ്ക്കപ്പെട്ടാലും അവിടത്തെ ജനങ്ങളുടെ യോഗക്ഷേമം ലക്ഷ്യമാക്കി പ്രയത്നിക്കണമെന്നതാണ് സംഘപ്രചാരകന്റെ മാന്‍ഡേറ്റ്. അതില്‍ ജാതിമത വര്‍ഗഭിന്നതകളില്ല. ദക്ഷിണഭാരതത്തിലെ ആദ്യപ്രചാരകനായിരുന്ന ദാദാജി പരമാര്‍ത്ഥ് പ്രചാരകന്മാര് ക്ക് നല്കുന്ന ആഹ്വാനം ”ഇഫ് യു ആര് സെന്റ് ടു ഹെല് ഓര്‍ഗനൈസ് ഹെല്” എന്നായിരുന്നു. ആ അനുജ്ഞ അക്ഷരത്തിലും അര്‍ത്ഥത്തിലും നടപ്പാക്കാന്‍ തക്ക ‘ശ്രുതം’ വേണ്ടുവോളം കുമ്മനത്തിനുണ്ട്. മിസോറാമിലെ ദൗത്യവും അദ്ദേഹം വിജയിപ്പിക്കും എന്ന് തീര്‍ച്ചയാണ്. ബഡവാമുഖത്തെയും മഹാമേരുവാക്കാന്‍ ഹിസ് എക്സലന്‍സിക്ക് ഈശ്വരാനുഗ്രഹമുണ്ടാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: