പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി നഗരഹൃദയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിക്കണം ജയപൂരില്‍ എത്താന്‍. ലോക്സഭാംഗമെന്ന നിലയില്‍ നരേന്ദ്ര മോദി ഏറ്റെടുത്ത ഗ്രാമമാണ് ജയപൂര്‍. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് മുഖച്ഛായ ആകെ മാറ്റിയിരിക്കുകയാണ് മോദിയുടെ ജയപൂര്‍. അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ മാതൃകയൊരുക്കി ജയപൂര്‍ മുന്നോട്ടുവയ്ക്കുന്നത് ഗാന്ധിജിയുടെ ഗ്രാമവികസന സങ്കല്‍പ്പങ്ങളാണ്. അതിവേഗം വികസന പാതയില്‍ മുന്നേറുന്ന ജയപൂരില്‍ നിന്നുള്ള വിശേഷങ്ങളിലേക്ക്.
”ഒരു രാഷ്ട്രത്തെ നിര്‍മ്മിക്കണമെങ്കില്‍ നമുക്ക് ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങണം.” എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമയോജനയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണിത്. ചെങ്കോട്ടയിലെ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് കുടിയിരിക്കുന്നത് എന്ന മഹാത്മജിയുടെ സന്ദേശത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 2014-ല്‍ ജയപ്രകാശ് നാരായണിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ പതിനൊന്നിന് ആദര്‍ശ് ഗ്രാമയോജന പദ്ധതി മോദി സര്‍ക്കാര്‍ ആരംഭിച്ചു. എല്ലാ പാര്‍ലമെന്റംഗങ്ങളും ഒരു ഗ്രാമത്തെ ദത്തെടുത്ത് വികസനം സാധ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യന്‍ ഗ്രാമങ്ങളിലെ കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ശുചിത്വ, പാരിസ്ഥിതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സ്വപ്ന പദ്ധതിക്കാണ് മോദിസര്‍ക്കാര്‍ തുടക്കമിട്ടത്.
അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നു ആദര്‍ശ ഗ്രാമങ്ങള്‍ ദത്തെടുത്ത് വികസിപ്പിക്കാനുള്ള മോദിയുടെ ആഹ്വാനത്തിന് വലിയ പിന്തുണയാണ് രാജ്യത്തെ എംപിമാരും ജനങ്ങളും നല്‍കിയത്. എല്ലാവരും പുതിയ പുതിയ ഗ്രാമങ്ങളിലേക്ക് വികസനത്തിന്റെ സന്ദേശവുമായെത്തി. സ്വാതന്ത്ര്യ ലബ്ധിയുടെ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറവും വികസനം കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ എത്തിക്കാന്‍ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായി മാറുകയാണ് മോദിയുടെ ജയപൂര്‍.
വികസനത്തിന്റെ കവാടം
പ്രസിദ്ധമായ ഗ്രാന്റ് ട്രങ്ക് റോഡില്‍നിന്ന് ടാറിട്ട ഒറ്റവരിപ്പാതയിലൂടെ ചെല്ലുന്നതാണ് ജയപൂര്‍ ഗ്രാമം. ഗ്രാമീണ ഇന്ത്യയില്‍ തീരെ കാണാനാവാത്ത ബസ് കാത്തിരിപ്പു കേന്ദ്രമാണ് ജയപൂരിലേക്ക് എത്തുന്ന ഏവരേയും ആദ്യം ആകര്‍ഷിക്കുക. സംസദ് ആദര്‍ശ് ഗ്രാമം ജയപൂര്‍ എന്നെഴുതിവച്ചിരിക്കുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രം ടിന് ഷീറ്റുകളുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റീലിന്റെ നീളന്‍ ഇരിപ്പിടങ്ങളും ഇവിടെ ക്രമീകരിച്ചിരിക്കുന്നു. കത്തിയാളുന്ന വെയിലില്‍ ബസ് കാത്തുനിന്ന ഗ്രാമീണര്‍ക്ക് ഏറെ ആശ്വാസമാണ് ഈ കാത്തിരിപ്പു കേന്ദ്രമെന്ന് പ്രദേശവാസിയായ രേഖാദേവി പറയുന്നു.
ഗ്രാമത്തിലേക്ക് പ്രവേശിക്കുന്ന കവാടത്തില്‍ തന്നെ ബിഎസ്എന്‍എല്‍ ഫ്രീ വൈഫൈ സോണ്‍ എന്നെഴുതിവച്ചിരിക്കുന്ന ബോര്‍ഡ് കാണാം. ഇതിനടുത്തുതന്നെ രണ്ട് എടിഎമ്മുകളുമുണ്ട്. യൂണിയന് ബാങ്കിന്റെയും സിന്‍ഡിക്കേറ്റ് ബാങ്കിന്റെയും എടിഎമ്മുകളാണിത്. യൂണിയന് ബാങ്ക് ഗ്രാമത്തില്‍ ഒരു ഗ്രാമവിജ്ഞാന കേന്ദ്രവും നടത്തുന്നുണ്ട്. രണ്ട് മുറികളുള്ള കേന്ദ്രത്തില്‍ ചെറിയ ഒരു ലൈബ്രറിയും വായിക്കാനുള്ള മറ്റു പുസ്തകങ്ങളും ലഭ്യമാണ്. ഹിന്ദി പത്രങ്ങളും ഇവിടെ കിട്ടും. ഡിജിറ്റല്‍ ലൈബ്രറി സംവിധാനങ്ങളും എല്‍ഇഡി ടെലിവിഷനും കേന്ദ്രത്തിലുണ്ട്. പത്രം വായിക്കാനും പുസ്തകങ്ങള്‍ക്കുമായി കേന്ദ്രം വന്നതോടെ കുട്ടികളും യുവാക്കളും ഇവിടെയെത്തി സമയം ചെലവഴിക്കാറുണ്ടെന്ന് സമീപത്ത് ചായ വില്‍പ്പന നടത്തുന്ന സഞ്ജയ് പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഗ്രാമത്തില്‍ വന്ന വികസനങ്ങളില്‍ പാട്ടീല്‍ സന്തുഷ്ടനാണ്. മോദി ഗ്രാമവാസികളെ അഭിസംബോധന ചെയ്ത മൈതാനത്തിന് സമീപം പുതിയ ഒരു സ്വകാര്യ സ്കൂള്‍ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. 24 മണിക്കൂറും മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിനായി രണ്ട് സോളാര്‍ യൂണിറ്റുകളാണ് ഗ്രാമത്തിലുള്ളത്. തികച്ചും അപ്രതീക്ഷിതമായാണ് ഇത്രയധികം വികസനങ്ങള്‍ ഗ്രാമത്തിലേക്കെത്തിയതെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. എടിഎമ്മുകളും വിജ്ഞാന കേന്ദ്രവും നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ ദിങ്കുര്‍ പാട്ടീലും ഏറെ സന്തോഷത്തിലാണ്. ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം മാറ്റിമറിക്കാനുള്ള സ്ഥലം എംപിയുടെ പരിശ്രമത്തിനൊപ്പമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.
ജലവും വൈദ്യുതിയും
ദിവസവും മൂന്നു തവണയായി ജല ലഭ്യത ഗ്രാമത്തില്‍ ഉറപ്പുവരുത്താന്‍ സ്ഥലം എംപിക്ക് സാധിച്ചു. നിരവധി കുഴല്‍ക്കിണറുകളും ഗ്രാമത്തില്‍ കുഴിച്ചിട്ടുണ്ട്. കുറഞ്ഞത് 20-22 മണിക്കൂര്‍ വൈദ്യുതിയും ലഭ്യമാക്കി. നേരത്തെ ഇത് പരമാവധി എട്ടു മണിക്കൂര്‍ മാത്രമായിരുന്നു. ജലവും വൈദ്യുതിയും എത്തിയതോടെ ഗ്രാമീണ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായത്, ദിങ്കുര്‍ പാട്ടീല്‍ പറഞ്ഞു.
ഇരുപത്തഞ്ച് കെ.വി വൈദ്യുതി ലഭ്യമാക്കുന്ന രണ്ട് സോളാര്‍ പവര്‍ പ്ലാന്റുകളാണ് ജയപൂര്‍ ഗ്രാമത്തിലുള്ളത്. ഗ്രാമത്തിന്റെ രണ്ട് അതിരുകളിലായാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. സോളാര്‍ പ്ലാന്റുകളിലെ ബാറ്ററികളും സോളാര്‍ പാനലുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പാട്ടീലിന്റെ മറുപടി ഇങ്ങനെ: മോദി നമുക്കായി നിരവധി കാര്യങ്ങള്‍ നടപ്പാക്കി. ഇനി ഇതെല്ലാം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം മുഴുവന്‍ ഗ്രാമത്തിനുമാണ്. എല്ലാ കാര്യത്തിനും മേല്‍നോട്ടം വഹിക്കാന്‍ മോദിക്കാവില്ലല്ലോ.
കുട്ടികള്‍ക്കായുള്ള അങ്കണവാടിയായ നന്ദ്ഘറിലേക്കാണ് അടുത്തതായി പോയത്. ഇതിന് സമീപത്തായി പെണ്‍കുട്ടികള്‍ക്കായുള്ള ആദര്‍ശ് കന്യാ വിദ്യാലയവുമുണ്ട്. സോളാര്‍ വൈദ്യുതിയാലും അല്ലാതെയും പ്രവര്‍ത്തിക്കുന്ന നെയ്ത്തുകേന്ദ്രവും ഇവിടെയുണ്ട്. പ്രതിദിനം ഇരുനൂറു രൂപവരെ സമ്പാദിക്കാന്‍ പ്രദേശവാസികളായ സ്ത്രീകള്‍ക്ക് ഇവിടെ സാധിക്കുന്നുണ്ട്. മുപ്പതോളം കുടുംബങ്ങള്‍ക്ക് ഇതുവരെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു.
ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ മിക്ക വീടുകളും സോളാര്‍ പ്ലാന്റുകളാലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എല്ലാ വീടുകളുടെയും മുകളില്‍ സോളാര്‍ പാനലുകള്‍ നിരത്തിവച്ചിരിക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീടുകളാണ് ഗ്രാമത്തിലെ മറ്റൊരു ആകര്‍ഷണം. വീടുകള്‍ അനുവദിച്ചവര്‍ക്ക് 1.2 ലക്ഷം രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലെത്തി. പൂര്‍വ്വാഞ്ചല്‍ മേഖലയ്ക്കാകെ മാതൃകയായി ശൗചാലയങ്ങളുടെ നിര്‍മ്മാണത്തിലും ജയപൂര്‍ വിജയമാണ്.
അടല്‍ പാര്‍പ്പിടങ്ങള്‍
ജയപൂരില്‍ കാണേണ്ട മറ്റൊന്ന് മോദിജിയുടെ അടല്‍ നഗരമാണെന്ന് വഴികാട്ടിയായി കൂടെക്കൂടിയ ദിങ്കുര്‍ പാട്ടീല്‍ പറഞ്ഞു. ആദിവാസി ജനവിഭാഗമായ മുസഹാര്‍ ജനങ്ങള്‍ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയാണിത്. പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗമാണ് മുസഹാറുകള്. വനമാതൃകയില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച ഹൗസിങ് സൊസൈറ്റി കാണുന്നതിനായി മറ്റു ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തുന്നതായി താമസക്കാരനായ ജീത്തു ബന്ബാസിയും ഭാര്യയും പറഞ്ഞു. സോളാര്‍ പ്ലാന്റുകളിലൂടെ 24 മണിക്കൂറും ഇവിടെ വൈദ്യുതിയും ലഭ്യമാണ്. പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമം രാജ്യത്തിനു തന്നെ മാതൃകയായി വികസിക്കുമ്പോള്‍ തങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടായതായി ഗ്രാമവാസികള്‍ കരുതുന്നു. പ്രധാനമന്ത്രിയുടെ ഗ്രാമമെന്ന നിലയില്‍ സര്‍ക്കാര്‍ അധികാരികളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വലിയ പരിഗണന ജയപൂരിന് ലഭിക്കുന്നുണ്ട്. ഇതെല്ലാമാണ് ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചത്.
ഗ്രാന്റ് ട്രങ്ക് റോഡിന്റെ മറുവശത്താണ് മോദി 2016-ല്‍ ഏറ്റെടുത്ത രണ്ടാമത്തെ ഗ്രാമമായ നാഗേപൂര്‍. മാലിന്യ ശേഖരണ സംവിധാനം അടക്കം നിരവധി മികച്ച മാതൃകകള്‍ നാഗേപൂരിനും കാണിച്ചുതരാനുണ്ട്. സോളാര്‍ പ്ലാന്റുകളും ജലസംഭരണികളും നിര്‍മ്മാണഘട്ടത്തിലാണ്. മോദി ദത്തെടുത്ത മൂന്നാമത്തെ ഗ്രാമമായ കക്രഹിയയിലും ജയപൂര്‍ മാതൃകയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടെത്തി ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. മോദി ഏറ്റെടുത്ത ഗ്രാമങ്ങളിലെ വികസന പദ്ധതികള്‍ യുപിയിലെ സമാജ് വാദി സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ യോഗി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇത്തരം തടസ്സങ്ങളെല്ലാം മാറിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാവുന്നതോടെ രാജ്യത്തിനുതന്നെ മാതൃകയായ മൂന്നു ഗ്രാമങ്ങളാവും ജയപൂരും നാഗേപൂരും കക്രഹിയയുമെന്നുറപ്പാണ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: