ആദ്യന്തം ആവേശദായകമായിരുന്ന ‘ജന്മഭൂമി’ കുടുംബ സംഗമത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയശേഷം അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തെപ്പറ്റി ഉപന്യസിക്കണമെന്ന തയ്യാറെടുപ്പിലായിരുന്നു. ‘ഓരങ്ങളില്ക്കൂടി നടന്നു’വന്ന് വേദിയില്‍ കയറിയ ഒരാളായ എം.എ. സാറിനും, സംഘത്തിന്റെ ബൗദ്ധിക മസ്തിഷ്കനിധിയായ ഹരിയേട്ടനും, കേരളത്തില്‍ നമുക്കൊരു മലയാള ദിനപത്രം ആരംഭിക്കണമെന്ന ആശയം പതിറ്റാണ്ടുകളായി കൊണ്ടുനടന്ന്, അതിന്റെ സാഫല്യത്തിനായി അശ്രാന്തം അണിയറ നീക്കങ്ങള്‍ നടത്തിയ കെ. രാമന്‍പിള്ളയും മറ്റു നൂറുകണക്കിനാളുകളും സന്നിധാനം ചെയ്ത ആ വേദി വിട്ടു വന്നപ്പോള്‍ മനസ്സില്‍ മറ്റൊരാശയം ഉദിച്ചിരുന്നില്ല. പല അവസരങ്ങളിലും കണ്ണുനിറയുന്നത് പിടിച്ചുനിര്‍ത്താന്‍ പ്രയാസപ്പെടുകയും ചെയ്തു. ഓരങ്ങളില്‍ നടന്ന എം.എ. സാറിന്റെ ജീവചരിത്രം വായിച്ചുതീര്‍ത്തു ദിവസങ്ങളായില്ല. അദ്ദേഹം വേദിയില്‍നിന്ന് നല്കിയ സന്ദേശം താന്‍ ഇപ്പോഴും ഓരത്തുതന്നെ നില്‍ക്കുകയാണെന്നും, അവിടെ നിന്നാല്‍ സകലതും കാണാമെന്നും തെളിയിക്കുന്നതുതന്നെയായിരുന്നു. വിദ്യാഭ്യാസകാലത്തും, അതിനുശേഷവും സുഖത്തിലും ദുഃഖത്തിലും അദ്ദേഹത്തോടടുത്തു പെരുമാറാന്‍ അവസരം സിദ്ധിച്ചതിന്റെ ചാരിതാര്‍ഥ്യം ഇന്നും പുളകം കൊള്ളിക്കുന്നു. അതു മുഴുവന്‍ ഒപ്പിയെടുത്ത് ഭാവതീവ്രമായി ഒരു പുസ്തകത്തിലൂടെ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച ‘ബോസ്വെല്‍ മനോജ് മനയില്‍, ജന്മഭൂമി കുടുംബസംഗമത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹം ‘ജനം’ ടിവിയുടെ സുപ്രധാന ചുമതലയുള്ളതിനാല്‍ വരാന്‍ സാധിച്ചിെല്ലന്ന് അന്വേഷണത്തില്‍ അറിഞ്ഞു.
അങ്ങനെ അന്നത്തെ സജീവനിദായകമായ അന്തരീക്ഷത്തെ എങ്ങനെ വിവരിക്കണമെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് സുപ്രസിദ്ധ മാര്‍ക്സിസ്റ്റ് സാമ്പത്തിക സൈദ്ധാന്തികനായ അശോക് മിത്ര അന്തരിച്ച വാര്‍ത്ത വായിച്ചത്. കിഴക്കന്‍ പാക്കിസ്ഥാനായിത്തീര്‍ന്ന പൂര്‍വബംഗാളില്‍ ജനിച്ച ‘അശോക്ദാ’ വിഭജനകാലത്ത് പാക്കിസ്ഥാനില്‍തന്നെ തുടരുകയായിരുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തമനുസരിച്ച് മാനവത രാഷ്ട്രാതിര്‍ത്തികളാല്‍ വേര്തിരിക്കപ്പെടുന്നില്ലല്ലോ. പല അന്താരാഷ്ട്ര പുരോഗാമി വിദ്യാഭ്യാസ, വിദ്യാര്‍ത്ഥി സമ്മേളനങ്ങൡലും അദ്ദേഹം പാക്കിസ്ഥാനെ പ്രതിനിധീകരിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ‘തടി മിനക്കെടാതെ’ കമ്യൂണിസ്റ്റായി തുടരാന്‍ ഭാരതംതന്നെ ഉത്തമം എന്നുകണ്ട് കല്ക്കത്തയിലേക്കു പോന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് മികച്ച നിലയില്‍ ധനതത്വശാസ്ത്ര പാരംഗത ഉപാധികള്‍ നേടി. അതദ്ദേഹത്തെ കേന്ദ്രസര്‍ക്കാരുമായി അടുപ്പിച്ചു.
ഇന്ദിരാ ഭരണകാലത്ത് സോവിയറ്റ് യൂണിയനിലെ ലിയൊനാര്‍ഡ് ബ്രഷ്നേവുമായി ഉണ്ടാക്കിയ 20 വര്‍ഷത്തെ സാമ്പത്തിക സൗഹൃദ കരാര്‍ അനുസരിച്ച് ഇരുരാജ്യങ്ങളിലേയും സമ്പദ്വ്യവസ്ഥകളുടെയും തുടര്പരിപാടികളുടെയും ‘ഡൗടെയിലിങ്’- അതിന്റെ അര്‍ത്ഥമെന്തായാലും, നടത്തുകയുണ്ടായി. ആ പരിപാടിയുടെ നടത്തിപ്പില്‍ അശോക് മിത്ര നിര്‍ണായക പങ്ക് വഹിച്ചു. റൂബിളും രൂപയുമായുള്ള വിനിമയത്തിന് ഡോളറിന്റെ ഇടനില വേണ്ടെന്ന തീരുമാനത്തെത്തുടര്‍ന്ന് ഭാരതത്തില്‍നിന്ന് സോവിയറ്റ് യൂണിയനിലേക്കുണ്ടായ ജനപ്രവാഹം അതിഭീമമായിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ഗോര്‍ബച്ചേവുമായി നടന്ന സാമ്പത്തിക പാരസ്പര്യ ചര്‍ച്ചകള്‍ക്കുശേഷം ഭാരതം മോസ്കോയ്ക്കു നല്‍കാനുണ്ടായിരുന്ന വന്‍തുക പ്രശ്നമായി. ലോകത്തെ മിക്ക രാജ്യങ്ങള്‍ക്കും ഡോളര്‍ നിരക്കില്‍ ഇടപാടു തീര്‍ക്കേണ്ടി വന്നപ്പോള്‍ ഭാരതം മാത്രം റൂബിളിന്റെ മുന്‍ വിനിമയ നിരക്ക് നല്‍കേണ്ടിവന്നു. അക്കാലത്ത് മിത്ര ഭാരതത്തിന്റെ താല്പര്യങ്ങളെ സംരക്ഷിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികോപദേഷ്ടാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴത്തെ തന്റെ അനുഭവം ‘ആജ്കല്‍’ എന്ന ബംഗാളി പത്രികയില്‍ 1991 ജൂണ്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ചതാണ് സംഘപഥത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കാന്‍ പ്രേരകമായത്. ഗോരക്ഷണത്തിനും ഗോവര്ധനത്തിനും എന്തുചെയ്യണമെന്നാലോചിക്കാനായി ഇന്ദിരാഗാന്ധി ഒരു കമ്മിറ്റിയുണ്ടാക്കി. പ്രസ്തുത സമിതിയില്‍ പുരി ശങ്കരാചാര്യരും ജസ്റ്റിസ് രാമപ്രസാദ് മുഖര്‍ജിയും ആര്‍എസ്എസ് സര്‍സംഘചാലക് പൂജനീയ ഗുരുജിയും ഗോരക്ഷാസമിതിയംഗങ്ങളെന്ന നിലയിലുണ്ടായിരുന്നു. ശ്രീ ഗുരുജി സാഹിത്യസര്‍വ്വസ്വം പന്ത്രണ്ടാം വാല്യത്തിന്റെ 18 മുതല്‍ 22 വരെ പേജുകളില്‍ പ്രസ്തുത ലേഖനം വായിക്കാം. അതിലെ ചില ഭാഗങ്ങള്‍ മാത്രം ഇവിടെ ഉദ്ധരിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ മൃഗസംരക്ഷണ കമ്മീഷണര്‍ പ്രിയവ്രത ഭട്ടാചാര്യയും, ഭാരതത്തിന്റെ പാല്ക്കാരന് വറുഗീസ് കുര്യനും കേന്ദ്ര ധനകാര്യ ഉപദേഷ്ടാവ് അശോക് മിത്രയും സമിതിയില്‍ ഉണ്ടായിരുന്നു. ”വിനയാന്വിതനും മധുരസ്വഭാവത്തിന്റെയും, സുപ്രീംകോടതിയിലെ ന്യായാധിപ പദവിയുടെ അന്തസ്സിനും ഗൗരവത്തിനും നിരക്കുന്ന ആചാര്യമര്യാദകളുടെയും സമ്മിശ്രണമായിരുന്ന സമിതി അധ്യക്ഷന്‍ ജസ്റ്റിസ് അമല്‍ദാസ് സര്‍ക്കാര്‍ എല്ലാവരേയും സൗമനസ്യത്തോടെ കൊണ്ടുപോകാന്‍ നടത്തിയ ശ്രമം പുരി ശങ്കരാചാര്യരുടെ നിലപാടുമൂലം വിജയിച്ചില്ല.” ശങ്കരാചാര്യരുടെ അനവസരത്തിലുള്ള ഭാവഹാവാദികളെയും, രാജ്യത്തെ അത്യുന്നത ന്യായാധിപന്മാര് ഉള്‍പ്പെടെ മറ്റംഗങ്ങളോടും ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജ്യേഷ്ഠനോടും കാട്ടിയ അവജ്ഞയും ധിക്കാരവും മിത്ര ഭംഗിയായി വിവരിച്ചു.
ഇനിയാണ് ശ്രീഗുരുജിയെപ്പറ്റിയുള്ള വിവരണം. അതു മുഴുവനായി കൊടുക്കുന്നു. ”ഞങ്ങളെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഭരണസമിതിയിലെ മൂന്നാമത്തെയാളും ഏറ്റവുമധികം ചര്‍ച്ചക്കു വിഷയീഭവിച്ച വ്യക്തിയും ഗുരു ഗോള്‍വല്‍ക്കറായിരുന്നു. അദ്ദേഹത്തിന്റെ ഉഗ്രസ്വഭാവത്തെപ്പറ്റി ഒരായിരം കാര്യങ്ങള്‍ കേട്ടിരുന്നു. രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ പ്രതിഷ്ഠാപകന്‍ എന്ന നിലയ്ക്ക് ഒരുഭാഗത്ത് അന്ധമായ ഭക്തി, മറുഭാഗത്ത് ഘോര തീവ്രവാദികളുടെ പ്രമുഖ നായകനെന്നോര്ത്തു തീവ്രമായ ഭയം- ഇതായിരുന്നു അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കുണ്ടായ വികാരം. എന്നാല്‍ സമിതിയിലെ ഏറ്റവും നിശ്ശബ്ദ അംഗമായി ഗുരു ഗോള്‍വല്‍ക്കര്‍ ഈ പഴയ ധാരണകളെയെല്ലാം തകര്‍ക്കുകയായിരുന്നു. അത്യാവശ്യം വന്നാലേ സംസാരിച്ചിരുന്നുള്ളൂ. അനിവാര്യമെന്നു തോന്നുമ്പോള്‍ മാത്രം അത്യന്തം വിനയം നിറഞ്ഞ വാക്കുകളില്‍, തനിക്കു പറയാനുള്ളതു പറയും. ഒരാളുടെ അഭിപ്രായം അഥവാ വീക്ഷണം തീരെ ഇഷ്ടപ്പെടാതിരുന്നാലും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അതു ബാധിച്ചില്ല. ഭാരതത്തിലെ ഏതാണ്ടെല്ലാ ഭാഷകളും അദ്ദേഹത്തിനറിയാമായിരുന്നു. എന്നോടദ്ദേഹം കുറേയൊക്കെ ബംഗാളിയിലാണ് സംസാരിച്ചത്. എന്റെ ആശയങ്ങളും ചിന്താഗതിയും അദ്ദേഹത്തെ വിഷംപോലെ പൊള്ളിച്ചിരിക്കും. പക്ഷേ എന്നോടുള്ള പെരുമാറ്റത്തിന് ഒട്ടും മാറ്റമുണ്ടായിട്ടേയില്ല. ആ വ്യക്തിതവം ജഗദ്ഗുരുവിന്റേതിന് കടകവിരുദ്ധമായിരുന്നു. ഗുരു ഗോള്‍വല്‍ക്കര്‍ തന്റെ പെരുമാറ്റംകൊണ്ട് എന്നെ വല്ലാതെ വശീകരിച്ചുകളഞ്ഞു എന്നു സമ്മതിച്ചേ പറ്റൂ. എന്നെ വശീകരിക്കാന്‍ ഇനിയും പലതും സംഭവിക്കാനിരിക്കുന്നുവെന്ന് അന്നെങ്ങനെ എനിക്കറിയാന്‍ കഴിയുമായിരുന്നു?
”സമിതി പിരിഞ്ഞ് ഒരുവര്‍ഷം കഴിഞ്ഞ ഞാന്‍ ന്യൂദല്‍ഹി സ്റ്റേഷനില്‍നിന്ന്- ഭോപ്പാലിലേക്കോ മറ്റോ- പോകാന്‍ രണ്ടു ബര്‍ത്തുള്ള കൂപ്പയില്‍ കയറി. അല്‍പ്പം കഴിഞ്ഞ് സഹയാത്രികനുമെത്തി, മറ്റാരുമല്ല ഗുരു ഗോള്‍വല്‍ക്കര്‍തന്നെ! അദ്ദേഹത്തിന് ഝാന്സിക്കോ മറ്റോ പോകണം. കണ്ടമാത്രയില്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു, ഞാന്‍ അദ്ദേഹത്തോട് ആരോഗ്യസ്ഥിതി ആരാഞ്ഞു. പിന്നെ സമിതിയുടെ അപൂര്‍ണമായി കിടക്കുന്ന നടപടികളെ സംബന്ധിച്ചും, നാട്ടിലെ വിവിധ പ്രശ്നങ്ങളെപ്പറ്റിയും സംസാരിച്ചു. ഗോള്‍വല്‍ക്കര്‍ വിനയത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു. അദ്ദേഹത്തേക്കാള്‍ പ്രായം കുറവായിരുന്നു എനിക്ക്. ഒരു ജ്യേഷ്ഠവ്യക്തിയില്നിന്ന് നമ്മുടെ സമൂഹത്തില്‍ എത്രമാത്രം ഉദാരമായ പെരുമാറ്റം ലഭിക്കാമോ അതിലെത്രയോ മടങ്ങ് ഔദാര്യപൂര്‍വമായ സ്നേഹമാണ് അദ്ദേഹം എന്റെ മേല്‍ വര്‍ഷിച്ചത്.
”തീവണ്ടി പുറപ്പെട്ടു. വെളിയില്‍ ഇരുട്ട് കനത്തുവന്നു. സംഭാഷണം നിര്‍ത്തി ബ്രീഫ്കേസില്‍നിന്ന് പുസ്തകമോ പത്രികയോ എടുത്ത് ഞാന്‍ വായിക്കാനിരുന്നു. ഗുരു ഗോള്‍വല്‍ക്കറും വായന തുടങ്ങി. ധര്‍മ്മത്തിന്റെ ഉഗ്രധ്വജവാഹകമായ രാഷ്ട്രീയസ്വയംസേവക സംഘ പ്രമുഖന് മതഗ്രന്ഥമോ കടുകട്ടി വേദാന്തമോ വായിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇതാ വന്നു, എന്നെ വിസ്മയിപ്പിച്ച ഊഴം. അദ്ദേഹം എടുത്തത് ഒരു നോവല്‍, അമേരിക്കയില്‍നിന്ന്, ഹെന്റി മില്ലറുടെ ഏറ്റവുമൊടുവിലത്തേത്! ഇനിയെന്തിന് മറയ്ക്കണം? ആ നിമിഷം ഗുരു ഗോള്വല്ക്കറിനോടുള്ള എന്റെ മനസ്സിലെ ആദരവം എത്രയോ മടങ്ങ് വര്‍ധിച്ചു. ഒരുപക്ഷേ ഈ കഥ എല്ലാവരോടും പറഞ്ഞ കുറ്റത്തിന് സംഘത്തിലെ ഏതെങ്കിലും കടുത്ത സ്വയംസേവകന് എന്നെപ്പിടിച്ച് കൊലക്കളത്തിലേക്കു കൊണ്ടുപോകണമെന്ന് തീരുമാനിച്ചെന്നുവരാം!”
അശോക് മിത്ര അവസാനം മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിട്ട് നിരാശനായി കഴിയുകയായിരുന്നു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കൊലക്കളമാണെന്നവര് ഭയപ്പെടുന്ന സംഘസ്ഥാനിലേക്ക് ആയിരക്കണക്കിന് സഖാക്കള്‍ വന്നെത്തിക്കൊണ്ടിരിക്കുന്ന കാലമെത്തിക്കഴിഞ്ഞു. അശോക് മിത്രയെപ്പോലെ എത്രയോ പ്രഗല്ഭ വ്യക്തികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ മനസ്സിലെ തമസ്സിന്റെ കൊലക്കളമായി സംഘസ്ഥാനങ്ങള് ധാരാളമുണ്ടാകുമെന്നതിന് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: