”ഗുരുവായൂര്‍ ഭഗവദ്ദര്‍ശനത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നുവെന്ന അഭ്യൂഹമോ തീരുമാനമോ എന്തൊക്കെയോ ഉണ്ടായിട്ടുള്ളത് ഭക്തരെ പൊതുവെ പ്രകോപിതരാക്കിയിരിക്കുന്നതായി കാണുന്നു. ആളൊന്നുക്കായിരംരൂപ എന്ന പരിപാടിയില്‍ നൊന്ത് അവര്‍ ദേവസ്വത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.
എന്തിനാണത്! അമ്പലത്തില്‍ നിത്യം പുരുഷാരമുള്ളപ്പോള് മതില്ക്കക്കകത്തെ വിശ്വാസിഗതാഗതം ഭേദപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തേണ്ടേ ചുമതലപ്പെട്ടവര്‍? ഭരണസമിതിക്ക് എന്റെ കൂപ്പുകൈ.
ഇനി, നമ്മള് പൊതുവെ പാവം ഹിന്ദുക്കളോട്:
ഇങ്ങനെ ഗുസ്തികൂടി നിര്‍വഹിക്കേണ്ടതാണോ ക്ഷേത്രദര്‍ശനം? കൊടുങ്ങല്ലൂരും കോഴഞ്ചേരിയിലും കൊയിലാണ്ടിയിലും ഒക്കെയുള്ള നിങ്ങളുടെ വീടിനടുത്ത് ഇല്ലാത്തതല്ലല്ലോ അമ്പലം? അതല്ലാ, ഗുരുവായുപുരത്തെ ഉണ്ണിക്കണ്ണനെത്തന്നെ തൊഴാനായി എത്രദൂരവും സഞ്ചരിച്ചെത്താന്‍ സന്തോഷമേയുള്ളൂവെങ്കില് ആല്‍ത്തറ തുടങ്ങിയുള്ള ഒടുങ്ങാക്യൂവിലെ ഉന്തും പിച്ചും പുഴുക്കവും തടസതാമസങ്ങളും ഒക്കെ ഭഗവാന്റെ പ്രസാദമായി കണക്കാക്കിക്കൂടെ? കാശുള്ളവര്‍ വിഐപി പാസെടുത്ത് വേറെ ചാലിലൂടെ അനര്‍ഗളം മുന്നേറുന്നത് നമ്മളെ എന്തിനുബാധിക്കണം എന്നങ്ങു ചിന്തിച്ചുകൂടെ? അപ്പോള്ത്തീരുന്ന പ്രശ്നമല്ലേയുള്ളൂ?
ഗുരുവായൂര്‍ ഞാന്‍ വല്ലപ്പോഴും പോവാറുണ്ട്: കല്യാണമുണ്ണാന്‍, ഉത്സവം കൂടാന്‍, കൃഷ്ണാട്ടം ചീട്ടാക്കാന്‍, ക്ലബ്ബുകഥകളി കാണാന്‍, സുഹൃത്തുക്കളുമായി സൊറയ്ക്കാന്, പടിഞ്ഞാറേനട ഹോട്ടലിലെ മസാലദോശ കഴിക്കാന്‍, പാട്ടുകാസറ്റ് വാങ്ങാന്‍, പെണ്‍കുട്ടികളെ നോക്കാന്‍…. ഉള്ളില്‍ക്കയറി തൊഴുതത് മുപ്പതുവര്‍ഷം മുമ്പാവണം: നീണ്ട തിരക്കില്‍ മണിക്കൂറുകളുടെ വിയര്‍പ്പില്‍ ശ്രീകോവിലിനു മുന്നിലെത്തിയതും മേല്മുണ്ടുയൂണിഫോമിട്ട വരിനോക്കിപ്രമാണി എന്നെ തള്ളിനീക്കി; ആകെ ദര്ശിക്കാനൊത്തത് ശാന്തിക്കാരന്റെ തറ്റിന്റെ പൃഷ്ഠഭാഗം. അകലെയല്ലാതെ, ചന്ദനമെറിയന് ഇരിക്കുന്ന ദേഹത്തിന് ഞാന്‍ കൊടുത്ത ദക്ഷിണ ബോധിക്കാഞ്ഞത് മുഖത്തു സ്പഷ്ടമായി.
‘ഏയ്, പഴേ ബുദ്ധിമുട്ടൊന്നുംപ്പല്ല്യ കുട്ട്യേ. ഗുര്യാര് ഫ്ളൈയോവറൊക്കെ വന്നയ്ക്കുണു,’ എന്ന് പറഞ്ഞുത്സാഹിപ്പിച്ചു കുറച്ചുവര്‍ഷം മുമ്പൊരു വല്യമ്മ. ഇവിടെ ദല്‍ഹിയില്‍ നിത്യം വണ്ടിയോട്ടുന്നത് അപ്പറഞ്ഞ പേരുള്ള മേല്പ്പാലത്തിലൂടെയാകയാല് കമ്പം തോന്നിയില്ല.
ഗുരുവായൂരമ്പലത്തിന്റെ കെട്ടിലുംമട്ടിലുമുള്ള കേരളീയതയെ വികൃതമാക്കുംവിധം വാര്‍ക്കപ്പുരകള്‍ ഏച്ചുകൂട്ടിയിട്ടു പതിറ്റാണ്ടു കുറച്ചായി. ഒരുതരം വൈദ്യുതാലംകൃത മാളില്‍ ചമഞ്ഞിങ്ങനെ നടക്കുന്ന അനുഭവംതരുന്ന കച്ചവടപ്പൊലിമ. അതുകൊണ്ടുകൂടിയാവണം ഇന്ത്യയിലെയും വിദേശത്തെയും മഹാനഗരങ്ങളില്‍ താമസിക്കുന്ന പലരും മലനാട്ടില്‍ അവധിക്കുവരുമ്പോള്‍ ഗുരുവായൂര്‍ തൊഴാന്‍ പ്രത്യേകം ആവേശം കാട്ടുന്നത് — അവരുടെ തറവാടിനു തൊട്ടുചേര്‍ന്നുള്ള വിശ്രാന്തിയമ്പലത്തിലേക്ക് ഒന്നെത്തിനോക്കുകപോലും ചെയ്യാതെ.
എന്റെ കൗമാരത്തില്‍ കാണാണാനിടയിട്ടുണ്ടൊരിക്കല് രണ്ടു മുതിര്ന്നവര്തമ്മിലുള്ള വാഗ്വാദം. തര്‍ക്കം ആറിത്തണുത്തപ്പോള്‍ അതിലൊരു കാരണവര്‍ പറഞ്ഞു: ‘എന്തൊക്കെയായാലും ഗുരുവായൂരപ്പനാണല്ലോ ഏറ്റവും വല്ല്യ ദൈവം. അതോണ്ട്….’
വാചകം മുഴുവനാക്കാന്‍ പഴുതുകൊടുത്തില്ല മറ്റെയാള്‍: ‘എനിക്കോ? അല്ല. എന്റെ ഉമ്മറപ്പടി കടന്നാലത്തെ മുളൂത്താവ് അയ്യപ്പസ്വാമി കഴിച്ചേ എനിക്കേതീശ്വരനുംള്ളൂ.’
ഇങ്ങനെ ഓരോ മലയാളിഹിന്ദുവിനും അഭിമാനമുണ്ടായാല്‍ ഇപ്പറയുന്ന ഗുരുവായൂരും രക്ഷപ്പെടും, മറ്റു ക്ഷേത്രങ്ങളും നന്നാവും. നമ്മുടെ മതവും കുറച്ചൊന്ന് നേരെയാവാനും മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: