എറണാകുളത്തെ ലക്ഷ്മിബായി ധര്‍മപ്രകാശന്‍ ട്രസ്റ്റിന്റെ ‘അക്ഷരവൃത്ത’മെന്ന മാസികയുടെ മാര്‍ച്ച് ലക്കം കിട്ടിയത് വായിച്ചുതീര്ന്നതേയുള്ളൂ. നിര്‍മാണത്തിലും ഉള്ളടക്കത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്ന ആ പ്രസിദ്ധീകരണം സാംസ്കാരികരംഗത്തിന് മുതല്‍ക്കൂട്ടുതന്നെയാണ്.
കേരളത്തിലെ പ്രമുഖ സംഘപ്രചാരകന്മാരില്പ്പെടുന്ന വി. ഭാസ്കര്‍ജിയെ അറിയാത്തവരുണ്ടാവില്ല. ദേശീയ വിദ്യാഭ്യാസ പ്രസ്ഥാനമായ വിദ്യാഭാരതിയുടെ കേരള ഘടകം ഭാരതീയ വിദ്യാനികേതന്റെ പരമാത്മാവുമായിരുന്ന അദ്ദേഹം സ്വര്‍ഗസ്ഥനായിട്ട് മാസങ്ങളേ ആകുന്നുള്ളൂ. തനിക്ക് പൈതൃകമായി ലഭിച്ച സമ്പത്തുമുഴുവന്‍ ധാര്‍മ്മിക കാര്യങ്ങള്‍ക്കായി സമര്‍പ്പിച്ച അദ്ദേഹം സ്വമാതാവിന്റെ സ്മരണക്കായി ആരംഭിച്ച ലക്ഷ്മീബായി ധര്‍മപ്രകാശന്‍ ട്രസ്റ്റ് ഉത്തമ ധാര്‍മിക, സാംസ്കാരിക ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പരിപാടി ഏറ്റെടുത്തിട്ട് ഏതാനും വര്‍ഷങ്ങളായി. ഒട്ടേറെ ഈടുറ്റ ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു.
സ്വാമി ദര്‍ശനാനന്ദ സരസ്വതി, മാന്യ ഹരിയേട്ടന് (ആര്. ഹരി), ഡേവിഡ് ഫ്രോളി, പ്രൊഫ. പി.എ. വറുഗീസ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ഒരു വീടിന് ഒരു രാമായണം എന്ന പദ്ധതിയും നടപ്പായി വരുന്നു. അതിനുപുറമെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളും സംഘടിപ്പിക്കാറുണ്ട്. കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ പ്രാരംഭ ചരിത്രത്തെക്കുറിച്ച് ഹരിയേട്ടന്റെ പ്രഭാഷണ പരമ്പര വളരെ വെളിപാടുതരുന്നവയായിരുന്നുവെന്നു കേട്ടവര്‍ പറയുന്നു.
18-19 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഭാരതത്തിനുമേല്‍ പിടിമുറുക്കിയ അവസരത്തിലെ യഥാര്‍ത്ഥമായ വിവരങ്ങള്‍ നമുക്ക് ഏതാണ്ട് അജ്ഞാതമായി തുടരുകയാണ്. സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും അതൊക്കെ ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ നമ്മുടെ ഭരണകര്‍ത്താക്കളും പാഠ്യപദ്ധതി തയ്യാറാക്കുന്നവരും ബുദ്ധിജീവികളും കാര്യമായി എന്തെങ്കിലും ചെയ്തതായി തോന്നുന്നില്ല. ബ്രിട്ടീഷുകാരെയും മറ്റു പാശ്ചാത്യരെയും അനുകരിക്കാനും, അവരുടെ ആചാരവിചാരങ്ങളും സമ്പ്രദായങ്ങളും അന്ധമായി അനുകരിക്കാനുമാണ് അവര്‍ ഉഴറുന്നത്. ഇതിന് അപവാദമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് (അതോ കേംബ്രിഡ്ജോ) സര്‍വകലാശാലയില്‍ നമ്മുടെ തിരുവനന്തപുരം എംപി ചെയ്ത പ്രഭാഷണത്തില്‍ ബ്രിട്ടീഷ് വാഴ്ച ഭാരതത്തിന് വരുത്തിവച്ച അതികഠിനമായ കെടുതികളെ നിശിതമായി തുറന്നുകാട്ടുകയുണ്ടായി. അത് രാജ്യമെങ്ങും അഭിനന്ദിക്കപ്പെട്ടു. അദ്ദേഹത്തെ പ്രശംസകള്‍കൊണ്ടു മൂടാന്‍ ധാരാളം ആളുകളുമുണ്ടായി. പ്രഭാഷണം പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയതിനു വലിയ പ്രചാരം ലഭിച്ചു. ശശിതരൂരിന്റെ കണ്ടെത്തലായിരുന്നു പ്രഭാഷണത്തില്‍ ഉദ്ധരിക്കപ്പെട്ട വസ്തുതകള്‍ എന്ന് പൊതുവെ കരുതപ്പെട്ടു. അദ്ദേഹത്തിന്റെ പത്നി സുനന്ദാ പുഷ്കറിന്റെ ആക്സമിക മരണത്തെ ചുറ്റിപ്പറ്റിയുള്ള ഇനിയും രൂക്ഷമായി തുടരുന്ന ദുരൂഹതകളും കേസുകളുമൊക്കെ സൃഷ്ടിച്ച പ്രശ്നങ്ങളില്‍നിന്ന് അല്‍പ്പം ആശ്വാസം അദ്ദേഹത്തിന് അതുമൂലം ലഭിച്ചിരിക്കും.
എന്നാല്‍ 2010-ല്‍ മധുശ്രീ മുഖര്‍ജിയെന്ന പ്രവാസി ഭാരതീയ വനിത പ്രസിദ്ധീകരിച്ച ‘ചര്‍ച്ചില്‍സ് സീക്രട്ട് വാര്’ എന്ന പുസ്തകത്തിലെ വിവരങ്ങള്‍ തന്റെ അന്യാദൃശമായ ആംഗലശൈലിയില്‍ അവതരിപ്പിക്കുക മാത്രമാണ് തരൂര്‍ ചെയ്തത്. ആ വിവരങ്ങളാകട്ടെ രണ്ടായിരാമാണ്ട് പിറന്നപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ രഹസ്യപ്പട്ടികയില്‍ നിന്ന് വിടര്ത്തിയതിനാല് അന്വേഷകര്‍ക്കു ലഭ്യമായ ഔദ്യോഗിക രേഖകള്‍ മധുശ്രീ മുക്കര്‍ജി ശേഖരിച്ച് തന്റെ പുസ്തകത്തില്‍ ഉപയോഗിച്ചവയുമായിരുന്നു. മുഖര്‍ജിയുടെ പുസ്തകം ഓരോ ഭാരതവാസിയും വായിക്കേണ്ടതാണ്. അതിന് ലക്ഷ്മിബായി ധര്‍മപ്രകാശന്‍ മുന്‍കയ്യെടുക്കണമെന്നാണ് എനിക്കഭിപ്രായപ്പെടാനുള്ളത്.
ഈ വിഷയത്തില്‍ മഹാത്മാഗാന്ധി 1930 കളില്‍ത്തന്നെ ഉദ്യമമാരംഭിച്ചതാണ്. അദ്ദേഹത്തിന്റെ ‘ഹരിജന്‍’ പത്രികയില്‍ ബ്രിട്ടീഷ് അധിനിവേശക്കാലത്ത് ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ നിലനിന്ന പരിതഃസ്ഥിതികളെയും, അവയെ കോളനി സ്ഥാപനത്തിനിടെ ബ്രിട്ടീഷുകാര്‍ തകര്‍ത്തതിനെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. 1931-ല്‍ ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഗാന്ധിജി റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സിന്റെ ക്ഷണപ്രകാരം ചാത്താംഹൗസ് എന്ന സ്ഥാപനത്തില്‍ ഒരു സുദീര്‍ഘ പ്രഭാഷണം നടത്തി. ലോത്തിയാന്‍ പ്രഭു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അനവധി പ്രശസ്ത വ്യക്തികള്‍ പങ്കെടുത്തു.
‘ഭാരതത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ ഗാന്ധിജി ചെയ്ത പ്രസംഗത്തില്‍ നിരവധിവിഷയങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഹിന്ദു-മുസ്ലിം സിഖ് പ്രശ്നം, അയിത്തം, ഗ്രാമവാസികളായ 85 ശതമാനം ഭാരതീയരുടെ ദാരിദ്ര്യം, കോണ്‍ഗ്രസ്സിന്റെ മാര്‍ഗത്തിലൂടെ സാമ്പത്തിക കാര്യങ്ങള്‍, ശുചിത്വം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം മുതലായ ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
നൂറുവര്‍ഷം മുന്‍പ് (1830) അന്നത്തേക്കാള്‍ (1931) സാക്ഷരരായിരുന്നു ഭാരതീയര്‍ എന്നും, ബ്രിട്ടീഷ് ഭരണാധികാരികള്‍ അന്നത്തെ കാര്യങ്ങള്‍ തുടരേണ്ടതിനു പകരം, അതിനെ ഉന്മൂലനം ചെയ്തുവെന്നും, ആ വേരുകള്‍ അവിടെ ഉണങ്ങി ആ മനോഹര വൃക്ഷം നശിച്ചുപോയി എന്നും ഗാന്ധിജി പരാമര്‍ശിച്ചു. തികഞ്ഞ ബോധ്യത്തോടെയും അധികൃതമായുമാണ് താന്‍ ഇതുപറയുന്നതെന്നും, അതു ബ്രിട്ടീഷ് അധികൃതര്‍ നിഷേധിക്കുമെന്ന ഭയം തനിക്കില്ലെന്നുംകൂടി അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിറ്റി ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് ഹാര്ദോഗും ഗാന്ധിജിയുമായി നീണ്ട വിവാദങ്ങളുണ്ടായി. 18-14 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാര്‍ തന്നെ നടത്തിയ വിപുലമായ കണ്ടെഴുത്തുകളുടെ വിശകലനങ്ങള്‍ തുടര്‍ന്നുണ്ടായി. അവയൊന്നുംതന്നെ അംഗീകരിക്കാന്‍ ഹാര്ദോഗ് തയ്യാറായില്ല. തന്റെ മുയലിന് കൊമ്പ് മൂന്നുതന്നെ എന്നദ്ദേഹം ഉറച്ചുനിന്നു.
സ്വാതന്ത്ര്യത്തിനുശേഷം ഗാന്ധിജിയുടെ ആരാധകനായിരുന്ന ധരംപാല്‍ ഈ പ്രശ്നത്തിന്റെ വിശദാംശങ്ങള്‍ തേടി തന്റെ തീര്‍ത്ഥയാത്ര ആരംഭിച്ചു. ഇംഗ്ലണ്ടിലെ ഇന്ത്യാ ഓഫീസ് ലൈബ്രറി, പാര്‍ലമെന്റ് രേഖകള്‍, ബ്രിട്ടീഷ് പുരാരേഖകള്‍, ബക്കിംഹാം കൊട്ടാര ഗ്രന്ഥപ്പുര, കല്‍ക്കത്തയിലെയും ദല്‍ഹിയിലെയും വൈസ്രോയി മന്ദിരങ്ങളിലേ രേഖകള്‍, മുംബൈയിലെയും ചെന്നൈയിലെയും പുരാരേഖകള്‍ എന്നിവയില്‍ 15 വര്‍ഷത്തിലേറെ മുങ്ങിത്തപ്പി, ഫോട്ടോസ്റ്റാറ്റെടുത്തും ടൈപ്പു ചെയ്തും പകര്‍ത്തിയെഴുതിയും ലക്ഷക്കണക്കിനു രേഖകള്‍ സ്വന്തമാക്കി. അതുമുഴുവന്‍ വിലയ പെട്ടകങ്ങളിലാക്കി ഭാരതത്തിലെത്തിച്ചു. അവയുടെ സഹായത്തോടെ തന്റെ ‘മഹാഭാരത’ രചനയാരംഭിച്ചു. അതിന്റെ ഫലമായി നമുക്ക് അഞ്ചുവാല്യങ്ങളടങ്ങുന്ന ആ ഇതിഹാസം ലഭിച്ചു.
ഭാരതത്തിന്റെ പല നഗരങ്ങളിലും ആദ്യം ധരംപാല്‍ പ്രഭാഷണ പരമ്പരകള്‍ നടത്തി. ഒന്നാംവാല്യത്തില്‍ 18-ാം നൂറ്റാണ്ടിലെ ഭാരത ശാസ്ത്ര സാങ്കേതിക വിദ്യ, രണ്ടാമത്തേതില്‍ നികുതി നിഷേധത്തിലെ ഭാരതീയ പാരമ്പര്യം, മുന്നില്‍ ‘മനോഹര വൃക്ഷം.’ 18-ാം നൂറ്റാണ്ടില്‍ ഭാരതത്തിലെ നാട്ടു വിദ്യാഭ്യാസം, നാലില്‍ പഞ്ചായത്ത് രാജും ഭാരതത്തിന്റെ രാജ്യനീതിയും അഞ്ചില്‍ പാരമ്പര്യം, വീണ്ടെടുപ്പ് സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
ഭാരതത്തിന്റെ ഭാവിയില്‍ താല്‍പ്പര്യമുള്ള ഏതൊരാളും അറിഞ്ഞിരിക്കേണ്ട പുരാവൃത്തങ്ങളാണിവ. ”പുരാവൃത്ത പരാമര്‍ശം ഉദാത്തം ശ്രീ സമൃദ്ധിയും” എന്ന അലങ്കാര ലക്ഷണം തികച്ചും അര്‍ത്ഥവത്താകുന്ന അനുഭവമാണവ തരുന്നത്. ധരംപാല്‍ പറയുന്ന ഓരോ കാര്യത്തിനും ഔദ്യോഗിക രേഖകളുടെ പിന്‍ബലത്തിനായി അവ അങ്ങനെതന്നെ ഉദ്ധരിക്കപ്പെടുന്നു. ആ ഭഗീരഥന് നമുക്കായി കൊണ്ടുവന്ന ഭാഗീരഥിയെ മലയാളികള്‍ക്ക് സ്നാനം ചെയ്യാന്‍ തക്കവിധം ഒരുക്കിയെടുക്കാന്‍ ലക്ഷ്മീബായി ധര്‍മപ്രകാശന്‍ ട്രസ്റ്റ് ഒരുമ്പെടുന്നുവെന്നറിഞ്ഞപ്പോള് അതിനാവുന്ന ഒത്താശകള്‍ ചെയ്യാന്‍ ഞാനും സന്നദ്ധത അറിയിച്ചു. മനോഹരവൃക്ഷം (ബ്യൂട്ടിഫുള്‍ ട്രീ) ഉള്‍പ്പെടെ ഏതാനും പുസ്തകം മലയാളത്തിലാക്കി.
മധുശ്രീ മൂഖര്‍ജിയുടെ ‘ചര്‍ച്ചില്‍സ് സീക്രട്ട് വാര്’ കൂടി മലയാളത്തില്‍ വരേണ്ടത് ആവശ്യമാണ്. വെള്ളക്കാരനെ പ്രശംസിച്ചും താങ്ങിയും നടക്കുന്നവരുടെ കണ്ണുതുറക്കാന്‍ അതു പ്രയോജനപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: