പേറ്റുനോവിനാല്‍ പിടയുന്ന 95000 അമ്മമാരെ വാക്കും നോട്ടവുകൊണ്ട് സാന്ത്വനിപ്പിച്ച്, അവരുടെ സ്വപ്നത്തെ പോറലേല്‍പ്പിക്കാതെ കൈകളിലേക്ക് നല്കിയ വൈദ്യന്. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് അതാണ് ഡോ.കമ്മാപ്പ.
ഇതല്ലാത്ത മറ്റൊരു വിശേഷണമുണ്ട് അദ്ദേഹത്തിന്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന സ്വകാര്യ ആശുപത്രിയുടെ അമരക്കാരന്. മണ്ണാര്‍ക്കാട്ടുകാരുടെ ഡോക്ടറച്ചനായ ഡോ. കമ്മാപ്പയെക്കുറിച്ച്.
പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തി, കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് നല്കുമ്പോള് ഓരോ അമ്മയും നല്കുന്ന പുഞ്ചിരിയാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് കരുതുന്ന കമ്മാപ്പ മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഡോക്ടറച്ചനാണ്, ഡോക്ടര്‍മാര്‍ക്കിടയില്‍ പരീക്ഷണങ്ങള്‍ക്ക് മുതിരുന്ന തന്റേടിയാണ്, കുടംബക്കാര്‍ക്ക് സഹജീവിസ്നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന ഗൃഹനാഥനാണ്. മണ്ണാര്‍ക്കാട്ടെ കുന്തിപ്പുഴയുടെ ‘നെഹറി'(തീരം)ല്‍ ഇരുന്ന് കമ്മാപ്പ സംസാരിച്ചത് മുഴുവന്‍ ആരോഗ്യരംഗത്തെ ധാര്‍മികതയെക്കുറിച്ചാണ്.
മണ്ണാര്‍ക്കാട് താലൂക്കിലെ പ്രമുഖ ആതുരാലയങ്ങളിലൊന്നായ ന്യു അല്‍മ ഹോസ്പ്പിറ്റലിന്റെ സ്ഥാപകരില്‍ ഒരാളും മാനേജിങ് ഡയറക്ടറുമാണ് അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായ കമ്മാപ്പ. അല്‍മ എന്നാല്‍ നല്ല തുടക്കം എന്നാണര്‍ത്ഥം.15വര്‍ഷത്തെ അനുഭവം കൈമുതലാക്കി 1995-ല്‍ 15 കിടക്കകളുമായി തുടങ്ങിയ അല്‍മ ഹോസ്പിറ്റല്‍ നല്ലൊരു തുടക്കമായിരുന്നു.18 വര്‍ഷംകൊണ്ട് പ്രസവ ശുശ്രൂഷതേടിയെത്തിയ 75000 യുവതികള്‍ക്ക് അല്‍മ അമ്മയ്ക്കുതുല്യമായ പരിചരണം നല്കി. ഇന്നിപ്പോള്‍ 100 കിടക്കകളുള്ള ആശുപത്രിയായി തലയുയര്‍ത്തി നില്‍ക്കുമ്പോഴും മെഡിക്കല്‍ സയന്‍സിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് കോട്ടംവരാതെ കാക്കുന്നതില്‍ കമ്മാപ്പ ജാഗരൂകനാണ്.
1980-ല്‍ എംബിബിഎസ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മണ്ണാര്‍ക്കാട്ടെ രണ്ടാമത്തെ ഡോക്ടറായിരുന്നു അദ്ദേഹം.യാഥാസ്ഥിതികത്വമുണ്ടെന്ന് പൊതുസമൂഹം വിശ്വാസിക്കുന്ന മുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു എംബിബിഎസുകാരന്‍ ഉണ്ടായതെങ്ങനെയെന്ന് കമ്മാപ്പതന്നെ പറയും.
”പഴയ പ്രീഡിഗ്രിക്കാരനായിരുന്ന കല്ലടി അസ്നാറിന്റെയും, ഖദീജ ഉമ്മയുടെയും മകനായി ജനിച്ചതിനാലാവണം, യാഥാസ്ഥിതികത്വം എന്ന വാക്ക് എന്റെ കുടുംബത്തിന് അത്ര ചേരുമെന്ന് തോന്നിയിട്ടില്ല. പൊതുവെ വിദ്യാഭ്യാസമുള്ളവര്‍ കുറവായിരുന്നു കുടുംബത്തില്‍. പക്ഷേ ആഴവും പരപ്പുമുള്ള വായനയായിരുന്നു ഉപ്പയുടെ മുതല്‍ക്കൂട്ട്. എന്നെ ഡോക്ടറാക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായതും അങ്ങനെയാവാം. അറിവ്, ദരിദ്രരെയും പിന്നാക്കക്കാരെയും സഹായിക്കാന്‍ വേണ്ടിയായിരിക്കണമെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിക്കുമായിരുന്നു. 1984- ല്‍ ആദ്യനിയമനം അട്ടപ്പാടിയില്‍ ലഭിച്ചപ്പോള്‍ ഉപ്പയും ഏറെ സന്തോഷിച്ചു. അങ്ങനെ 1150രൂപ മാസശമ്പളത്തില്‍ താത്ക്കാലിക സര്‍ക്കാര്‍ ഡോക്ടറായി ജോലി തുടങ്ങി.
പാര്‍ശ്വവത്ക്കരിക്കപെട്ട വനവാസി ജനതയെ സേവിക്കാനുള്ള അവസരം ജീവിതത്തില്‍ വഴിത്തിരിവായി കമ്മാപ്പ കണക്കാക്കുന്നു. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ പ്രസവചികിത്സ ലഭ്യമാക്കണമെന്ന ആഗ്രഹം കലശലായപ്പോഴാണ് സഹപ്രവര്‍ത്തകനും മണ്ണാര്‍ക്കാട്ടെ ആദ്യഡോക്ടറുമായ ഡോ.അനന്തനാരായണന്‍,ഡോ.കൃഷ്ണപ്പന്‍ എന്നിവരോടൊപ്പം 1995-ല്‍ ന്യു അല്‍മ തുടങ്ങിയത്.അവിടന്നിങ്ങോട്ടുള്ളത് വിശ്വാസത്തിലൂന്നിയ ഒരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്രമാണ്.
വയറു കീറാന്‍ ‘മടിക്കുന്ന’ വൈദ്യന്
”വയറുകീറി പ്രസവിക്കുന്നതാ ഇപ്പോഴത്തെ പെണ്ണുങ്ങള്‍ക്കിഷ്ടം. അതാവുമ്പോള്‍ പേറ്റുനോവറിയണ്ടാലോ.. എന്നാലും കമ്മാപ്പ ഡോക്ടറുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്കൊരു ധൈര്യമാ. ഇത്തിരി കഴിയട്ടെന്ന് ഡോക്ടര്‍ പറഞ്ഞാല്‍ അതങ്ങട് ശരിയാവും” അല്‍മയില്‍ പ്രസവിക്കാനെത്തിയ ഒരു യുവതിയുടെ പിതാവിന്റെ വാക്കുകളാണിത്.
ഇതുപോലെ പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രസവത്തിന്റെ ‘നൊമ്പരമറിയാന്‍’ അവസരം നല്‍കിയതാണ് അദ്ദേഹത്തെ നാട്ടുകാരുടെ ഡോക്ടറച്ചനാക്കിയത്.
പ്രസവമെന്ന പദത്തോടൊപ്പം ചേര്‍ത്ത് ‘സിസേറിയന്’ എന്ന പദവും ഉപയോഗിക്കുന്ന കാലത്ത,് വകത്തിയെടുക്കാന് മടിക്കുന്ന ഈ വൈദ്യന് അതിന് ന്യായീകരണവുമുണ്ട്.
”പ്രസവം സ്വാഭാവികമായൊരു പ്രക്രിയയാണ്. അതില്‍ ഈശ്വരനിശ്ചയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ഡോക്ടറുടെ മേലുള്ള വിശ്വാസം പരമപ്രധാനമാണ്… പിന്നെ, അല്‍മയില്‍ സിസേറിയന് നടക്കുന്നില്ലെന്നല്ല, മറ്റ് ആശുപത്രികളില്‍ നടക്കുന്നതിന്റെ നാലിലൊരുഭാഗം ഇവിടെയുമുണ്ടാകാം. ഗര്‍ഭിണിയുടെ അസ്വസ്ഥതയെക്കാള്‍ ബന്ധുക്കളുടെ വേവലാതിയാണ് ഡോക്ടറെ സമ്മര്‍ദ്ദത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ ആരും റിസ്ക് എടുക്കാന്‍ തയ്യാറാവില്ല”
”ആയിരത്തിലൊന്നില്‍ സങ്കീര്ണതയുണ്ടാവാം. ഏതുകാര്യത്തിലും അങ്ങനെത്തന്നെയാണ്. രോഗി മരിച്ചാല്‍ കുറ്റം ഡോക്ടറുടെ തലയ്ക്കാകും. പിന്നെ പ്രതിഷേധവും കല്ലേറും പോലീസ് കേസുമായി. സ്വന്തം ജീവിതംവച്ച് ആരാണ് പരീക്ഷണത്തിന് മുതിരുന്നത്? അപ്പോള്‍ വിവിധ ശസ്ത്രക്രിയകളും ടെസ്റ്റുകളും സ്വാഭാവികം. അതായത്, ആയിരത്തിലൊരാള്ക്കുവേണ്ടി. ബാക്കി 999 പേരും അമിതമായ ചികിത്സാചെലവിന്റെ ഭാരം ചുമക്കുന്നു”.
? അലോപ്പതി വൈദ്യം പിന്തുടരുന്ന ആശുപത്രിയെന്ന നിലയില്‍ ഇത് തന്നെയല്ലേ അല്മയിലും നടക്കുന്നത്
=അതെ. പക്ഷേ രോഗിയും ചികിത്സകനും തമ്മില്‍ വിശ്വാസത്തിന്റെ സുദൃഢമായൊരു ബന്ധമുണ്ട്. ആ ബന്ധത്തെ കൂടുതല്‍ ബലപ്പെടുത്തുകയാണ് അല്‍മ ചെയ്യുന്നത്. വല്ലപ്പോഴുമൊരു മരണം സംഭവിച്ചാല്‍ അത് ഡോക്ടറുടെ പിഴവുകൊണ്ടല്ലെന്ന് ബന്ധുക്കള്‍ക്ക് പറയാന്‍ കഴിയണം. അവിടെയാണ് ഈ ബന്ധം അളക്കപ്പെടുന്നത്, അതിനുള്ള സാഹചര്യമില്ലാത്തിടത്താണ് ആരോഗ്യരംഗത്തെ ധാര്‍മികത നഷ്ടപ്പെടുന്നത്. അങ്ങനെയാണ് ചികിത്സ ചൂഷണമാകുന്നതും, ചികിത്സകന് ചൂഷകനായി ചിത്രീകരിക്കപ്പെടുന്നതും. അതില്‍ നിന്ന് വ്യത്യസ്തമാകാനാണ് അല്‍മ ശ്രമിച്ചത്. അത് വലിയൊരളവില്‍ വിജയിച്ചിട്ടുണ്ട്.
? ആരോഗ്യരംഗം കുത്തകവത്ക്കരിക്കപ്പെടുകയും രോഗികള്‍ ഉപഭോക്താക്കളായി മാറുകയും ചെയ്ത സാഹചര്യത്തില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതല്ലേ
= രോഗികള്‍ ഉപഭോക്താക്കളായെന്നുള്ളത് നൂറ് ശതമാനം ശരിയാണ്. അതുതന്നെയാണ് തെറ്റും. 1994- ല്‍ ഉപഭോക്തൃ സംരക്ഷണനിയമം വന്നപ്പോള്‍ മുതലാണ് ഈ പ്രശ്നം ഉടലെടുത്തത്. ഡോക്ടറും രോഗിയും തമ്മിലുള്ള വിശ്വാസത്തെയാണ് ഇത് ചോദ്യം ചെയ്തു തുടങ്ങിയത്. ഉപഭോക്താവ് തനിക്കു ലഭിക്കുന്ന സേവനത്തെ ചോദ്യം ചെയ്ത് തുടങ്ങിയപ്പോള്‍ പ്രതിരോധമരുന്നുകള്‍ക്കും പരിശോധനകള്‍ക്കും കുറിപ്പെഴുതിത്തുടങ്ങി. ഫലമോ? ആവശ്യമില്ലാത്തതിനും എംആര്‍ഐ സ്കാന്‍ പോലുള്ള പരിശോധനനഷ്ടം ഈ പറഞ്ഞ ഉപഭോക്താവിനുതന്നെ. കുറിപ്പ് എഴുതാത്ത ഏതെങ്കിലുമൊരു കേസ്സില്‍ രോഗിമരിച്ചാലോ, പരിശോധന നടത്താത്തത് ക്രിമിനല്കുറ്റമാകും.
? ഉപഭോക്തൃ സംരക്ഷണനിയമം സംരക്ഷണ നിയമം തെറ്റാണെന്നാണോ
= ഒരിക്കലുമല്ല.തെറ്റ് നിയമത്തിന്റേതല്ല അതിലെ വ്യവസ്ഥകള്‍ ഡോക്ടര്‍ -രോഗീബന്ധത്തിന് യോജിക്കുന്നതല്ല. ഡോക്ടര്‍ കൈകാര്യം ചെയ്യുന്നത് ഒരു ഉല്‍പ്പന്നമല്ല, ജീവനുള്ള ശരീരമാണ്. ഡോക്ടറെ വിശ്വാസത്തിലെടുക്കാത്ത നിയമം അനുസരിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാവുകയാണ്. ചികില്‍സാ അവഗണന കേസ്സുകള്‍ കൈകാര്യം ചെയ്യാന്‍ ഉപഭോക്തൃകോടതികളല്ല,മെഡിക്കല്‍, ജുഡീഷ്യല്‍ രംഗത്തെ വിദഗ്ധരടങ്ങിയ ബോര്‍ഡാണ് വേണ്ടത്.
നാല് തുന്നലിന്റെ കഥ
പ്രസവസമയത്തെ ഏറ്റവും വലിയ സമസ്യയാണ് രക്ത സ്രാവം. നിലയ്ക്കാത്ത രക്തസ്രാവമാണ് പലപ്പോഴും അമ്മയുടെ മരണത്തിന് കാരണമാകുന്നത്.
ഗര്‍ഭപാത്രം ചുരുങ്ങാത്തതുകൊണ്ടുണ്ടാവുന്ന ഈ പ്രഹേളികയ്ക്ക് ലളിതമായൊരു പരിഹാരമാര്‍ഗം നിര്‍ദേശിച്ചത് കമ്മാപ്പയാണ്. ഗര്‍ഭപാത്രത്തില്‍ നാല് തുന്നലിട്ടാല്‍ രക്തസ്രാവം നിലയ്ക്കുമെന്നും അതുകൊണ്ട് യാതൊരു പ്രശ്നങ്ങളുമുണ്ടാവില്ലെന്നും അദ്ദേഹം തെളിയിച്ചു. ഗര്‍ഭിണിയുടെ വയര്‍ നെടുകെ കീറുന്നതിന് പകരം കുറുകെ കീറിയാലും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കാമെന്ന് തെളിയിച്ചതും കമ്മാപ്പതന്നെ. സുധീരമായ ഈ പരീക്ഷണങ്ങള്് അന്താരാഷ്ട്ര സയിന്റിഫിക് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതോടെ മെഡിക്കല്‍ ലോകം അദ്ദേഹത്തെ അംഗീകരിച്ചു. ഇന്ന് നിരവധി ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയാ രീതികള്‍ പിന്തുടര്ന്ന് വരുന്നു. ഓള് ഇന്ത്യ ഗൈനിക്ക് കോണ്‍ഫറന്‍സിലും അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.
അല്‍മ ആശുപത്രിയുടെ ജനകീയത മണ്ണാര്‍ക്കാടിനു പുറത്തേക്ക് വളര്‍ന്നതോടെ തിരക്കേറി. മാസം 300 പ്രസവംവരെ ഇവിടെ നടക്കാറുണ്ട്. കേരളത്തില്‍ ശസ്ത്രക്രിയയിലൂടെയുള്ള പ്രസവനിരക്ക് 40%മാണെങ്കില്‍ അല്‍മയില്‍ അത് 25%മാണ്. ഈ വ്യത്യസമാണ് ജനത്തെ അല്മയോടടുപ്പിക്കുന്നത്. അടുപ്പം ആദരവിലൂടെ അവര്‍ പ്രകടമാക്കി. മണ്ണാര്‍ക്കാട് പൂരാഘോഷകമ്മിറ്റിയും, പോര്‍ക്കൊരിക്കല്‍ ഭഗവതി ഉത്സവക്കമ്മിറ്റിയും അദ്ദേഹത്തെ ആദരിച്ചു. 2017 ല്‍ ഇ-പത്രമായ ഫ്യൂച്ചര്‍ കേരളയുടെ പ്രത്യേകപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു.
നാട്ടുകാര്‍ക്ക് മാത്രമല്ല സര്‍ക്കാരിനും അല്‍മ ആശുപത്രിയെയും അതിന്റെ നടത്തിപ്പുകാരെയും പൂര്ണവിശ്വാസമാണ.് മികച്ച മാലിന്യസംസ്കരണ സംവിധാനമൊരുക്കിയതിന് സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെ പുരസ്കാരം 2012 മുതല്‍ തുടര്‍ച്ചയായി ആറുതവണ അല്‍മയെ തേടിയെത്തി. കേരളത്തിലെ അപൂര്‍വം ആശുപത്രികള്‍ക്ക് മാത്രം അവകാശപ്പെടാനാവുന്ന നേട്ടമാണിത്.
ജനങ്ങളര്‍പ്പിച്ച വിശ്വാസം കൈമുതലാക്കിയുള്ള വൈദ്യജീവിതം 38-ാം വര്‍ഷത്തിലേക്കു കടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ സന്തോഷം മാത്രമെന്ന് കമ്മാപ്പ. ഈ സന്തോഷത്തിന് ഊടും പാവും നെയ്ത് കുന്തിപ്പുഴക്കരയിലെ ‘നെഹറി’ ല്‍ ഭാര്യ സൈദ ഒപ്പമുണ്ട്. എറണാകുളം തൂശിക്കണ്ണന്‍ തറവാട്ടിലെ അംഗമാണവര്‍. വീട്ടുകാരുടെയും ഡോക്ടറച്ചനായ കമ്മാപ്പയുടെ മൂന്ന് മക്കളില്‍ രണ്ടുപേരും ഡോക്ടര്‍മാരായി. ഡോ.അമീനയും, ഡോ.ലാമിയയും. മരുമക്കളായ നൈഷാദ് ബാബുവും, ഷാഹിദും ഡോക്ടര്‍മാര്‍തന്നെ. ഇളയമകന് നബീല്‍ മുഹമ്മദ് എംബിബിഎസ് വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: