ചരിത്രമുറങ്ങുന്ന വള്ളുവനാട്ടില്‍, സാംസ്കാരികമായും പൈതൃകമായും സമ്പന്നമായ നാട്ടുരാജ്യമായിരുന്നു കവളപ്പാറ. എല്ലാവിധ പ്രതാപങ്ങളോടുംകൂടി വാണ്, കാലപ്രവാഹത്തില്‍ തകര്‍ന്നടിഞ്ഞുപോയ രാജവംശത്തിന്റെ സ്മാരകമായി കവളപ്പാറ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലകൊള്ളുന്നു. ഒറ്റപ്പാലം ജില്ലയിലെ വാണിയംകുളത്തുനിന്ന് കൂനത്തറ-ആര്യങ്കാവ് റോഡില്‍ ത്രാങ്ങാലി ഗ്രാമത്തിലേക്ക് പോകുമ്പോള്‍ വഴിയരികില്‍ കവളപ്പാറ കൊട്ടാരത്തിന്റെ അസ്ഥിപഞ്ജരം കാണാം.
പന്തിരുകുലത്തിലെ കാരയ്ക്കലമ്മയുടെ സന്തതി പരമ്പരകളാണ് കവളപ്പാറ സ്വരൂപമെന്നാണ് ഐതിഹ്യം. ഇന്നത്തെ കവളപ്പാറ, ഏരുപ്പെ ദേശം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആയിരത്തോളം വര്‍ഷം പഴക്കമുള്ള കൊട്ടാരത്തിന്റെ ചരിത്ര പ്രാധാന്യം മലബാര്‍ കളക്ടറായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മൂപ്പില്‍നായരുടെ തണ്ടേറ്റം
ഇന്ത്യയിലെ ഏക നായര്‍ സമുദായ ജന്മിത്ത നാട്ടുരാജ്യമായിരുന്നു കവളപ്പാറ. മൂപ്പില്‍ നായര്‍ എന്നാണ് ഭരണാധികാരികളുടെ സ്ഥാനപ്പേര്. ചെറിയ നാട്ടുരാജ്യങ്ങളെല്ലാം സാമൂതിരിയുടെയോ കോലത്തിരിയുടെയോ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്ന ആ കാലഘട്ടത്തില്‍ കവളപ്പാറ സ്വരൂപം തിരുവിതാംകൂറിന്റെ മേല്‍ക്കോയ്മയാണ് അംഗീകരിച്ചിരുന്നത്. വള്ളുവനാട്ടിലെ ശക്തനായ ഭരണാധികാരിയായിട്ടാണ് ചരിത്രം കവളപ്പാറ മൂപ്പില്‍ നായരെ വിശേഷിപ്പിക്കുന്നത്.
പതിനെട്ടര കളങ്ങളോടുകൂടിയുള്ള പ്രദേശത്തെ ഭൂമിയില്‍നിന്ന് ഒന്നര ലക്ഷത്തോളം പറ നെല്ല് പാട്ടമായി ലഭിച്ചിരുന്ന മൂപ്പില്‍ നായര്‍ ഭരണാധികാരിയുടെ സ്ഥാനാരോഹണം തണ്ടേറ്റം എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആധുനിക കവളപ്പാറയുടെ ശില്പിയായി അറിയപ്പെടുന്നത് ഭരണാധികാരിയായിരുന്ന കേണല്‍ അപ്പുക്കുട്ടനുണ്ണി മൂപ്പില്‍ നായരാണ്. കൊട്ടാരത്തില്‍ പ്രായപൂര്‍ത്തിയായ ആണ് സന്താനങ്ങള്‍ ഇല്ലാതെ വന്ന കാലഘട്ടത്തില്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള മദിരാശി സര്‍ക്കാരിന്റെ അധീനതയിലുള്ള കോര്‍ട്ട് ഓഫ് വാര്‍ഡ്സ് എന്ന സ്ഥാപനത്തിനായിരുന്നു കൊട്ടാരത്തിന്റെ ഭരണ ചുമതല. ഈ കാലയളവില്‍ കോര്‍ട്ട് ഓഫ് വാര്‍ഡ്സിന്റെ ഒരു പ്രതിനിധി കൊട്ടാരത്തില്‍ ദൈനംദിന ഭരണം നോക്കാന്‍ ഉണ്ടായിരുന്നു. അപ്പുക്കുട്ടനുണ്ണിക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ കവളപ്പാറ കൊട്ടാരത്തിന്റെ ഭരണം അന്നത്തെ മലബാര്‍ കളക്ടര്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. അക്കാലത്ത് തഞ്ചാവൂര്‍, മധുര, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍നിന്ന് കലാകാരന്മാര് കവളപ്പാറ കൊട്ടാരം സന്ദര്‍ശിക്കുകയും, തങ്ങളുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
കലകളുടെ കൊട്ടാരം
കൊട്ടാരത്തില്‍ ദൈനംദിന പരിപാടികളായി സംഗീത കച്ചേരി, കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത്, പുരാണ നാടകങ്ങള്‍ എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. വള്ളത്തോള്‍ കേരള കലാമണ്ഡലം സ്ഥാപിക്കുന്നതിനും വളരെ മുന്‍പ് കവളപ്പാറ കൊട്ടാരത്തിലെ കഥകളിയോഗം കേരളത്തില്‍ അതിപ്രശസ്തി നേടിയിരുന്നു. കഥകളിയോഗം മന്ദീഭവിച്ചതോടെ ഇവിടെയുണ്ടായിരുന്ന കഥകളിക്കോപ്പുകളെല്ലാം മൂപ്പില്‍ നായര്‍ കേരളകലാമണ്ഡലത്തിനു നല്കി. കേരള കലാമണ്ഡലം തുടങ്ങുവാനുള്ള പ്രചോദനവും മൂപ്പില്‍ നായരാണെന്നാണ് പഴമക്കാര്‍ പറയുന്നത്.
കേരളത്തിന്റെ തനതു കലാരൂപമായ തോല്‍പ്പാവക്കൂത്തിന്റെ ഉല്‍ഭവം കവളപ്പാറയില്‍ നിന്നാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവ് ഭഗവതിയുടെ തിരുനടയില്‍ നാനൂറു വര്‍ഷങ്ങള്‍ക്കുമുന്‍പ്, പ്രത്യേക കൂത്തുമാടം കെട്ടി ഈ കല രൂപകല്‍പ്പന ചെയ്തത് മഹാനായ കലാകാരന് കൂനത്തറ ചിന്നത്തമ്പി പുലവരാണ്.
തഞ്ചാവൂരില്‍നിന്നും മധുരയില്‍നിന്നും കലാകാരന്മാരെക്കൊണ്ടുവന്ന്, മാന്തോലുകൊണ്ടു പാവകളെ ഉണ്ടാക്കാനായി ഒരു വര്‍ഷത്തോളം വേണ്ടി വന്നു. സമ്പൂര്‍ണ രാമായണമാണ് ഈ തോല്പ്പാവക്കൂത്തില് അവതരിപ്പിക്കുന്നത്. ആര്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മീനമാസം ഒന്ന് മുതല്‍ ഇരുപത്തിയൊന്നുവരെ സമ്പൂര്‍ണ രാമായണം തോല്‍പ്പാവക്കൂത്ത് ഇന്നും വളരെ ഭംഗിയായി നടന്നുവരുന്നു. വിദേശികളായ വിനോദ സഞ്ചാരികള്‍ ഈ കാലയളവില്‍ കവളപ്പാറയിലെത്തി പാവക്കൂത്ത് ആസ്വദിക്കാറുണ്ട്. ചിന്നത്തമ്പി പുലവരില്നിന്ന്, ഈ മഹത്തായ കലയുടെ പാരമ്പര്യം ഇപ്പോള്‍ രാമചന്ദ്ര പുലവരിലെത്തി നില്ക്കുന്നു. കവളപ്പാറയില്‍നിന്ന് ആരംഭിച്ച ഈ കലാരൂപം ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള കലാസൃഷ്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
മൂപ്പില്‍ നായര്‍ സ്ഥാപിച്ചതാണ് കേരളത്തിലെ തന്നെ ആദ്യത്തെ കന്നുകാലി ചന്തയായ, പിന്നീട് പ്രശസ്തമായ വാണിയംകുളം ചന്ത. തമിഴ് നാട്ടിലെ മധുര, പളനി, സേലം, ഡിണ്ടിഗല്‍ മുതലായ സ്ഥലങ്ങളില്‍നിന്ന് കന്നുകാലികളെ ഈ ചന്തയിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു.
മാമാങ്കവും മാപ്പിള ലഹളയും
തിരുനാവായ മണല്‍പ്പുറത്തു വര്‍ഷം തോറും നടന്നിരുന്ന മാമാങ്കത്തില്‍, കവളപ്പാറയുടെ അനേകം ചാവേര്‍ പടയാളികള്‍ സാമൂതിരിയുമായി പടപൊരുതി മരിച്ചുവീണിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടവും മലബാര്‍ മാപ്പിള കലാപവും കവളപ്പാറയെ സ്പര്ശിക്കാതിരുന്നത് സൈന്യത്തിന്റെ കരുത്തും, മൂപ്പില്‍ നായരുടെ അചഞ്ചലമായ നേതൃത്വപാടവവുംകൊണ്ടായിരുന്നു. കവളപ്പാറ ദേശത്തും കൊട്ടാരത്തിലുമായി മൂപ്പില്‍ നായര്‍ ഏകദേശം അയ്യായിരത്തോളം നായര്‍ പടയാളികളെ ക്രമസമാധാനത്തിനും അതിര്‍ത്തി രക്ഷയ്ക്കുമായി നിയോഗിച്ചിരുന്നു. ചരിത്രപ്രസിദ്ധമായ അന്തിമഹാകാളന്‍ കാവിലായിരുന്നു പടയാളികള്‍ തമ്പടിച്ചിരുന്നത്. കൊട്ടാരത്തിനു ചുറ്റും കുതിരപ്പടയാളികളും അംഗരക്ഷകരും ജാഗരൂകരായി നിലകൊണ്ടിരുന്നു.
1921-ലെ മലബാര്‍ മാപ്പിള ലഹളക്കാലത്ത് നിലമ്പൂര്‍ കോവിലകത്തെ ആക്രമണം കഴിഞ്ഞ് ലഹളക്കാരുടെ അടുത്ത ലക്ഷ്യം കവളപ്പാറയാണെന്നറിഞ്ഞ് ലഹളക്കാരെ നേരിടാന്‍ വാളും ഉറുമിയും നല്കി നാട്ടിലുള്ള യുവാക്കളെ പരിശീലിപ്പിച്ച് കവളപ്പാറ കമാന്‍ഡ് രൂപീകരിച്ചു. കൊട്ടാരത്തിലെ എണ്ണമറ്റ സ്വത്തുക്കള്‍ ഭൂഗര്‍ഭ അറകളുണ്ടാക്കി അതിലേക്ക് മാറ്റുകയും അതിശക്തമായ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മൂപ്പില്‍ നായരായിരുന്നു ഇതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത്.
കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ട് വള്ളുവനാടിന്റെ പലഭാഗത്തുനിന്നും അഭയം തേടി വന്നവര്‍ക്കെല്ലാം മൂപ്പില്‍ നായര്‍ സൗജന്യമായി ഭൂമിയും വീട് നിര്മ്മിയ്ക്കാനാവശ്യമായ ധനവും നല്കി സഹായിച്ചു. ആ സമയത്ത് ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ക്കായി ഭക്ഷണവും നല്കി. മൂപ്പില്‍ നായരെ പ്രത്യേക ബഹുമതികള്‍ നല്കി ബ്രിട്ടീഷ് സര്‍ക്കാര്‍ ആദരിച്ചു. കാലത്തെ ജയിച്ച ഒരു ഗജകേസരിയുടെ കഥയും കവളപ്പാറ ചരിത്രത്തിലുണ്ട്. 19-ാം നൂറ്റാണ്ടില്‍ പതിനായിരക്കണക്കിന് ആനക്കമ്പക്കാരുടെ പ്രിയങ്കരനായിരുന്നു കവളപ്പാറ കൊമ്പന് എന്ന പേരില്‍ പ്രശസ്തിയാര്‍ജിച്ച മൂപ്പില്‍ നായരുടെ ചക്രവര്‍ത്തി എന്ന ആന.
കവളപ്പാറ പേപ്പേഴ്സ്
മക്കത്തായ-മരുമക്കത്തായ തര്ക്കങ്ങളെക്കൊണ്ട് സങ്കീര്‍ണ്ണമായ കവളപ്പാറ കൊട്ടാരത്തിന്റെ ഭരണം 1964 മുതല്‍ ഒറ്റപ്പാലം കോടതിയുടെ നിയന്ത്രണത്തില്‍ റിസീവറുടെ കൈകളിലാണ്. ഈ കൊട്ടാരത്തിന്റെ സ്വത്തവകാശ തര്‍ക്കങ്ങളുടെ കേസുകള്‍ ലണ്ടനിലെ പ്രിവി കൗണ്‍സില്‍വരെ എത്തിയതാണ്. ഈ കേസുകള്‍ കവളപ്പാറ പേപ്പേഴ്സ് എന്നപേരില്‍ നിയമ വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിഷയമായിരുന്നു.
കവളപ്പാറ കൊട്ടാരത്തിന്റെ ഇന്നത്തെ അവസ്ഥ അതിശോചനീയമാണ്. ജീര്‍ണ്ണിച്ച് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരത്തൂണുകളും വാതിലുകളും ഗോവണികളും മറ്റും ചിതലരിക്കുന്നു. കൊട്ടാരവളപ്പാകെ കാടുപിടിച്ചു കിടക്കുന്നു. ഒരുപാടു ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ കൊട്ടാരം ഇപ്പോള്‍ പൂര്‍ണമായും നാശത്തിന്റെ വക്കിലാണ്. കൊട്ടാരത്തിന്റെ പ്രധാന കെട്ടിടം പൊളിഞ്ഞുപോയിരിക്കുന്നു.
ഒരുപാട് മലയാള ചലച്ചിത്രങ്ങളില്‍ ഈ കൊട്ടാരവും ദേശത്തിന്റെ വശ്യസൗന്ദര്യവും മലയാളി ദര്ശിച്ചിട്ടുണ്ട്. നശിക്കാതെ കിടക്കുന്ന കൊട്ടാരത്തിന്റെ ബാക്കി കെട്ടിടങ്ങളെയെങ്കിലും പുരാവസ്തു വകുപ്പോ സാംസ്കാരിക വകുപ്പോ ഏറ്റെടുത്ത് ഭാവിതലമുറയ്ക്ക് പഠിക്കാനുള്ള ചരിത്ര സ്മാരകമാക്കി സംരക്ഷിക്കണമെന്നാണ് കവളപ്പാറക്കാര്‍ക്ക് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: