ഭൂമിശാസ്ത്രപരമായി ഏറ്റവും പ്രാധാന്യമുള്ള സ്ഥാനമാണല്ലോ ഉത്തരായണ രേഖ അഥവാ കര്ക്കടവൃത്തം. ഭോപ്പാലില്‍ നിന്ന് നാലു മണിക്കൂര്‍ റോഡുമാര്‍ഗം യാത്ര ചെയ്താല്‍ സുപ്രസിദ്ധമായ സാഞ്ചിയിലെ അശോകസ്തംഭങ്ങളുണ്ട്. അവ കാണാനായി യാത്ര ചെയ്ത വഴിയിലാണ് ഉത്തരായണ രേഖ കടന്നുപോകുന്ന സ്ഥാനം.
അതിപുരാതനകാലത്തുതന്നെ ഭാരതീയ ജ്യോതിശാസ്ത്രജ്ഞര്‍ ഭൂമിയുടെ വാര്‍ഷിക ചലനത്തിന്റെ സ്വഭാവം മനസ്സിലാക്കി ഉത്തരായണ രേഖ നിര്‍ണയിച്ചിരുന്നു. അതു കടന്നുപോകുന്ന പ്രധാനപ്പെട്ട നഗരമാണ് ഉജ്ജയിനി. അവിടെ അതിപ്രാചീന വാനനിരീക്ഷണ ശാലയുണ്ടായിരുന്നു. ജ്യോതിഃശാസ്ത്ര ഗവേഷണ പഠന കേന്ദ്രവും അവിടെയുണ്ട്. ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് ടൈം ഉജ്ജയിനിയിലെ സമയമാണ്. ഇംഗ്ലീഷുകാര്‍ക്കു ലോക മേധാവിത്തം കൈയ്ക്കലാക്കാന്‍ കഴിഞ്ഞതുകൊണ്ട് ഗ്രീന്‍വിച്ചിലെ സമയം കാലഗണനയുടെ മാനകമായി. അതുപോലെ വിക്രമാദിത്യ മഹാരാജാവിന്റെ കാലം മുതല്‍ ഉജ്ജയിനി ഭാരതത്തിന്റെ കാലമാപന കേന്ദ്രമായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെയാണ് വിക്രമ സംവത്സരം ഭാരതമെങ്ങും ആചരിച്ചുവരുന്നത്. ശകാബ്ദം ദേശീയ സംവത്സരമായി സര്‍ക്കാര്‍ അംഗീകരിച്ചെങ്കിലും ഉത്തരഭാരതത്തിലെങ്ങും ജനങ്ങള്‍ സാംസ്കാരിക ധാര്മികാവശ്യങ്ങള്ക്ക് വിക്രമ സംവത്സരം തന്നെ ഉപയോഗിക്കുന്നു; കേരളീയര്‍ കൊല്ലവര്‍ഷം ആചരിക്കുന്നതുപോലെ. കാലത്തിനായി ഉജ്ജയിനിയില്‍ ഒരു മഹാക്ഷേത്രമുണ്ട്-മഹാകാലക്ഷേത്രം. ദ്വാദശ ജോതിര്‍ലിംഗങ്ങളില്‍ ഒന്നും ‘ഉജ്ജൈന്യാം ച’ മഹാകാലമെന്നാണല്ലോ വചനം.’
യാത്രാമധ്യേ റോഡില്‍ ഉത്തരായന രേഖ അടയാളപ്പെടുത്തി സൂചനാഫലകം സ്ഥാപിച്ചിരുന്നു. അവിടെ ചെറിയ വിശ്രമ സ്ഥാനമുണ്ട്. അവിടെയിരുന്നു ഫോട്ടോ എടുക്കാനും സാധിച്ചു. ഏപ്രില്‍ പത്തിന് രാവിലെ ആയിരുന്നു അത്. അപ്പോള്‍ സൂര്യന് ഉത്തരായനത്തില്‍ എത്തിയിരുന്നില്ല. അതുകൊണ്ട് ചൂട് അത്ര ഉയര്‍ന്നിരുന്നില്ല.
അവിടെനിന്ന് വെയിലുറയ്ക്കുന്നതിന് മുന്‍പ് സാഞ്ചിയിലെ അശോകസ്തൂപത്തിലെത്തി. 2300 വര്‍ഷം മുന്‍പ് ധര്‍മ്മപ്രചാരണത്തിനായി അശോക ചക്രവര്‍ത്തി പടുത്തുയര്‍ത്തിയ ആ മഹത്തായ സൃഷ്ടി ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. കലിംഗ യുദ്ധത്തില്‍ തന്റെ നേതൃത്വത്തില്‍ നടന്ന മനുഷ്യക്കുരുതിക്കുശേഷം ലൗകിക ജീവിതത്തോടു വിരക്തി വരികയും, ബൗദ്ധധര്‍മ്മത്തില്‍ ആകൃഷ്ടനായി ധര്‍മ്മപ്രചാരണത്തിനായി ലോകമെങ്ങും ഭിക്ഷുക്കളെ അയയ്ക്കുകയും ചെയ്ത അശോകന് എന്തുകൊണ്ടാണ് സാഞ്ചിയില്‍ അതിന് ഒരു സ്ഥാനം കണ്ടെത്തിയത്?
ഭാരതത്തിലെ ഏറ്റവും വിപുലമായ സാമ്രാജ്യം വെട്ടിപ്പിടിച്ചെടുത്ത ചക്രവര്‍ത്തിയായിരുന്നല്ലോ അശോകന്. ഗാന്ധാരം മുതല്‍ തമിഴ്നാട്ടിലെ പെണ്ണാര്‍ വരെ വ്യാപിച്ചതായിരുന്നു സാമ്രാജ്യം. പ്രാചീന ചക്രവര്‍ത്തിമാരുടെ പതിവനുസരിച്ച് എട്ടുദിക്കുകളിലും നിന്ന് രാജ്ഞിമാരെ പരിഗ്രഹിച്ച് അധികാരം ഉറപ്പിച്ച ആളായിരുന്നു അശോകനും. അപ്രകാരം വിദിശ രാജ്യത്തിലും അദ്ദേഹം രാജ്ഞിയെ സ്വീകരിച്ചു. പ്രാചീനകാലത്ത് വിദിശ ഐശ്വര്യസമൃദ്ധമായ രാജ്യമായിരുന്നു.
തേഷാം വിക്ഷു പ്രശിത വിദിശാ
ലക്ഷണാം രാജധാനീം
ഗത്വാസദ്യഃ പളമതിമഹത്
കാമുകത്വസ്യ ലബ്ധാ
തീരോപാന്ത സ്തനിത സുഭഗം
പാസ്യസി സ്വാദുയത്ത-
ത്സഭ്രൂഭംഗം മുഖവരിവപയോ
വേത്രവത്യംശ്ചലോര്മ്യഃ
എന്ന് കാളിദാസന് മേഘസന്ദേശത്തില്‍ വിദിശയേയും ആ നഗരത്തിന്റെ ഐശ്വര്യവാഹിനിയായ വേത്രവതീനദിയേയും കാമുകത്വത്തിന്റെ മഹത്തായ അനുഭവം നല്കിയ രാജധാനിയെയും വര്‍ണിക്കുന്നു.
വിദിശയിലെ രാജ്ഞിയില്‍ ജനിച്ച മക്കളായ മഹേന്ദ്രവര്മന്റെയും സര്ഗമിത്രയുടെയും പങ്ക് ബൗദ്ധമത പ്രചാരണത്തില്‍ അതിമഹത്താണ്. വിദിശാ നഗരത്തിനടുത്ത് സാഞ്ചി മലമുകളില്‍ അശോകന് ബുദ്ധവിഹാരവും, ഭിക്ഷു ഗണങ്ങള്‍ക്ക് താമസിക്കുവാനുള്ള ചൈത്യങ്ങളും നിര്‍മ്മിച്ച് അവിടെ ആയിരക്കണക്കിന് പേര്‍ക്ക് ധര്മ്മശിക്ഷണം നല്കപ്പെട്ടു. അശോകന്റെ നിര്‍ദ്ദേശപ്രകാരം മഹേന്ദ്രനും സംഘമിത്രയും ഉത്കല തീരത്തുനിന്നും കപ്പല്‍ കയറി സിംഹളദ്വീപിലെത്തി ധര്‍മ്മപ്രചാരണം നടത്തി. ഭാരതത്തിലെ ഏറ്റവും വലിയ ബൗദ്ധധര്മ്മകേന്ദ്രമായി സാഞ്ചി നൂറ്റാണ്ടുകള്‍ വിരാജിച്ചു. അനവധി യോജന വിസ്താരത്തില്‍ ആ ധര്‍മ്മരാജ്യം വ്യാപിച്ചുകിടന്നു. അശോകന്റെ കാലം മുതല്‍ ഏതാണ്ട് ആയിരം കൊല്ലക്കാലം അങ്ങനെ തുടര്‍ന്നു. അത് ബൗദ്ധകാലത്തിന്റെ സുവര്‍ണകാലമായിരുന്നു. ധര്മ്മവ്യഖ്യാനങ്ങളിലെ ഭിന്നതകള്‍ മൂലം ഹീനയാനമെന്നും മഹാനയാനമെന്നും വിഭാഗങ്ങള്‍ ഉണ്ടാകുകയും, താന്ത്രികാചാരങ്ങള്‍ കടന്നുകൂടുകയും മറ്റനേകം അപചയങ്ങള്‍ക്കും വിധേയമാകുകയും ചെയ്ത ബുദ്ധമതത്തിന് ശ്രീശങ്കരാചാര്യരുടെ വേദാന്ത സിദ്ധാന്തങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ നാശോന്മുഖമാകേണ്ടിവന്നു.
പിന്നീടു വന്ന ഇസ്ലാമിക വാഴ്ചയുടെ ആഘാതം ബുദ്ധമത കേന്ദ്രങ്ങളെയെല്ലാംതന്നെ കണ്ണടപ്പിച്ചുകളഞ്ഞു. അതിനിരയായ സാഞ്ചിയും വിസ്മൃതമായി. 19-ാം നൂറ്റാണ്ടില്‍ ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥനും പുരാവസ്തു വിഷയങ്ങൡല് തല്പരനുമായിരുന്ന അലക്സാണ്ടര്‍ കണിങ്ഹാം രാജ്യമെങ്ങും നടത്തിയ ഗവേഷണങ്ങള്‍ക്കിടയിലാണ് സാഞ്ചിയിലെ സ്തൂപം ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം അവിടെ ഖനനം നടത്തിയപ്പോള്‍ മഹത്തായ ഒരു സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ മെല്ലെ മെല്ലെ പുറത്തുവന്നു.
സാരനാഥിലെ അശോകസ്തംഭത്തിനു സമാനമായ നാല്പതടി ഉയരമുള്ള ഏകശിലാസ്തംഭത്തിന്റെ കഷണങ്ങള്‍ പോലുള്ള ആയിരക്കണക്കിനു ധാര്‍മിക-കലാശില്പങ്ങളാണ് അവിടെ ശിഥിലമായി കിടക്കുന്നത്. കമഴ്ത്തിവച്ച ചിരട്ടയുടേതെന്നോ മഹത്തായ ശിവലിംഗത്തിന്റേതെന്നോ ആകൃതി സങ്കല്‍പ്പിക്കാവുന്ന ആ മഹാസൃഷ്ടി നമ്മുടെ ഏതു സങ്കല്പത്തെയും ഉല്ലംഘിക്കുന്നതാണ്. ശ്രീലങ്കയിലെ മഹാബോധി സൊസൈറ്റിയും ഭാരത പുരാവസ്തു സംരക്ഷണ വിഭാഗവും സംയുക്തമായിട്ടാണ് സാഞ്ചിയുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തിയിരുന്നത്. നൂറുകണക്കിനേക്കര്‍ കുന്നിന്‍പുറവും പരിസരങ്ങളും അതിമനോഹരമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ വക ഒരു പ്രദര്‍ശനമന്ദിരവും ആ വളപ്പില്‍ ്രപവര്‍ത്തിക്കുന്നുണ്ട്. സാഞ്ചി സ്തൂപത്തിന്റെ കവാടങ്ങള്‍ രൂപഭംഗികൊണ്ടും ശില്പങ്ങളിലെ സന്ദേശങ്ങള്‍കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തും.
സ്തൂപപരിസരത്തു നിന്നാല്‍ വിദിശ പട്ടണത്തിന്റെ കാഴ്ച ഭംഗിയുള്ളതാണ്. ഒരിക്കല്‍ അടല്‍ ബിഹാരി വാജ്പേയിയും, പിന്നീട് മൂന്നുതവണ സുഷമാസ്വരാജും വമ്പിച്ച ഭൂരിപക്ഷത്തോടെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് വിദിശ. രണ്ടു സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ ചരിത്രം പറയുന്ന ആ അന്തരീക്ഷത്തില്‍ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചതിന്റെ ആനന്ദം വിവരിക്കാനാവില്ല.
ആ പരിസരങ്ങളിലെ വൃക്ഷങ്ങൡലും അവയുടെ തണലിലും കലമ്പിച്ച് നടക്കുന്ന ചെറുജീവികള്‍ മനുഷ്യസഹവാസം അത്യധികം ആസ്വദിക്കുന്നവയാണ്. കിളികളും പ്രാവുകളും അണ്ണാന്മാരും കുരങ്ങുകളും മുയലുകളും വെള്ളെലികളും മയിലുകളും മറ്റും ഇഷ്ടംപോലെയാണ്. നമ്മുടെ കയ്യില്‍നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവയ്ക്ക് ഉത്സാഹമാണ്.
നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും പാരമ്പര്യത്തിലും ധര്മ്മത്തിലുംകൂടി ഊൡയിട്ട് ശതാബ്ദങ്ങള്ക്കപ്പുറത്തെ അന്തരീക്ഷത്തിലേക്കു നമ്മെ നയിക്കുന്ന പരിസരമാണവിടെ നിലനില്‍ക്കുന്നത്. രാമഗിരിയിലെ യക്ഷന്റെ സന്ദേശവുമായി കൈലാസത്തിലേക്കു പുറപ്പെട്ട മേഘത്തിന്റെ പിന്‍ഗാമികളെയും തലയ്ക്കു മുകളില്‍ കാണാന്‍ കഴിഞ്ഞതുപോലെ തോന്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: