ശാസ്ത്രവിഷയങ്ങളില്‍ CSIR-UGC യുടെ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണ്‍ 17 ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ (ജെആര്‍എഫ്) ഗവേഷണ പഠനത്തിനും സര്‍വ്വകലാശാലകളിലും കോളേജുകളിലും ലക്ചറര്‍ നിയമനത്തിനും (ലക്ചര്‍ഷിപ്പ്) ദേശീയതലത്തില്‍ യോഗ്യത നിര്‍ണ്ണയിക്കുന്നതിനാണ് പരീക്ഷ.
കെമിക്കല്‍ സയന്‍സസ്, എര്‍ത്ത്-അറ്റ്മോസ്ഫെറിക് ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.
55 % മാര്‍ക്കില്‍ കുറയാതെ എംഎസ്സി/ഇന്റിഗ്രേറ്റഡ് ബിഎസ്-എംഎസ്/ബിഎസ് (നാല് വര്‍ഷം) ബിടെക്/ബിഇ/ബിഫാര്‍മ/എംബിബിഎസ് ബിരുദം നേടിയിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്ഗ്ഗംഭിന്നശേഷിക്കാര് (പിഡബ്ല്യുഡി) എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 % മാര്‍ക്ക് മതി. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ജെആര്‍എഫ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പ്രായപരിധി 1.1.2018 ല്‍ 28 വയസാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ലക്ചറര്‍ഷിപ്പ് പരീക്ഷയെഴുതുന്നതിന് പ്രായപരിധിയില്ല.
പരീക്ഷാഫീസ്- ജനറല്‍ 1000 രൂപ. ഒബിസി നോണ്‍ ക്രീമിലെയര്‍- 500 രൂപ, എസ്സി/എസ്ടി/പിഡബ്ല്യുഡികാര്‍ക്ക് 250 രൂപ. നെറ്റ് ബാങ്കിംഗ്/ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് വഴി ഫീസ് അടയ്ക്കാം.
www.csirhrdg.res.in- ല്‍ മാര്‍ച്ച് 26 ന് മുമ്പായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. അപേക്ഷാനമ്പരോടുകൂടിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് റഫറന്‍സിനായി സൂക്ഷിക്കേണ്ടതാണ്. ഇ-അഡ്മിറ്റ് കാര്‍ഡ് ജൂണ്‍ ആദ്യവാരം ലഭിക്കും.
ജൂണ്‍ 17 ന് രാവിലെ 9 മുതല്‍ 12 മണിവരെയും ഉച്ചക്കുശേഷം 2 മുതല്‍ 5 മണിവരെയും രണ്ട് സെഷനുകളിലായി പരീക്ഷ നടത്തും. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 200 മാര്‍ക്കിന്റെ ഒറ്റപേപ്പര്‍. ഇതില്‍ എബിസി എന്നിങ്ങനെ 3 പാര്‍ട്ടുകളുണ്ടാവും. 3 മണിക്കൂര്‍ സമയം അനുവദിക്കും.
പാര്‍ട്ട് ‘എ’യില്‍ അഭിരുചി, ലോജിക്കല്‍ റീസണിംഗ്, ഗ്രാഫിക്കല്‍ അനാലിസിസ്, അനലിറ്റിക്കല്‍ ആന്റ് ന്യൂമറിക്കല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് കമ്പാരിസണ്‍, പസ്സില്സ്, സീരീയസ് ഫോര്മേഷന് മുതലായവയില്‍ പ്രാഗല്ഭ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും പൊതുവായിട്ടുള്ളതാണിത്.
പാര്‍ട്ട് ‘ബി’യില്‍ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര വിഷയത്തില്‍നിന്നുമാണ് ചോദ്യങ്ങള്‍. പാര്‍ട്ട് ‘സി’യില്‍ ശാസ്ത്രീയമായ അറിവ് പരിശോധിക്കുന്ന മൂല്യാധിഷ്ഠിത ചോദ്യങ്ങളുണ്ടാവും. ടെസ്റ്റ് സിലബസ് വെബ്സൈറ്റിലുണ്ട്. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദ്രാബാദ്, പൂണെ, ദല്‍ഹി, ലക്നൗ, വാരണാസി, റൂര്‍ക്കി, കൊല്‍ക്കത്ത എന്നിവ ടെസ്റ്റ് സെന്ററുകളില്‍പ്പെടും. കൂടുതല്‍ വിവരങ്ങള്‍ www.csirhrdg.res.in- ല്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: