കാര്‍ ഓടണമെങ്കില്‍ വഴിവേണം. മണ്ണിലുറച്ച നല്ല നിരത്തുകള്‍. എന്നാല്‍ ആകാശത്തും കാറോടിക്കുന്നവരുണ്ട് ഭൂമിയില്‍. പ്രത്യേകിച്ചും കാര്‍ കമ്പനിയുടമയ്ക്ക് സ്വന്തമായൊരു റോക്കറ്റ് കമ്പനി കൂടിയുണ്ടെങ്കില്‍. അങ്ങനെയാണ് ബഹിരാകാശത്ത് ഇപ്പോഴൊരു ചുവന്ന ടെസ്ലാ കാര്‍ ഓടുന്നത്. ഒന്നാംതരമൊരു സ്പോര്‍ട്സ് കാര്‍. കാറിന്റെ വേഗം മണിക്കൂറില്‍ 12908 കിലോമീറ്റര്‍. ഇലോണ്‍ മസ്ക് എന്നൊരു വമ്പന്‍ വ്യവസായിയുണ്ട് അമേരിക്കയില്‍. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ശതകോടീശ്വരനായ എഞ്ചിനീയര്‍. സ്പേസ്-എക്സ് എന്ന റോക്കറ്റ് നിര്‍മാണ-വിക്ഷേപണ കമ്പനിയുടെ ഉടമയാണദ്ദേഹം. ടെസ്ല കാര്‍ കമ്പനിയുടെ സഹസ്ഥാപകനുമാണ്. അത്യാധുനിക റോക്കറ്റുകള്‍ ഡിസൈന്‍ ചെയ്ത് പറത്തി ആകാശത്ത് നിശ്ചിത ഭ്രമണപഥത്തിലെത്തിക്കുന്നതാണ് കമ്പനിയുടെ മുഖ്യ ബിസിനസ്സ്.
ശക്തിയേറിയ ഫാല്‍ക്കണ്‍ ഹെരി റോക്കറ്റാണ് മസ്കിന്റെ തുറുപ്പുചീട്ട്. ആര്‍ക്കുവേണമെങ്കിലും ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇഷ്ടന് സൗകര്യം ചെയ്തുകൊടുക്കും. റോക്കറ്റുകള്‍ ഉപഗ്രഹങ്ങളെ നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചശേഷം കേടുകൂടാതെ മടങ്ങിയെത്തുന്നതാണ് കമ്പനിയുടെ ടെക്നോളജി. അങ്ങനെ 2018 ഫെബ്രുവരി ആറിന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും റോക്കറ്റിന്റെ കന്നിയാത്ര നടത്താന്‍ മുതലാളി തീരുമാനിച്ചു. റോക്കറ്റിന് വഹിക്കാന്‍ പറ്റിയ ഭാരം/ഉപഗ്രഹം നല്കാന് ‘നാസ’ മുതലിങ്ങോട്ട് പലരോടും അഭ്യര്‍ത്ഥിച്ചു. എല്ലാം സൗജന്യമായിരിക്കുമെന്ന ഓഫറും നല്കി. പക്ഷേ ആരും തിരിഞ്ഞുനോക്കിയില്ല. മസ്ക് പിന്നെ ഒന്നുമാലോചിച്ചില്ല. തന്റെ കമ്പനി ആവശ്യങ്ങള്‍ക്കായി ഓടിക്കൊണ്ടിരുന്ന ടെസ്ലയുടെ വൈദ്യുതകാറിനെ തന്നെ റോക്കറ്റില്‍ കയറ്റി ബഹിരാകാശത്തേക്കയച്ചു. കാറിന്റെ ഭാരം 1300 കിലോഗ്രാം മാത്രം.
കാറിനെ മാത്രമല്ല മസ്ക് ആകാശത്തേക്ക് പറത്തിയത്. വണ്ടി ഓടിക്കാന്‍ മിടുമിടുക്കനായ ഒരു ഡ്രൈവറേയും ഒപ്പം പറത്തിയിട്ടുമുണ്ട്. പേര് ‘സ്റ്റാര്മാന്’ അഥവാ നക്ഷത്ര മനുഷ്യന്. ഒന്നാം ക്ലാസ് സ്പേസ് സ്യൂട്ടും ഹെല്‍മറ്റുമൊക്കെ ധരിച്ച് കൈ സൈസ് ഡോറില്‍ വച്ച് ‘കൂളായി’ വണ്ടി പറത്തുന്ന ഒരു പ്രതിമ മനുഷ്യര്‍. കാറിന്റെ ഉള്ളില്‍ നശിപ്പിക്കാനാവാത്ത വിധം സൂക്ഷിച്ചിട്ടുള്ള ഒരു കോംപാക്ട് (സിഡി) ഡിസ്കുണ്ട്. ഐസക് അസിമോവിന്റെ തെരഞ്ഞെടുത്ത ശാസ്ത്ര കഥകളുടെ സമാഹാരമാണതില്. റോക്കറ്റ് നിര്‍മിക്കാന്‍ സഹകരിച്ച സ്പേസ് എക്സിലെ ആറായിരത്തോളം ജീവനക്കാരുടെ പേര് വിവരം രേഖപ്പെടുത്തിയ ഫലകവുമുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ‘പരിഭ്രമിക്കേണ്ട’ എന്നൊരു സന്ദേശം എഴുതിവച്ചിരിക്കുന്നു. ഒപ്പം ‘ഭൂമിയിലെ മനുഷ്യര്‍ നിര്‍മ്മിച്ചത്’ എന്ന കുറിപ്പും. ബഹിരാകാശ ജീവികള്‍ ആരെങ്കിലും കണ്ടെങ്കില്‍ വായിച്ച് വളരട്ടെ…
കാറിന്റെ നാനാഭാഗത്തും ക്യാമറകള്‍ ഘടിപ്പിക്കാന്‍ നിര്‍മാതാക്കള്‍ മറന്നിട്ടില്ല. കാറിന്റെ ചലനവും പരിസരങ്ങളും യാത്രചെയ്യുന്ന അന്തരീക്ഷവുമൊക്കെ ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. ഓരോ നിമിഷവും ടെസ്ല ആകാശത്തൂടെ പറക്കുകയാണ്. 2020 ആകുമ്പോഴേക്കും 69 ദശലക്ഷം കിലോമീറ്റര്‍ യാത്ര ചെയ്തിരിക്കുമത്രെ.
ടെസ്ല കാര്‍ ഏതെങ്കിലും ഗ്രഹത്തിലെത്തുമെന്നോ വഴിയരികില്‍ ഗ്രഹാന്തര ജീവികളെ കണ്ടെത്തുമെന്നോ ആരും കരുതുന്നില്ല. ഭൂമിയിലേക്ക് മടങ്ങിവരാനും സാധ്യതയില്ല. പക്ഷേ വിവാദങ്ങളുടെ കുത്തൊഴുക്ക് മങ്ങാതെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ഈ കാര്‍ വിജയിച്ചുവെന്നതാണ് സത്യം. ബഹിരാകാശ വിക്ഷേപണത്തിന്റെ പേരില്‍ മസ്ക്, കാറിനും തന്റെ കമ്പനിക്കും ഒന്നാംതരം ബ്രാന്‍ഡ് ഇമേജ് സൃഷ്ടിച്ചെടുക്കുകയായിരുന്നുവെന്നതാണ് ഒരു ആരോപണം. സ്വതവേ മാലിന്യക്കൂമ്പാരമായ ബഹിരാകാശത്തെ വീണ്ടും മാലിന്യംകൊണ്ടു നിറയ്ക്കാന്‍ ഈ പാട്ടക്കാര് വഴിവയ്ക്കുമെന്ന് ആകാശ ഗവേഷകര്‍ ആരോപിക്കുന്നു. തെല്ലും അണുവിമുക്തമല്ലാത്ത ഈ വൈദ്യുത കാര്‍ ആകാശവീഥിയില്‍ അനാവശ്യ ബാക്ടീരിയകള്‍ പടരുന്നതിന് വഴിവയ്ക്കുമെന്ന് പ്ലാനറ്ററി സൊസൈറ്റിയിലെ ശാസ്ത്രജ്ഞന്മാരും പറയുന്നു.
ബാക്ടീരിയ നിറഞ്ഞ പാഴ്വസ്തുവെന്നാണ് മസ്കിന്റെ വൈദ്യുത കാറിനെ പര്‍ഡ്യു സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാര് വിശേഷിപ്പിക്കുന്നത്. ”ഭൂമിയില്‍നിന്ന് ആകാശത്തേക്ക് പറത്തിവിട്ട മനുഷ്യനിര്‍മിതമായ ഏറ്റവും വൃത്തികെട്ട വസ്തു”വെന്ന് അവരതിനെ നിര്‍വചിക്കുന്നു. പക്ഷേ ആകാശത്തെത്തിയ ആദ്യ കാറെന്ന ബഹുമതി മസ്കിന്റെ കമ്പനിയില്‍നിന്ന് തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. ബഹിരാകാശത്തെത്തിയ ആദ്യ കാറെന്ന ബഹുമതി മസ്കിന്റെ കമ്പനിയില്‍നിന്ന് തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല. ബഹിരാകാശ പഠനങ്ങളിലേക്ക് ലോകശ്രദ്ധ ആകര്ഷിച്ചെടുക്കുന്നതിനും ഈ ടെസ്ല കാറിന്റെ ആകാശയാത്ര അവസരമൊരുക്കിയെന്നത് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: