മനുഷ്യന് നേരെ ചൊവ്വേ ജീവിക്കാന്‍ പറ്റുന്ന കാലത്തെക്കുറിച്ചു വിദൂരമായി ചിന്തിക്കാന്‍പോലും പേടിതോന്നുംവിധം ആയിക്കഴിഞ്ഞു കേരളത്തിന്റെ അവസ്ഥ. ഇരുമുന്നണികളും ഭരിച്ചു തുലച്ച് ഇത്തരം പേടിജീവിതം ആക്കിത്തീര്‍ത്തിട്ടുണ്ട് കേരളത്തിന്റെ പൊതു ജീവിതത്തെ. പിണറായികൂടി മുഖ്യമന്ത്രിയായതോടെ എല്ലാം പൂര്‍ണ്ണമായി. ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം നാടുനീളെകൊണ്ടാടുമ്പോള് എന്തിനാണ് ഈപൊടിപൂരമെന്നു ചോദിക്കുന്നത് പൊതുജനമാണ്. ഏറ്റവും മോശമായിപ്പോലും ഭരിക്കാന്‍ കഴിയാത്ത പിണറായി അതിലും താഴെയായി ഭരിച്ചുകൊണ്ട് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ വിധിയുണ്ടെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ അവസ്ഥ എന്നും ചിന്തിക്കുന്നുണ്ട് ജനം.
എന്തെല്ലാം പൊങ്ങച്ചങ്ങളും വീരസ്യങ്ങളുമാണ് തന്റെ സര്‍ക്കാരിനെക്കുറിച്ചു പിണറായി തട്ടിവിടുന്നത്. അതു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും ചിരിയല്ല ഒരുതരം ആത്മനിന്ദയാണ് ആളുകള്‍ക്കു തോന്നുന്നത്. ഇത്തരമൊരു പരിതസ്ഥിതിയിലാണല്ലോ ജീവിച്ചുപോരുന്നതെന്നാണ് അവരുടെ വിചാരം. നാടുമുഴുവന്‍ സിപിഎംകാരാണെന്ന മണ്ടന്‍ ഭാവനയില്‍ ആരോ എഴുതിക്കൊടുത്ത കല്ലുവച്ചനുണകള്‍ പിണറായിയും കൂട്ടരും പൊതുവേദിയില്‍ തട്ടിവിടുമ്പോള്‍ നാണംകെടുകയാണ് കേരളം. ഇപ്പോള്‍ തന്നെ കേരളം എല്ലാംകൊണ്ടും പറുദീസയാണെന്നാണ് വീരസ്യം പറച്ചില്. കേരളം മുഴുവന്‍ നന്നായി, ഇനിയിപ്പോള്‍ നന്നാക്കാനൊന്നുമില്ലെന്ന മട്ടിലാണ് ആഘോഷംപൊടിപൂരമായി നടക്കുന്നത്. സിപിഎമ്മിനെ സഖാക്കള്‍പോലും വെറുത്തുതുടങ്ങി എന്നതാണ് രണ്ടുവര്‍ഷംകൊണ്ട് പിണറായി സര്‍ക്കാര്‍ ഉണ്ടാക്കിയ അഭിമാന നേട്ടം എന്നതാണ് വാസ്തവം!
സര്‍ക്കാരിനെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പിണറായി മാത്രമാണ് സംസാരിക്കുന്നത്. അല്ലെങ്കില്‍ പിണറായി പറയുന്നതാണ് മറ്റുള്ളവര്‍ ഏറ്റു പറയുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രത്യേകിച്ചൊരു റോളും ഇല്ല. താന്‍ സെക്രട്ടറിയാണല്ലോയെന്ന് വിചാരിച്ച് ഉറക്കത്തില്‍നിന്നും പെട്ടെന്ന് ഞെട്ടിയുണര്‍ന്നു എന്തെങ്കിലും പറഞ്ഞാലായി. കമ്യൂണിസ്റ്റ് ഏകാധിപതികള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയൊക്കെയാകും സംഭവിക്കുക. രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത കേരളത്തില്‍ രണ്ടുവര്‍ഷംകൊണ്ട് ഇനി ഭാവിയിലേക്ക് പിണറായി ഏതാണ്ടൊക്കെ സ്വപ്നംകാണുന്നത് വലിയ കോമഡിയാകും. ഇന്നത്തെ സാഹചര്യത്തില്‍ എന്നന്നേയ്ക്കുമായി സിപിഎമ്മിനെ കേരളത്തില്‍ ഇല്ലാതാക്കിയതിന്റെ മുഴുവന്‍ ക്രഡിറ്റും പിണറായിക്കുള്ളതാണെന്നു ഭാവിയില്‍ ചരിത്രകാരന്മാര് പറയാന്‍ ഇടയാക്കും എന്നതാണ് സത്യം. മനുഷ്യവിരുദ്ധമായ ഒരു സര്‍ക്കാരിന്റെ ആഘോഷത്തില്‍ മാനസികമായി ഇരിപ്പിടമില്ലാതെ പുറത്താകുന്ന പൊതുജനത്തിന്റെ അവസ്ഥയ്ക്ക് എന്തുപേരിട്ടു വിളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: