മധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഭോപ്പാല്‍ ഭാരതത്തിലെ ഇതിഹാസ പ്രസിദ്ധമായ നഗരമാകുന്നു. ഐതിഹ്യകഥകളില്‍ നിറഞ്ഞുനില്ക്കുന്ന ഭോജരാജാവിന്റെ രാജധാനിയായിരുന്നു അത്. ഭോജരാജപുരിയെന്നു പറഞ്ഞത് അതുകൊണ്ടാണ്. അവിടത്തെ വിമാനത്താവളത്തിനു പേര് ‘രാജാഭോജ് അന്തര്‍രാഷ്ട്രീയ ഹവായി അസ്സാ’ എന്നാണ്. മധ്യപ്രദേശിലെ മറ്റൊരു പ്രധാന നഗരമാണ് ഉജ്ജൈനി എന്ന അവന്തിക. അവിടം ദ്വാദശ ജോതിര്ലിംഗങ്ങളിലൊന്നായ മഹാകാളന്റെ ഇരിപ്പിടമാണ്. ‘ഉജ്ജൈ്യനാം ച മഹാകാള’മെന്നാണ് ശ്ലോകം. ഭോജരാജാവിനെയും വിക്രമാദിത്യനെയും അറിയാത്ത മലയാളികളുണ്ടാവില്ല. പ്രാചീനകാലത്തായാലും ആധുനികകാലത്തായാലും കേരളവും ഈ നാടുകളും തമ്മിലുള്ള ബന്ധം അതീവ ഘനിഷ്ഠമെന്നുതന്നെയല്ല, ജൈവവും കൂടിയാകുന്നു.
ഐതിഹ്യങ്ങളിലെ വരരുചി വിക്രമാദിത്യ മഹാരാജാവിന്റെ നവരത്നങ്ങളില്‍ ഒരാളായിരുന്നുവല്ലോ. അദ്ദേഹം ഭോജരാജാവിന്റെയും സദസ്യനായിരുന്നിരിക്കണം. ഇരുവരെയും ബന്ധിപ്പിക്കുന്ന കഥകള്‍ ധാരാളമാണുതാനും.
ധന്വന്തരി ക്ഷപണകാമരസിംഹശങ്കു
വേതാളഭട്ട കടകര്പ്പരകാളിദാസഃ
ഖ്യാതോവരാഹമിഹിരൈര്
നൃപതേസ്സഭായാം
രത്താനിവൈര് വരരുചിര്‍
ന്നിവവിക്രമസ്യ.
എന്ന പട്ടിക കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. മനുഷ്യവിജ്ഞാന ശാഖകളുടെ വൈവിധ്യമാര്‍ന്ന ശാഖകളുടെ പാരംഗതരായിരുന്നു ഇവരൊക്കെ.
അക്കൂട്ടത്തില്‍ ‘മാം വിദ്ധി’ അറിയാത്ത വരരുചിയാണ് കേരളത്തില്‍ പന്ത്രണ്ടു ജാതികള്‍ക്കും കര്‍ത്തവ്യന്‍. എന്നുവച്ചാല്‍ ക്രിസ്ത്യാനികളുടെ ‘അര്ക്കാദിയാക്കോന’ല്ല. അഗ്നിഹോത്രി മുതല്‍ പാക്കനാര്‍ വരെ പന്ത്രണ്ട് ജാതികളാല്‍ വളര്‍ത്തപ്പെട്ട മക്കളുടെ അച്ഛന്. പറയിപെറ്റ പന്തിരുകുലത്തിന്റെ ഉപജ്ഞാതാവ്. ജാതികളൊക്കെ ഒരേ മാതാപിതാക്കളുടെ മക്കള്‍ ആണെന്ന സത്യം അന്യാപദേശരൂപേണ തന്നതാവാം ആ കഥ. ഏതായാലും മഹാ ബ്രാഹ്മണന് വരരുചിക്കും, പറയിക്കും പിന്തുടര്ച്ചക്കാരായ പന്ത്രണ്ട് കുലദേവതകളും ഇന്ന് കേരളത്തില്‍ ആദരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
മധ്യപ്രദേശിനും കേരളത്തിനും തമ്മില്‍ പ്രാചീനകാലം മുതല്‍ ബന്ധമുണ്ടെന്നര്‍ത്ഥം. വിവിധ കലാസാഹിത്യ വിജ്ഞാനമേഖലകളില്‍ പ്രാഗത്ഭ്യം നേടിയ എത്രയോ മലയാളികളെ വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ആദരിച്ചുവരുന്നു. കഥകളി, സാഹിത്യം, നാടകം, അനുഷ്ഠാന കലകള്‍, ക്ലാസിക് കലകള്‍, സംഗീതം, നൃത്തം തുടങ്ങിയ ഒട്ടേറെ രംഗങ്ങളിലെ പ്രശസ്തരെ കാലങ്ങളായി അവിടത്തെ സര്‍ക്കാര്‍ ആദരിക്കുന്ന പതിവുണ്ട്. മാണി മാധവച്ചാക്യാര്‍, അമ്മന്നൂര്‍ മാധവച്ചാക്യാര്‍, പൈങ്കുളം രാമചാക്യാര്‍, കാവാലം നാരായണ പണിക്കര്‍, കല്യാണിക്കുട്ടിയമ്മ, കലാമണ്ഡലം കൃഷ്ണന് നായര്‍, ചെങ്ങന്നൂര്‍ രാമന്‍പിള്ള, കലാമണ്ഡലം ഗോപി, ചന്തുപെരുവണ്ണാന് തുടങ്ങി 20-ലേറെ പേര് പുരസ്കൃതരുടെ പട്ടികയില്‍പ്പെടുന്നുണ്ട്. ഇതുപോലെ മറ്റു മേഖലകളിലെ പ്രശസ്തരെയും അവര്‍ സമ്മാനിച്ചിരിക്കുമെന്നുറപ്പാണ്. ഈ പട്ടികയില്‍പ്പെട്ട മറ്റുള്ളവരുടെ പേര് ഓര്‍മ്മയില്‍ വരാത്തതിനാലാണ് ഇവിടെ കൊടുക്കാത്തത്. ഏതെങ്കിലും വിധത്തിലുളള അവഗണന മൂലമല്ല. ഭാരതത്തിലെ മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ മധ്യപ്രദേശിനോട് കിടപിടിക്കാനാവുമെന്നു തോന്നുന്നില്ല.
വിദ്യാനിവാസ് മിശ്ര എന്ന പ്രസിദ്ധ ഹിന്ദി പത്രപ്രവര്‍ത്തകന്റെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിവരുന്ന ദേശീയ പത്രകാരിതാ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍, അതു സ്വീകരിക്കാന്‍ ഭോപ്പാലില്‍ പോകാന്‍ ഈ ലേഖകന്‍ അവസരമുണ്ടായി. സര്‍ക്കാര്‍ അതിഥിയായി കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസം അവിടെ കഴിഞ്ഞപ്പോള്‍ മനസ്സിലൂടെ കടന്നുപോയ ചിന്തകളാണ് അന്യത്ര പങ്കുവെച്ചത്. അവിടത്തെ എണ്‍പതിനായിരം വരുന്ന മലയാളി സമൂഹത്തിന്റെ ഏതാനും അംഗങ്ങള്‍ ബെന്നി, തോമസ്, അശോകന് തുടങ്ങി എട്ടുപത്തുപേര്‍ സസ്നേഹം ഒരുമിച്ചുകൂടി സൗഹൃദസായാഹ്നവും ആസ്വദിച്ചു.
സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഭോപ്പാലിന് തലസ്ഥാന പദവിയുണ്ടായിരുന്നില്ല. അന്ന് സെന്‍ട്രല്‍ പ്രോവിന്‍സസ് എന്ന സംസ്ഥാനത്തിന് നാഗ്പൂര്‍ ആയിരുന്നു തലസ്ഥാനം. ഭോപ്പാലാകട്ടെ പട്ടോഡി നവാബിന്റെ കീഴിലും. 1947-ല്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ശങ്കിച്ചുനിന്ന നവാബ്, സര്‍ദാര്‍ പട്ടേലിന്റെയും വി.പി. മേനോന്റെയും സദുപദേശത്തിനു വഴിപ്പെടുകയായിരുന്നു. സംസ്ഥാന പുനസ്സംഘടനയോടെ ഭോപ്പാലിനെ മധ്യപ്രദേശിന്റെ തലസ്ഥാനമാക്കി. മാള്‍വ, ഗ്വാളിയര്‍, ഇന്ദോര്‍ തുടങ്ങിയ ശക്തമായ മേഖലകളുണ്ടായിട്ടും തലസ്ഥാന പദവി ഭോപ്പാലിനു ലഭിച്ചു. വിശാലമായ ഭോജരാജ സാഗര്‍ തടാകത്തിനു ചുറ്റുമായി ഭോപ്പാല്‍ നഗരം അതിവേഗം വളര്‍ന്നുവികസിച്ചു. സുന്ദരവും സ്വച്ഛവുമായ നഗരത്തിലൂടെയുള്ള യാത്ര സുഖകരംതന്നെ.
കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും ഉജ്ജല വിജയത്തിലേക്ക് ബിജെപിയെ നയിച്ച യുവനേതാവ് ശിവരാജ് സിങ് ചൗഹാന് ജനഹൃദയങ്ങളില്‍ എത്ര സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ടെന്ന് പുരസ്കാര സമര്‍പ്പണ സദസ്സിലെ അദ്ദേഹത്തിന്റെ സഹജമായ ഇടപെടലുകളും പെരുമാറ്റവും തെളിയിച്ചു. ഓരോ പുരസ്കൃതന്റെയും കുടുംബത്തോടൊപ്പം ഏതാനും നിമിഷം ചെലവഴിക്കാനും അദ്ദേഹം സമയം കണ്ടു. ‘കടക്ക് പുറത്ത്’ എന്നതായിരുന്നില്ല സമീപനം.
അടിയന്തരാവസ്ഥയ്ക്കു മുന്‍പ് ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്കാണ,് മുന്‍പ് മധ്യപ്രദേശുമായി ബന്ധപ്പെട്ടിട്ടുള്ളത്. അവിടെ ജനസംഘത്തിന്റെ അടിത്തറ ഭദ്രമായി പടുത്തുയര്‍ത്തിയ സംഘടനാകാര്യദര്‍ശി കുശാഭാവു ഠാക്കറേ, പൊതുപ്രവര്‍ത്തനത്തിന് അന്യാദൃശ മാതൃക സൃഷ്ടിച്ചിരുന്നു. തികഞ്ഞ ആര്‍എസ്എസ് പ്രചാരകനായി അടിത്തട്ടില്‍നിന്ന് അദ്ദേഹം മധ്യപ്രദേശില്‍ ജനസംഘത്തെ പടുത്തുയര്‍ത്തി. ഇന്ദിരാതരംഗത്തിലും, അവരുടെ ഹത്യക്കുശേഷം വന്ന രാജീവ് തരംഗത്തിലും മധ്യപ്രദേശില്‍ ജനസംഘത്തിനും ബിജെപിക്കും വിജയത്തിന്റെ തരത്തില്‍ അല്പം ഇടിവുപറ്റിയതല്ലാതെ കരുത്ത് നഷ്ടപ്പെടാതിരുന്നത് കുശാഭാവു ഠാക്കറേയുടെ സംഘടനാ മികവുമൂലമായിരുന്നു. വസ്ത്രങ്ങള്‍ സ്വന്തമായി അലക്കിയുപയോഗിച്ച കുശാഭാവു എവിടെപ്പോയാലും അന്നാട്ടിലെ സഹപ്രവര്‍ത്തകരുടെ വീടുകളില്‍ അതിഥിയായല്ലാതെ കുടുംബാംഗമായി ഇടപഴകി. പാര്‍ട്ടി അധ്യക്ഷനെന്ന നിലയ്ക്ക് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഇവിടത്തെ പഴയ പ്രവര്‍ത്തകര്‍ മറന്നിട്ടുണ്ടാവില്ല.
അതുപോലത്തെ ആദ്യകാല പരിചിതരില്‍ ഇന്നുള്ള മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ കൈലാസ് ജോഷിയെ വസതിയില്‍ചെന്ന് പരിചയം പുതുക്കാനായി. പ്രായാധിക്യം പഴയ ഊര്‍ജസ്വലതയെ ചോര്‍ത്തിക്കളഞ്ഞുവെങ്കിലും പരിചയപ്പെട്ട്. ഏതാനും നിമിഷങ്ങള്‍കൊണ്ട് അദ്ദേഹം എല്ലാം ഓര്‍ത്തെടുത്തു. പ്യാരേലാല്‍ ഖണ്ഡേല്വാല്, വീരേന്ദ്രകുമാര്‍ സക്ലേഛ, മുസ്ലിം ഭൂരിപക്ഷ ജില്ലാ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ച് കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞ കൈലാസ് സാരംഗ് മുതലായവര്‍ ഇന്നില്ല. ബിജെപിയുടെയോ ആര്‍എസ്എസ്സിന്റെയോ സംസ്ഥാനതലത്തിലുള്ള ആരെയും കണ്ട് സൗഹൃദം പങ്കുവയ്ക്കാന്‍ സാധിച്ചില്ല എന്ന മനസ്താപം ബാക്കിയായി.
മൂന്ന് ദേശീയ പുരസ്കാരങ്ങളും നാലു സംസ്ഥാനതല പുരസ്കാരങ്ങളും പതിനാല് മേഖലാപുരസ്കാരങ്ങളുമാണ് ഭോപ്പാലിലെ ചടങ്ങില്‍ നല്കപ്പെട്ടത്. 2015-ലെയും 2016-ലെയും പുരസ്കാരങ്ങള്‍ അവിടെ സമ്മാനിക്കപ്പെട്ടു. ദേശീയ പുരസ്കാരങ്ങളില് ഒന്ന് ഹിന്ദിക്കും ഒന്ന് മറ്റു ഭാഷയ്ക്കുമാണ്. മലയാളം പത്രപ്രവര്‍ത്തനത്തിനു ചെയ്ത സംഭാവന പരിഗണിച്ചുള്ള 2016-ലെ പുരസ്കാരമാണ് ഈ ലേഖകന്‍ നല്കപ്പെട്ടത്. പത്തുവര്‍ഷം മുന്‍പ് ‘കേസരി’ വാരികയും 2016-ല്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവവും ഇതുപോലെ ഈ ലേഖകനെ സമ്മാനിതനാക്കി. അതിപ്രാചീനകാലത്തുതന്നെ മഹാപ്രതിഭാശാലികള്‍ സഞ്ചരിച്ച ഭോജപുരിയില് അനുഗൃഹീതമായ ഏതാനും നിമിഷങ്ങള്‍ അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യം നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: