ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അടുത്ത ദിവസത്തെ ഒരു നിര്‍ദ്ദേശം ഏറെ ആശങ്കയുണ്ടാക്കുന്നതും അതീവ ശ്രദ്ധയാകര്‍ഷിക്കുന്നതുമാണ്. കറന്‍സി നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുമാണ് ഓര്‍മിപ്പിച്ചിരിക്കുന്നത്. ഇതങ്ങനെ സാധാരണഗതിയില്‍ നിസ്സാരമായി തള്ളാവുന്ന ഒന്നല്ല. സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശക്തമായ സാന്നിധ്യമായ നോട്ടുകളുടെ വിനിമയത്തില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളെക്കുറിച്ചുള്ളതാണിത്.
സാധാരണഗതിയില്‍ കറന്‍സികള്‍ ഏറെ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. മത്സ്യ- മാംസച്ചന്തകളില്‍ നിന്നുള്‍പ്പെടെ നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആരും അത്രകാര്യമാക്കുന്നില്ല. വൃത്തികെട്ട പരിസരങ്ങളിലും ഭക്ഷ്യപദാര്‍ഥങ്ങള്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ നിന്നും നോട്ടുകള്‍ കൈപ്പറ്റുമ്പോള്‍ ഒട്ടേറെ രോഗാണുക്കളാണ് അതില്‍ പറ്റിപ്പിടിച്ചിരിക്കുക. ഇതൊന്നും ശ്രദ്ധിക്കാതെ അവ കൈകാര്യം ചെയ്യുന്നു. ചിലപ്പോള്‍ നോട്ടെണ്ണുമ്പോള്‍ വായില്‍ കടിച്ചുപിടിക്കുന്ന സ്വഭാവവും മിക്കവര്‍ക്കുമുണ്ട്. പലയിടങ്ങളില്‍, പലസാഹചര്യങ്ങളില്‍ വിനിമയം ചെയ്യപ്പെടുന്ന നോട്ടുകള്‍ രോഗം പരത്താനുള്ള സുവര്‍ണ അവസരമാണ് ഒരുക്കുന്നത്.
ഇത്തരം സ്വഭാവം ഉപേക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനാണ് വഴിമരുന്നിടുകയെന്ന് സുരക്ഷാ അതോറിറ്റി ഓര്‍മിപ്പിക്കുന്നു. പല നോട്ടുകളിലും ഭക്ഷ്യ പദാര്‍ഥങ്ങളുടെയും മത്സ്യം, മാംസം, രക്തം എന്നിവയുടെയും അംശങ്ങള്‍ കാണാവുന്നതാണ്. ചിലര്‍ ബോധപൂര്‍വ്വമായി അങ്ങനെ നോട്ടുകള്‍ മലീമസപ്പെടുത്തുമ്പോള്‍ മറ്റ് സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായും അങ്ങനെയുണ്ടാകുന്നു. ഇങ്ങനെ ചെയ്യുമ്പോഴുണ്ടാകുന്ന അപകടത്തെക്കുറിച്ചാണ് അതോറിറ്റി മുന്നറിയിപ്പുനല്‍കിയിരിക്കുന്നത്.
അണുബാധയും അതുവഴി പല രോഗങ്ങള്‍ക്കും നോട്ടും നാണയവും കാരണമാകുമെന്ന് അതോറിറ്റി പറയുന്നു.വൃത്തിയും ശ്രദ്ധയുമില്ലാതെ ഇവ വാങ്ങുന്നതും കൊടുക്കുന്നതുമാണ് ഗുരുതരമായ പ്രതിസന്ധിക്ക് ഇടവെക്കുന്നത്. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ചിട്ടയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാരോട് അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യ കാര്യത്തില്‍ ഉള്‍പ്പെടെ മുന്‍പന്തിയില്‍ നില്ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലും അടുത്തകാലങ്ങളില്‍ വ്യാപകമായി രോഗങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടത് ഇതിനൊപ്പം കൂട്ടിവായിക്കണം.
ഒരുപക്ഷേ, ആരും കൂടുതല്‍ ശ്രദ്ധിക്കാത്ത ഒരു കാര്യമാവും ഇത്. പകര്‍ച്ചവ്യാധികളുടെ മൂലകാരണം അന്വേഷിച്ചുപോയാല്‍ എത്തിപ്പെടുന്നത് നാം ശ്രദ്ധിക്കാത്ത ഈ മേഖലയിലാവും. വലിയ തയ്യാറെടുപ്പുകളില്ലാതെ തന്നെ ഇത് കൈകാര്യം ചെയ്യാനാവും എന്നതത്രേ ശ്രദ്ധേയമായ കാര്യം. ആഹാരവും പണവും ഒന്നിച്ച് കൈകാര്യം ചെയ്യാതിരിക്കുക. ഹോട്ടലുകളിലും മറ്റും ആഹാരം കൈകാര്യം ചെയ്യുമ്പോള്‍ കൈയുറ ധരിക്കുക, നോട്ട് എണ്ണുമ്പോള്‍ വായില്‍ കടിച്ചുപിടിക്കാതിരിക്കുക, നോട്ടില്‍ ഭക്ഷണാംശമുള്പ്പെടെയുള്ളവ ശ്രദ്ധയില്‍ പെട്ടാല്‍ മാറ്റി വാങ്ങുകയോ വൃത്തിയാക്കുകയോ ചെയ്യുക എന്നീ കാര്യങ്ങള്‍ വേണ്ട വിധം ചെയ്താല്‍ അപകടഭീതി ഒഴിവാക്കാം. കുട്ടികള്‍ക്കിടയിലും ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തണം. എങ്കിലേ വളര്‍ന്നുവരുമ്പോള്‍ ഇതു സംബന്ധിച്ച ദുശ്ശീലം ഒഴിവാക്കൂ.
നാം തീരെ നിസ്സാരമായി കാണുന്ന പലതിലും ഇത്തരം അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടറിഞ്ഞ് ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ദുരന്തം ഒഴിവാക്കാം. എല്ലാ കാര്യത്തിലും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായാലേ പ്രവര്‍ത്തിക്കൂ എന്ന കാഴ്ചപ്പാടും മാറേണ്ടതാണ്. ഇത്തരം സംഭവഗതികളിലൊന്നും സര്‍ക്കാറിന്റെ ഇടപെടലിനായി കാത്തുനില്‍ക്കേണ്ടതില്ല. മാത്രവുമല്ല സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് പരിമിതിയുമുണ്ട്. ഇതൊക്കെ വ്യക്ത്യധിഷ്ഠിതമായ പെരുമാറ്റ രീതികളാണ്. അപകടം പടിവാതിക്കലെത്തുമ്പോള്‍ അലമുറയിടുന്നതിനുപകരം അങ്ങനെ വരാതിരിക്കാനാണ് ജാഗ്രത വേണ്ടത്. അതിനൊപ്പം സര്‍ക്കാറിന്റെ ബോധവല്‍ക്കരണം കൂടിയാവുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്നേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: