നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമാണ് ജയരാജിനെ വീണ്ടും ഇന്ത്യയിലെ വലിയ സംവിധായകനാക്കിയത്. 98ല്‍ ജയരാജ് ഒരുക്കിയ കളിയാട്ടമാണ് മുമ്പ് ദേശീയപുരസ്കാരത്തിന് അര്‍ഹമായത്. അന്നും ഇന്ത്യയിലെ മികച്ച സംവിധായകനായി. വടക്കേമലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒഥല്ലോയുടെ കഥപറയുകയായിരുന്നു കളിയാട്ടത്തില്‍ ജയരാജ്. പുരസ്കാര നേട്ടത്തെക്കുറിച്ച് ജയരാജ് പറയുന്നതിങ്ങനെ:
”പുരസ്കാരങ്ങള്‍ എപ്പോഴും പ്രചോദനമാണ്. കലാമൂല്യമുള്ള കൂടുതല്‍ സിനിമകള്‍ ചെയ്യാനുള്ള പ്രചോദനം. നവരസ പരമ്പരയില്‍ ഇനി മൂന്ന് സിനിമകള്‍ കൂടിയുണ്ട്. അതു കൂടി പൂര്‍ത്തിയാവുമ്പോള്‍ എന്റെ വലിയൊരു ലക്ഷ്യമാണ് നിറവേറ്റപ്പെടുന്നത്. മലയാള സിനിമയ്ക്ക് പ്രത്യേകതകളേറെയുണ്ട്. മറ്റു ഭാഷകളിലെ സിനിമകളില്‍ സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റമാണ്. നമ്മള് ഉപയോഗിച്ചു വരുന്ന സാങ്കേതിക വിദ്യ കാലഹരണപ്പെട്ടതാണ്. അതുമായി നമുക്ക് മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാനാകില്ല. തനതായ സംസ്കാരവും പാരമ്പര്യവും കൊണ്ട് മാത്രമേ നമുക്ക് മറ്റുഭാഷാ ചിത്രങ്ങളോട് മത്സരിക്കാനാകൂ. മറ്റുള്ളവര്‍ക്ക് ഇല്ലാത്തതും ഈ പാരമ്പര്യമാണ്. ജീവിതത്തെ അടുത്തറിയുന്നതാണ് നമ്മുടെ സിനിമ. ജൂറി ചെയര്മാന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് മലയാളത്തെ പുകഴ്ത്താനുള്ള കാരണവും അതാണ്.”
2014ല്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം നേടിയ ഒറ്റാല് നവരസ പരമ്പരയിലെ നാലാമത്തെ ചിത്രമായിരുന്നു. അതിനുശേഷമാണ് വലിയ ബജറ്റില്‍ ‘വീരം’ ഒരുക്കുന്നത്. കോടികള്‍ ചെലവഴിച്ച് ഹോളിവുഡ് സാങ്കേതിക വിദ്യയോടെയാണ് വീരം ഒരുക്കിയത്. എന്നാല്‍ ചിത്രം സാമ്പത്തികമായി വലിയ പരാജയമായി. ഹാസ്യം, ശൃംഗാരം, രൗദ്രം എന്നീ ഭാവങ്ങളിലുള്ള ചലച്ചിത്രങ്ങളാണിനിയുള്ളത്.
”സാമ്പത്തികമായി വിജയിക്കുന്നതല്ല നല്ല സിനിമയുടെ ലക്ഷണം. എന്റെ പല സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടിട്ടുണ്ട്. അവയെല്ലാം മോശം സിനിമകളായിരുന്നില്ല. പൂര്‍ണ്ണ വാണിജ്യ സിനിമകള്‍ പലതും ഞാന്‍ ചെയ്തിട്ടുണ്ട്. അതില്‍ ഹിറ്റായ ചിത്രങ്ങളുമുണ്ട്. സംവിധായകന്റെ നിലനില്‍പ്പിന് ഹിറ്റ് സിനിമകള്‍ അത്യാവശ്യമാണ്. ഹിറ്റുകള്‍ ഉണ്ടായാലേ നമ്മളെക്കൊണ്ട് സിനിമ ചെയ്യിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകൂ. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ മനോഭാവമില്ല. കോടികള്‍ കൈയിലുള്ളവരുടെ ഒപ്പം ചേര്‍ന്നാലെ സിനിമയെടുക്കാനാകൂ എന്ന് ഞാന്‍ കരുതുന്നില്ല. നമുക്ക് പിന്തുണയാണ് ആവശ്യം. നമ്മുടെ മനസ്സിനൊപ്പം നില്ക്കുന്ന ഒരാളുടെ ശക്തമായ പിന്തുണ. നല്ല സിനിമ ചെയ്യുന്നതില്‍ പണം ഒരിക്കലും പ്രധാന ഘടകമേയല്ല”
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത കൂലിപ്പട്ടാളക്കാരുടെ വേദനയാണ് ഭയാനകത്തില്‍ ജയരാജ് അവതരിപ്പിക്കുന്നത്. രണ്ജിപണിക്കരൂടെ പോസ്റ്റ്മാനിലൂടെയാണ് ആ കഥ പറയുന്നത്. തകഴിയുടെ കയര്‍ എന്ന നോവലിന്റെ അടിസ്ഥാനത്തിലാണ് സിനിമ. ഭയം ആണു സ്ഥായീ ഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: