അലി അക്ബര്‍ എന്ന പേരിന് ദൈവത്തെപ്പോലെ വലിയവന്‍ എന്നാണര്‍ഥം. ജനിച്ചത് മീനങ്ങാടിയിലെ ജന്മി കുടുംബത്തിലാണെങ്കിലും ഇല്ലായ്മയുടെ വല്ലായ്മയില്‍ വളര്‍ന്നൊരു ജീവിതമായിരുന്നു. ആ ജീവിതം വലിയ മനസ്സിനെ രൂപപ്പെടുത്തി. സിനിമയും രാഷ്ട്രീയവുമെല്ലാം ഇഴചേര്‍ന്ന ജീവിതത്തിലൂടെ പിന്‍യാത്ര നടത്തുമ്പോള്‍ കാണാം അകംപൊള്ളിച്ച ചിലതൊക്കെ…
പത്തരമാറ്റ് തറവാടി
മീനങ്ങാടിയിലെ കോട്ടക്കുന്ന് പുഴയൊഴുകും ഗ്രാമത്തില്‍ വെളുത്തേടത്ത് തറവാട്. അവിടെ അബൂബക്കറിന്റെയും ബീവാത്തുമ്മയുടെയും എട്ടുമക്കളില്‍ ഏഴാമനായി 1963 ഫെബ്രുവരി 20-നായിരുന്നു അലിയുടെ ജനനം.
മുസ്ലിം സമുദായത്തില്‍ ഇല്ലാത്തൊരു പതിവ് പിതാവ് ചെയ്തു; മകന്റെ ജാതകം കുറിച്ചു. പുലര്‍ച്ചെ സുബഹ് നമസ്കാരസമയത്ത് പളളിയില്‍നിന്ന് ബാങ്കു വിളി ഉയരുമ്പോള്‍ പൂരാടം നക്ഷത്രത്തിലായിരുന്നു അലി അക്ബറിന്റെ ജനനം. അഞ്ചുവയസുളളപ്പോള്‍ പിതാവ് മരിച്ചു. പൂരാടം നക്ഷത്രത്തില്‍ പിതാവിന് കാലനായി പിറന്നവന് എന്ന് കുടുംബത്തില്‍ ആരൊക്കെയോ പിറുപിറുത്തത് കുഞ്ഞുമനസ്സിനെ നൊമ്പരപ്പെടുത്തി. അവന് കാലനല്ലെന്നും കലാകാരനാണെന്നും കാലം സാക്ഷ്യപ്പെടുത്തി.
പ്രതാപിയായിരുന്നു അലി അക്ബറിന്റെ പിതാവ് അബൂബക്കര്‍ സാഹിബ്. വലിയൊരു പുസ്തകശേഖരത്തിന് ഉടമ. തര്‍ക്കശാസ്ത്രവും ഗീതയും ബൈബിളുമെല്ലാം അലമാരയില്‍ മനുഷ്യത്വം വിളമ്പി നിന്നു. നാട്ടിലെ കാരണവരായിരുന്ന അബൂബക്കര്‍ നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്നും മുന്പിലുണ്ടായിരുന്നു.
ദൂരദിക്കില്‍നിന്ന് നാട്ടിലെത്തുവര്ക്ക് വീട് ഒരു അത്താണികൂടിയായിരുന്നു. താമസവും ഭക്ഷണവും നല്കി അതിഥികളെ സല്‍ക്കരിക്കുന്ന ഇടത്താവളം ഉമ്മാരത്ത് വീട് എന്നും അറിയപ്പെട്ടു. അലി അക്ബറില് മനുഷ്യസ്നേഹിയെ വളര്‍ത്തിക്കൊണ്ടുവന്നത് കാരുണ്യനിധിയായ ബാപ്പയും ഉമ്മയുമായിരുന്നു.
പിതാവിന്റെ മരണത്തോടെ ദാരിദ്ര്യം ജീവിതത്തെ ബാധിച്ചു തുടങ്ങിയിരുന്നു.വലിയ കുടുംബത്തെ പോറ്റാന്‍ ബീവാത്തുമ്മ കഷ്ടപ്പെട്ടു. ‘ദാരിദ്ര്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുളളൂ’വെന്ന് അലി പില്ക്കാലത്ത് മനസ്സിലാക്കി.
കോട്ടക്കുന്ന് പുഴയുടെ തീരങ്ങളില്‍ തോടന്മീനിനെ പിടിക്കാന്‍ കൂട്ട് വനവാസി കുട്ടികളായിരുന്നു. സ്കൂളിലും കളിസ്ഥലങ്ങളിലുമെല്ലാം കുറുമാട്ടികള്‍(കുറുമക്കുട്ടികള്) അക്ബറിന് കൂട്ടായി. മീനങ്ങാടിയില്‍ നടന്നുവന്ന ആഴ്ചച്ചന്തകളില്‍ തമിഴ് നാട്ടില്‍ നിന്നും മൈസൂരില്‍ നിന്നുമുള്‍പ്പെടെ പലദേശക്കാര്‍ എത്തുമായിരുന്നു. കുടമണികിലുക്കിയെത്തുന്ന കാളവണ്ടികള്‍, അവയൊടൊപ്പമെത്തുന്ന പലവേഷക്കാര്‍. ദൃശ്യസമ്പന്നമായ ആ കാലവും ഈ കലാകാരനെ രൂപപ്പെടുത്തി. അധഃസ്ഥിത സമൂഹത്തോടൊപ്പം ഹൃദയംകൊണ്ട് ഒന്നുചേരാന്‍ കാലം ഒരുക്കിയ വഴികളായിരുന്നു അതൊക്കെ.
ഒരു റിബല്‍ ജനിക്കുന്നു
മദ്രസാ വിദ്യാഭ്യാസ കാലം തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി അലി അക്ബര്‍ ഓര്‍ക്കുന്നു. നേരം പുലരുമ്പോഴും വൈകീട്ടുമൊക്കെയുളള മതപഠനം. കലാകാരനായിത്തീരാന്‍ ജനിച്ച അലിക്ക് മദ്രസാപഠനം അസ്വാതന്ത്ര്യത്തിന്റെ പലതരം ചങ്ങലക്കെട്ടുകള്‍ തീര്‍ത്തതോടെ കുഞ്ഞുമനസ്സില്‍ അത് ഭാരമായി തുടങ്ങിയിരുന്നു. ഉസ്താദിന്റെ തുറിച്ചുനോട്ടങ്ങള്‍… മദ്രസയിലെത്തുന്ന വിദ്യാര്‍ഥികള്‍ ഒന്നുമറിയാത്ത പ്രായത്തില്‍… എല്ലാം ചേര്‍ന്ന് തന്നില്‍ ഒരു റിബലിന് ജന്മം നല്‍കുകയായിരുന്നുവെന്ന് അലി അക്ബര്‍ ഓര്‍ക്കുന്നു. അഥവാ ഒരു കലാകാരാനെ രൂപപ്പെടുത്താന്‍ ഇതെല്ലാം വഴിയൊരുക്കുകയായിരുന്നു. അലിയില്‍ ഒരു ഇടതുപക്ഷ വിരുദ്ധനെ രൂപപ്പെടുത്തിയെടുത്തതും അക്കാലത്തെ ചില ദുരനുഭവങ്ങള്‍.
തെരഞ്ഞെടുപ്പ് സമയത്ത് വനവാസികള്‍ക്ക് ചാരായം എത്തിച്ചുകൊടുക്കാന്‍ അലിയെ പാര്‍ട്ടി നിയോഗിച്ചു. പാര്‍ട്ടിയോഗത്തില്‍ അലി അതിനെ ചോദ്യം ചെയ്തു. ശത്രുവിനെ തോല്‍പ്പിക്കാന്‍ ഏത് കുത്സിത മാര്‍ഗവും സ്വീകരിക്കാമെന്ന പാര്‍ട്ടി നിലപാട് അലിയെ വേദനിപ്പിച്ചു. സെന്റ് മേരീസില്‍ സ്വന്തം സംഘടന രൂപീകരിച്ച് എസ്എഫ്ഐക്കെതിരെ മത്സരിച്ചായിരുന്നു അലി ഇടതുവിരുദ്ധനായത്.
മീനങ്ങാടി ഗവ.ഹൈസ്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകം പിറക്കുന്നത് സി.എല്‍. ജോസിന്റെ ‘പൊറിഞ്ചു പോലീസി’ല്‍ പോലീസിന്റെ വേഷമിട്ട് അലി അക്ബര്‍ കലാലോകത്തേക്ക് കാല്‍വച്ചു. ആ വര്‍ഷം മുതല്‍ ഗുരു ഇലക്കാട് മുരളീധരന് മാസ്റ്റരുടെ ശിക്ഷണത്തില്‍ സ്കൂള്‍ യുവജനോത്സവത്തില്‍ തുടര്‍ച്ചയായി മീനങ്ങാടി സ്കൂള്‍ സാന്നിധ്യമറിയിച്ചു. ആയിടയ്ക്ക് കെ.പി.കുമാരന്റെ ‘തേന്തുളളി’ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചു.
വയനാട് സാംസ്കാരികിവേദിയെന്ന സംഘടനയുടെ ബാനറിലായിരുന്നു പില്ക്കാല നാടകപ്രവര്‍ത്തനം.
കലയും കലാപവും
ബത്തേരി സെന്റ് മേരീസിലെ പഠനകാലം അലിയിലെ കലാകാരനെ നട്ടുനനച്ചു വളര്‍ത്തി.നാടകം, മോണോ ആക്ട്, ഡാന്‍സ്, ഓട്ടന്തുള്ളല് ഇതൊക്കെ അലിയുടെ കുത്തകയായിരുന്നു. പിന്നെ സെന്റ് മേരീസില്നിന്നു നേരെ തിരുവനന്തപുരത്ത് തിക്കുറിശ്ശി പ്രിന്‍സിപ്പലായ സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംവിധാനം പഠിക്കാന്‍ വണ്ടി കയറി. പഠിക്കാന്‍ തുടങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ആ സ്ഥാപനത്തിലെ അധ്യാപകനായി. സംവിധാനം മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും പ്രാവീണ്യം നേടി. ക്ലാസെടുക്കാനെത്താറുള്ള കെ.ജി.ജോര്‍ജിനെ പരിചയപ്പെട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഗണേഷ് ആദ്യമായി അഭിനയിച്ച ഇരകള്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ കാണാനുള്ള ആഗ്രഹത്തിന് കെ.ജി.ജോര്‍ജ് മനസ്സില്ലാമനസ്സോടെ സമ്മതിച്ചെങ്കിലും ചിലരുടെ കുത്തുവാക്കുകള്‍ അലിയെ വേദനിപ്പിച്ചു. കെ.ജി.ജോര്‍ജിന്റെ വീടിന്റെ പടിയിറങ്ങുമ്പോള്‍ അലിയുടെ മനസ്സില്‍ നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു, സ്വന്തമായി സിനിമയെടുക്കണം. സതേണ്‍ ഫിലിംസില്‍ പഠിക്കുന്ന കാലത്ത് മറ്റൊരു സംഭവവുമുണ്ടായി. ഇടുക്കി രാജാക്കാട് സ്വദേശിയായ ലൂസിയെന്ന ക്രിസ്ത്യാനിപ്പെണ്ണ് അലിയുടെ ജീവിത സഖിയായി. ഫോട്ടോഗ്രഫി പഠിക്കാനെത്തിയ ലൂസി ജീവിതം പകര്‍ത്താന്‍ അലിയെന്ന ക്യാമറയെ തന്നെ സ്വന്തമാക്കുകയായിരുന്നു. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിക്കില്ല എന്ന തീരുമാനത്തിനും അതോടെ തീരുമാനമായി. ചട്ടയും മുണ്ടും ധരിച്ച ത്രേസ്സ്യാമ്മ അമ്മായിയമ്മയായും മാത്യുച്ചായന് അമ്മായിയപ്പനായും കുടുംബത്തിലെത്തി.
ഒരു സിനിമ ജനിക്കുന്നു
കെ.ജി. ജോര്‍ജിന്റെ വീട്ടില്‍നിന്ന് അലി വയനാട്ടില്‍ തിരിച്ചെത്തി. നക്സല്‍ കൊലപാതകവുമായി ബന്ധപ്പെട്ട കഥയില്‍ ഒരു സിനിമ ജനിക്കുകയായി- ‘മാമലകള്‍ക്കപ്പുറത്ത്.’ വയനാട്ടിലെ നാടകജീവിതവുമായി ബന്ധപ്പെട്ട കഥയ്ക്ക് അലി അഭ്രപാളിയില്‍ വെളിച്ചം പകരുകയായിരുന്നു. മനോജ് കെ.ജയനായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
പിന്നീട് വിവാദനായകനായ സേവി മനോമാത്യുവും സിനിമയുമായി അന്ന് സഹകരിച്ചു. ആ വര്‍ഷത്തെ നവാഗതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ‘മാമലകള്‍ക്കപ്പുറത്ത്’ എന്ന സിനിമയിലൂടെ അലിക്ക് ലഭിച്ചു. അങ്ങനെ മാമലകള്‍ കടന്ന് ആദ്യസിനിമാ അവാര്‍ഡ് വയനാട്ടിലെത്തി. ബത്തേരി സാഗറില്‍ സിനിമ നിറഞ്ഞോടി. ഇതില്‍ അലി അക്ബര്‍ രചിച്ച ”വള നല്ല കുപ്പി വള വാങ്കി തരും നാന്” എന്ന ഗാനം ഹിറ്റായി. ”എല്ലാരും പോകുഞ്ചോ കുറിഞ്ചി മലയിലെ” എന്ന ഗാനം കൂടാതെ ‘ബാംബൂ ബോയ്സി’ലെ നാലു പാട്ടുകള്‍ ഉള്‍പ്പെടെ പത്തോളം ഗാനങ്ങള്‍ അലി അക്ബര്‍ രചിച്ചിട്ടുണ്ട്.
സ്വന്തം സിനിമയ്ക്ക് സ്വന്തമായി അനൗണ്‍സ്മെന്റ് നടത്തി പോസ്റ്ററൊട്ടിച്ച സംവിധായകനെന്ന ഖ്യാതിയും അലിക്ക് മാമലകള്‍ക്കപ്പുറത്ത് നേടിക്കൊടുത്തു. എന്നാല്‍ സിനിമയെടുത്ത വകയില്‍ അലിക്ക് നഷ്ടം വയനാട്ടില്‍ അന്‍പത് സെന്റ് ഭൂമി.
എന്നും കുചേലന്
അവാര്‍ഡ് ജേതാവാണെങ്കിലും രണ്ടുവര്‍ഷം ദാരിദ്ര്യത്തിന്റെ പടുകുഴിയിലായിരുന്നു. കല്യാണ വീഡിയോയും ആല്‍ബവും എടുത്ത് അഷ്ടിക്ക് വകകണ്ടെത്തി. തിലകന് ഇരട്ട വേഷമഭിനയിച്ച ‘മുഖമുദ്ര’ യായിരുന്നു അടുത്ത പടം. തീയേറ്ററില്‍ ‘മുഖമുദ്ര’ നൂറാം ദിവസം പിന്നിടുമ്പോഴും സംവിധായകന്റെ വീട്ടില്‍ അന്ന് ഒരു മണി അരിയില്ലായിരുന്നു. ചേരിക്ക് സമാനമായ പ്രദേശത്ത് 250 രൂപ വീട്ടുവാടകയിലായിരുന്നു താമസം. ദൂരദര്‍ശനുവേണ്ടി ‘പാഠഭേദം’ എന്ന പരമ്പര തുടങ്ങിയതോടെയാണ് ജീവിതം ഒന്നു പച്ചപിടിച്ചത്. പൊന്നുച്ചാമി, കുടുംബവാര്ത്ത, ജൂനിയര്‍ മാന്‍ഡ്രേക്ക്, ബാംബൂ ബോയ്സ്, അപ്പാവി കട്ടേരി തുടങ്ങി പൊട്ടനില്‍ എത്തി നില്ക്കുന്ന 16 സിനിമകളില്‍ നാല് സിനിമയ്ക്ക് മാത്രമേ മുഴുവന്‍ പ്രതിഫലവും ലഭിച്ചിട്ടുള്ളൂ. പണം ചോദിച്ചുവാങ്ങുന്ന രീതി അലിക്ക് അറിയില്ലായിരുന്നു. സിനിമയെടുക്കാന്‍ പലരും സമീപിച്ചിരുന്നുവെങ്കിലും സിനിമയ്ക്ക് പിന്നിലെ റിസ്ക് പറഞ്ഞു മനസ്സിലാക്കി തിരിച്ചയച്ചു. ആരെയും വഞ്ചിക്കാനും സിനിമയെടുത്ത് ആരുടെയും ജീവിതം തുലയ്ക്കാനും മനസ്സില്ലാത്തതുകാരണമായിരുന്നു അത്. ഇങ്ങനെ തിരിച്ചയച്ചവരില്‍ ഒരാളായിരുന്നു തൃശൂര്‍ സ്വദേശി ഉണ്ണി. ഉണ്ണിയുടെ ഭാര്യ അലിയെ വിളിച്ച് തിരിച്ചയച്ചതിന് നന്ദി പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്നും ഉണ്ണിയേട്ടന് അലിയുടെ ഉറ്റസുഹൃത്താണ്.
ദേശീയ അംഗീകാരത്തിലേക്ക്
റാബിയ ചലിക്കുന്നു എന്ന ഡോക്യുമെന്ററിക്കായിരുന്നു അലി അക്ബറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. കെഎസ്എഫ്ഡിസിയുടെ മൂന്ന് ഡോക്യുമെന്ററികളും അവാര്‍ഡിനുണ്ടായിരുന്നു. അക്ബറിന്റെ ഡോക്യുമെന്ററി അവാര്‍ഡിന് എത്താതിരിക്കാന്‍ കെഎസ്എഫ്ഡിസിയില്‍ ആരൊക്കെയോ കളിച്ചു. അവാര്‍ഡിന് അയയ്ക്കാന്‍ ഡോക്യുമെന്ററിയുടെ പ്രിന്റ് മദ്രാസില്‍ നിന്ന് എടുത്തുനല്‍കണം. അതിലേക്കായി കെഎസ്എഫ്ഡിസിയില്‍ നിന്ന് അയച്ച പട്ടികയില്‍ റാബിയ ഇടംകണ്ടില്ല. വിമാനത്തില്‍ മദ്രാസ് പ്രസാദ് ലബോറട്ടറിയില്‍ എത്തി പ്രിന്റെടുത്ത് രായ്ക്കുരാമാനം തിരുവനന്തപുരത്ത് എത്തി പ്രിന്റ് സെന്‍സര്‍ ചെയ്തു അവാര്‍ഡിനയച്ചു. പിശാചുക്കള്‍ നേരിട്ട് കൊമ്പുകോര്‍ക്കാന്‍ എത്തിയപ്പോള്‍ ഈശ്വരന് പലരുടെയും രൂപത്തിലാണ് അലി അക്ബറിനെ സഹായിച്ചത്. തുടര്‍ന്ന് സീരിയല്‍ രംഗത്ത് സജീവമായാണ് കുടുംബം പോറ്റിയത്. ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’ എന്ന സീരിയല്‍ അലി അക്ബറിന് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡും ഭാര്യ ലൂസിയമ്മക്ക് ആദ്യ അവാര്‍ഡും നേടിക്കൊടുത്തു.
കോഴിക്കോട്ട് വേരൂന്നുന്നു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ എം.കമലമാണ് അലി അക്ബര്‍ കോഴിക്കോട്ട് എത്താന്‍ കാരണമായത്. കമലത്തിന്റെ ഉടമസ്ഥതയിലുള്ള ശാസ്തമംഗലത്തെ സ്ഥാപനത്തിലാണ് റിയല്‍ ഇമേജസ് എന്ന സ്റ്റുഡിയോ അലി തുടങ്ങുന്നത്. വാടകയ്ക്ക് പുറമെ ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയാണ് സ്ഥാപനം തുടങ്ങിയത്. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ സ്ഥാപനം ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. വലിയ ഷോക്കായിരുന്നു അത്. ദാരിദ്ര്യത്തില്‍ നിന്നും കഷ്ടപ്പാടില്‍ നിന്നും ഒന്നു കരകയറാന്‍ തുടങ്ങുന്നതേയുള്ളൂ, അപ്പോഴേക്കും അശനിപാതം പോലെ…
അലി കോഴിക്കോട്ട് സ്ഥിരതാമസത്തിന് ഒരുക്കം തുടങ്ങി. സ്റ്റൂഡിയോയും കോഴിക്കോട്ടേക്ക് മാറ്റി. ദുബായ് ടെലിവിഷനുവേണ്ടി ഒരു അറബി സീരിയലും ആരംഭിച്ചു. ഒരു തളര്‍ച്ചയ്ക്കുശേഷം ജീവിതം വീണ്ടും പച്ചപിടിച്ചു തുടങ്ങുകയായിരുന്നു.
കോഴിക്കോട്ട് എത്തിയശേഷം എ.കെ.ബി. നായരില്‍ നിന്ന് ഗീതാപഠനം നേടിയതോടെ ജീവിതം വഴി മാറിത്തുടങ്ങി. കുട്ടിക്കാലത്ത് ക്ഷേത്ര സങ്കേതങ്ങളില്‍ നാടകം കളിച്ചുനടന്ന കാലത്തുതന്നെ ക്ഷേത്രം ഒരു വികാരമായിരുന്നു. ഗീതാപഠനത്തോടെ അതു പൂര്‍ണതയിലെത്തി.
ആം ആദ്മി അഥവാ ഹവാല ആദ്മി
ഇതിനിടെ ചില സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി കോഴിക്കോട് വടകരയില്‍ ലോക്സഭാ സ്ഥാനാര്‍ഥിയായി മത്സരിച്ചു. സോഷ്യല്‍ മുവ്മെന്റ് എന്ന നിലയില്‍ തുടങ്ങിയ പ്രസ്ഥാനം അഴിമതിക്കാരുടേയും ഹവാലക്കാരുടേയും കേന്ദ്രമായിരുന്നുവെന്ന് അലി ആരോപിക്കുന്നു. ഹവാല പണം വന്നതിനെ യോഗത്തില്‍ ചോദ്യം ചെയ്തു. സാറാ ജോസഫിനെയും സംഘടനയുടെ കൊള്ളരുതായ്മയെപ്പറ്റി ബോധ്യപ്പെടുത്തി.
ഇതിനിടെയാണ് നരേന്ദ്ര മോദിയെപ്പറ്റി പഠിക്കുന്നത്. ഗുജറാത്തില്‍ മോദിക്കൊപ്പം നിലകൊള്ളുന്നതില്‍ മുസ്ലിങ്ങളുമുണ്ടെന്ന് മനസ്സിലാക്കി. മോദിക്കൊപ്പമാണ് രാജ്യം ചലിക്കേണ്ടതെന്നും അലി തിരിച്ചറിയുന്നു. ഇന്ന് ബിജെപി സംസ്ഥാനസമിതി അംഗമാണ് അലി അക്ബര്‍.
പോരാട്ടമാണ് ജീവിതം
മലബാറുകാര്‍ അങ്ങനെയാണ്. കൂട്ടത്തിലൊരുത്തനെ ചതിക്കുമ്പോള്‍ ചങ്ക് പറിച്ചാണേലും ഒപ്പം നില്ക്കും. നടന് തിലകനെ ഫെഫ്ക വിലക്കിയപ്പോള്‍ വിലക്കിനെ മറികടന്ന് തിലകനെവച്ച് ‘അച്ഛന്’ എന്ന സിനിമയെടുത്തു. അതോടെ ബി. ഉണ്ണികൃഷ്ണന്റെ പേരില്‍ ഫെഫ്കയുടെ ഫത്വ അലിക്കെതിരെയും വന്നു. മലാപ്പറമ്പിലെ വീടിനു നേരെ ആക്രമണമുണ്ടായി. വാന്‍ എറിഞ്ഞു തകര്‍ത്തു. ‘അച്ഛന്’ സിനിമ ഇറക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനമുണ്ടായി. എല്ലാറ്റിനേയും മറികടന്ന് നാല് തിയറ്ററില്‍ ഒരാഴ്ചക്കാലം ‘അച്ഛന്’ ഓടി. ഫെഫ്കയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പ്രഹരമായിരുന്നു അത്. മാക്ടയെ പൊട്ടിച്ച് ഫെഫ്കയുണ്ടായതോടെ സിനിമ സംവിധായകരില്‍ നിന്ന് താരാധിപത്യത്തിലേക്ക് മാറി. ഇടക്കാലത്ത് സിനിമാ ലോകം ഒറ്റപ്പെടുത്തിയപ്പോള്‍ ‘ജൂനിയര്മാന്ഡ്രേക്കി’ലൂടെ ജഗതി ശ്രീകുമാറിനെ തിരിച്ചുകൊണ്ടുവന്നതും അലി അക്ബറായിരുന്നു.
ജീവിതം കലയ്ക്കുവേണ്ടി
വന്‍ ബഡ്ജറ്റ് ചിത്രങ്ങളില്‍ നിന്നു സിനിമയെ സാധാരണ ബഡ്ജറ്റിലേക്ക് കൊണ്ടുവരാന്‍ അലി അക്ബറിനു കഴിഞ്ഞു. ‘ഫൈനല്‍ കട് പ്രോ’ എന്ന സോഫ്ട് വെയര്‍ സിനിമയില്‍ ഉപയോഗിച്ചുകൊണ്ടായിരുന്നു വിപ്ലവകരമായ മാറ്റത്തിന് അലി തുടക്കം കുറിച്ചത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇതിന് തുടക്കമിട്ടത് അലിയാണെന്ന് അവകാശപ്പെടാം. ‘ബാംബൂ ബോയ്സി’ലായിരുന്നു പരീക്ഷണം. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഈ സാങ്കേതിക വിദ്യ പഠിപ്പിച്ചുകൊടുത്തത് അലിയായിരുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ സിനിമയെടുക്കുന്നതിന് പുതിയ തലമുറ കടപ്പെട്ടിരിക്കുന്നത് അലി അക്ബറിനോടാണ്. ഫെഫ്ക്ക സാങ്കേതിക വിഭാഗത്തെ നിസ്സഹകരിപ്പിച്ചപ്പോള് ആദ്യമായി സ്റ്റില്‍ ക്യാമറ സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സ്വന്തമായി ലൈറ്റും ട്രാക്കും ട്രോളിയുംവരെ ഉണ്ടാക്കി. സംവിധാനം മാത്രമല്ല, ക്യാമറ, എഡിറ്റിങ്, സംഗീതം, ഗാനരചന, വസ്ത്രാലങ്കാരം, കളറിസ്റ്റ്, അപ്പോള്‍സ്റ്ററി, പെയിന്റിങ്, വെല്‍ഡിങ് തുടങ്ങി ഇരുപതിലേറെ തൊഴിലില്‍ നിപുണനാണ് അലി അക്ബര്‍. ഏത് തൊഴില്‍ ചെയ്യാനും മടിയില്ല. അതുകൊണ്ടുതന്നെ ജീവിതത്തില്‍ തോല്പിക്കാന് ശ്രമിച്ചവര്‍ സ്വയം തോറ്റുമടങ്ങിയിട്ടേയുള്ളൂ. ഇപ്പോള്‍ സ്വന്തമായി ഒരുവീട് പൂര്ത്തിയാക്കിക്കൊണ്ടിരിക്കുന്നു. കൃഷ്ണന്റെ കൃപകൊണ്ട് തീരുന്ന വീട്- ‘കൃഷ്ണ കൃപ.’
ദുരിതങ്ങള്‍ക്കിടയിലും മക്കള്‍ അശ്വതിയെയും അലീനയെയും തന്റെ മേഖലകളില്‍ത്തന്നെ നിപുണരാക്കി. അവര്‍ സ്വന്തം കാലില്‍ ഡിസൈനറായും ഫോട്ടോഗ്രാഫറായും തൊഴിലെടുക്കുന്നു. എല്ലാറ്റിനും പിന്തുണയും സാരഥിയുമായി ഭാര്യ ലൂസിയാമ്മയും.
കഥയിത് ഭാരതീയം
ഇനിയുള്ളത് ഭാരതീയ ദര്‍ശനങ്ങളുടെ ഒരു പരമ്പര കുട്ടികള്‍ക്കായി ഒരുക്കുകയാണ്. അവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ പുരാണകഥകളും മറ്റും പകര്‍ന്നു നല്കി സംസ്കൃതിയെ തലമുറകള്‍ക്കായി കാത്തുവയ്ക്കാനാണ് ശ്രമം.
കോഴിക്കോട് പുറക്കാട്ടിരിയിലെ ‘കൃഷ്ണകൃപ’യിലിരുന്ന് അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കേള്‍ക്കാം ക്ഷേത്രത്തിലെ സന്ധ്യാകീര്‍ത്തനം. കൃഷ്ണനാണ് അലിയുടെ ഇഷ്ടദൈവം. വിഘ്നങ്ങള്‍ ഉണ്ടാകുമ്പോഴൊക്കെയും മൃദുമന്ദഹാസവുമായി കൃഷ്ണന് പ്രത്യക്ഷപ്പെടും. അതീന്ദ്രിയ ശക്തിയാല്‍ സാന്ത്വനം പകരും; വിഷമിക്കണ്ട ഞാനുണ്ട് കൂടെ. ജീവിതത്തിന്റെ കുരുക്ഷേത്ര യുദ്ധത്തില്‍ തേരുതെളിച്ച് ഗീതോപദേശം പകര്‍ന്ന് കൃഷ്ണന് ഒപ്പമുണ്ടെങ്കില്‍പ്പിന്നെ ആരെ ഭയക്കണം, അലി അക്ബര്‍ പറഞ്ഞു നിര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: