കതിരൂര്‍ മനോജ് വധക്കേസില്‍ സുപ്രധാനമായ വിധിയാണ് ഇന്നലെ ഹൈക്കോടതിയില്‍ ഉണ്ടായത്. തനിക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ അനുമതി നിലനില്‍ക്കില്ലെന്നായിരുന്നു ജയരാജനടക്കമുള്ളവരുടെ വാദം.
കൊലചെയ്യപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുക, കൊലപാതകക്കേസിലെ പ്രതികളാരെന്ന ലിസ്റ്റ് തയ്യാറാക്കി പോലീസിന് നല്‍കുക, കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിക്കുക തുടങ്ങിയ കണ്ണൂര്‍ മോഡല്‍ ക്രമസമാധാന പാലനത്തിന് ഏറ്റ നിയമപരമായ ആഘാതമാണ് ഹൈക്കോടതി വിധി. കേസില്‍ യുഎപിഎ ചുമത്താന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അന്വേഷണ ഏജന്‍സികളുടെ നടപടിക്രമങ്ങളെയും, നിഷ്പക്ഷമായ അന്വേഷണത്തെയും ജനാധിപത്യവ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ഗുരുതരമായ സ്ഥിതിവിശേഷവും കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍ അതിന്റെ പ്രാഥമിക കര്‍ത്തവ്യം ലംഘിച്ച് വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സമീപനം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭൂഷണമല്ല.
ഇതുവരെയും അന്വേഷണങ്ങളുടെ പരിധിയില്പ്പെടാതെ സംരക്ഷിക്കപ്പെട്ടുപോന്ന നേതൃത്വം നിഷ്പക്ഷമായ അന്വേഷണത്തിന് മുമ്പില്‍ തുറന്നുകാട്ടപ്പെടുകയാണ്. യുഎപിഎ പ്രയോഗിച്ചതിനെ എതിര്‍ക്കാനുള്ള ബാലിശമായ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. നിയമവിരുദ്ധം മാത്രമല്ല, മനുഷ്യത്വവിരുദ്ധവുമാണ് കണ്ണൂരിലെ കൊലപാതക പരമ്പരകള്‍. രാഷ്ട്രീയ അസഹിഷ്ണുതയും പകയും വിദ്വേഷവും മുഖമുദ്രയാക്കി വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രാഷ്ട്രീയനേതൃത്വം ഇന്ന് പ്രതിക്കൂട്ടിലാണ്. പി. ജയരാജനടക്കമുള്ളവര്‍ അന്വേഷണ ഘട്ടത്തിലുണ്ടാവുന്ന നടപടികളില്‍ നിന്ന് കുതറിമാറാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് ഇതാദ്യമല്ല. നിയമനടപടികള്‍ക്ക് തടയിടുകയും നീട്ടിക്കൊണ്ടുപോവുകയും ചെയ്യുകയെന്ന തന്ത്രമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ ഹൈക്കോടതി വിധിയിലൂടെ ഇത് പരാജയപ്പെട്ടിരിക്കുകയാണ്.
സര്‍ക്കാരും ഇരകള്‍ക്കെതിരെ പ്രതികള്‍ക്കൊപ്പം നിലകൊള്ളുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതും ഇതാണ്. സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്ക്കുപരിയായി ജനക്ഷേമത്തെ കരുതി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരാണ് ക്രിമിനലുകളുടെ സംരക്ഷണത്തിനായി നിയമസംവിധാനത്തെ ഉപയോഗിക്കുന്നത്. പ്രോസിക്യൂഷന് സഹായകരമായി വര്‍ത്തിക്കേണ്ടതാണ് സര്‍ക്കാരിന്റെ നിലപാടുകള്‍. എന്നാല്‍ പ്രതിഭാഗത്തുള്ളവരുടെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഇടതുഭരണകാലത്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതുതന്നെയാണിത്. എന്നാല്‍ കാലം മാറിയെന്നും, തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യത്തിന് ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുന്നതിന് അതിരുകളുണ്ടെന്നും മനസ്സിലാക്കാതെയാണ് ഇപ്പോഴും ഇവര്‍ ജീവിക്കുന്നത്.
അന്വേഷണ ഏജന്‍സികളെ വരുതിയിലാക്കി തങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് കുറ്റപത്രം തയ്യാറാക്കി പ്രതികളെ സംരക്ഷിക്കുന്ന പാരമ്പര്യമുള്ളവരാണ് സിബിഐയുടെ നിലപാടുകള്‍ക്കെതിരെ രംഗത്ത് വരുന്നത്. ഇതിന് തക്ക മറുപടി ഹൈക്കോടതിയില്‍ നിന്നും ലഭിച്ചുകഴിഞ്ഞു. നിയമസംവിധാനവും ഭരണകൂടവും ആത്യന്തികമായി പൊതുജനക്ഷേമത്തിനായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. ഇരകളാക്കപ്പെടുന്നവര്‍ക്ക് അവസാന അത്താണിയാകേണ്ട ഇത്തരം സംവിധാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതാണ്. ഇതു വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഹൈക്കോടതി വിധി. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടേതുമാണെന്ന് തിരിച്ചറിയാന്‍ ഭരണകൂടത്തിന് കഴിയണം. അതല്ലെങ്കില്‍ ജനകീയ കോടതിയില്‍ നിന്ന് തിരിച്ചടിവാങ്ങേണ്ടിവരുമെന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: