കൊളംബോ: ഓരോ മത്സരം കഴിയുന്തോറും കരുത്താര്‍ജിച്ചുവരുന്ന രോഹിത് ശര്‍മയുടെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീം വിജയപ്രതീക്ഷയോടെ കലാശപ്പോരിനിറങ്ങുന്നു. നിദാഹസ് ട്രോഫി ത്രി രാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ഇന്ന് അയല്‍ക്കാരായ ബംഗ്ലാദേശുമായി കൊമ്പുകോര്‍ക്കും.
ആതിഥേയരായ ശ്രീലങ്കയെ അവസാന മത്സരത്തില്‍ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലില്‍ ഇന്ത്യയെ നേരിടാന്‍ യോഗ്യത നേടിയത്. മുഹമ്മദുള്ള പുറത്താകാതെ നേടിയ 43 റണ്‍സാണ് ബംഗ്ലാദേശിന് വിജയമൊരുക്കിയത്.160 റണ്‍സിന്റെ വിജയലക്ഷ്യത്തിനായി ബറ്റേന്തിയ അവര്‍ ഒരു പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം നേടുകയായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീം പിന്നെ ലീഗ് മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞിട്ടില്ല. റിട്ടേണ്‍ മത്സരത്തില്‍ ശ്രീലങ്കയോട് പകരം വീട്ടിയ ഇന്ത്യ ബംഗ്ലാദേശിനെ രണ്ട് തവണ കീഴടക്കുകയും ചെയതു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയം നേടി ആറു പോയിന്റുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ആദ്യ മത്സരങ്ങളില്‍ നിറംമങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ ഫോം വീണ്ടെടുത്തു. രോഹിത് 89 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കി. സുരേഷ് റെയ്ന 47 റണ്‍സ് നേടി ക്യാപ്റ്റന്‍ മികച്ച പിന്തുണ നല്കി. ധവാന് ,കാര്‍ത്തിക് , മനീഷ് പാണ്ഡ്യ എന്നിവരൊക്കെ ഫോമിലാണ്
ബൗളിങ്ങില്‍ വാഷിങ്ടണ്‍ സുന്ദര്‍, എസ് താക്കുര്‍ , യുവേന്ദ്ര ചഹല്‍ എന്നിവരാണ് ഇന്ത്യന്‍ ശക്തികള്‍. ഇതുവരെ നടന്ന മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റ് നേടിയ ഓഫ് സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ നിലവില്‍ ടൂര്‍ണമെന്റിലെ വിക്കറ്റ് കൊയ്ത്തില്‍ ഒന്നാമനാണ്.
സ്ഥിരം നായകന് ഷാക്കിബ് അല്‍ ഹസന് തിരിച്ചെത്തിയത് ശ്രീലങ്കയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. അവസാന മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണവര്‍. ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടിയ മുഷ്ഫിക്കര്‍ റഹിം, മുഹമ്മദുള്ള തുടങ്ങിയവരാണ് ബാറ്റിങ്ങില്‍ അവരുടെ ശക്തികേന്ദ്രങ്ങള്‍.ബംഗ്ലാദേശിന് ട്വന്റി 20 യില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.
ഇത് എട്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇന്ത്യ കളിച്ച പതിനൊന്നു മത്സരങ്ങളില്‍ ഒമ്പതെണ്ണത്തിലും വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: